റൂപേ കാർഡ് ഇനി ഒമാനിലും ഉപയോഗിക്കാം; കരാർ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യക്കാർക്ക് റൂപേ കാർഡും യു.പി.ഐ പ്ലാറ്റ്‌ഫോമും ഉപയോഗിക്കാൻ അവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച് നാഷൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഇന്റർനാഷനൽ പേയ്‌മെന്റ് ലിമിറ്റഡും സെൻട്രൽ ബാങ്ക് ഓഫ് ഒമാനും (സി.ബി.ഒ) കരാറിലെത്തി. ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് കരാറിലെത്തിയത്. സി.ബി.ഒയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് താഹിർ ബിൻ സലിം അൽ അമ്രിയും ഇന്റർനാഷനൽ പേയ്‌മെന്റ് ലിമിറ്റഡിന്റെ സി.ഇ.ഒ റിതേഷ് ശുക്ലയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ചടങ്ങിൽ വി. മുരളീധരന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘം, ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരങ്, ഇന്ത്യൻ സർക്കാരിന്‍റെയും സി.ബി.ഒയിലെയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ എസ്.ബി.ഐ, ഫെഡറൽ ബാങ്ക് തുടങ്ങിയ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങൾ നൽകുന്ന റൂപേ കർഡ് ഉപയോഗിച്ച് ഒമാനിലെ എ.ടി.എം. കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കാനും പി.ഒ.എസ്, ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ ഉപയോഗിക്കാനും കഴിയും. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പ്രാദേശിക ബാങ്കുകൾക്ക് നിർദേശം നൽകുന്നതിനനുസരിച്ച് മസ്കത്ത് ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ വരും മാസങ്ങളിൽ റൂപേ കാർഡ് ലഭ്യമാക്കി തുടങ്ങും.
ഇത്തരത്തിൽ നൽകുന്ന റൂപേ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലും പണമിടപാട് നടത്താൻ കഴിയും. പദ്ധതി പ്രാബല്യത്തിൽ വരുന്നതും മറ്റ് സർവിസ് ചാർജുകളെ കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ വരും ദിവസങ്ങളിലേ അറിയാൻ കഴിയുകയുള്ളു. വിസ, മാസ്റ്റർകാർഡ് തുടങ്ങിയ പേയ്മെന്റ് ഗേറ്റ്‌വേ സംവിധാനങ്ങൾക്ക് ബദലായാണ് ഇന്ത്യ സ്വന്തമായി റുപേ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പേയ്‌മെന്റ് സംവിധാനങ്ങളും സേവനങ്ങളും ബന്ധിപ്പിക്കുന്നതിനാണ് ഈ സഹകരണം ലക്ഷ്യമിടുന്നതെന്ന് സി.ബി.ഒയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് താഹിർ ബിൻ സലിം അൽ അമ്രി പറഞ്ഞു. ഇത് ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷനൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച തൽക്ഷണ പെയ്മെന്റ് സംവിധാനമാണ് യൂനിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ). ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരുന്ന സംവിധാനമാണിത്. പരമ്പരാഗത മൊബൈൽ വാലറ്റുകളിൽനിന്ന് വ്യത്യസ്തമായി ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചു മറ്റൊരു ബാങ്ക് അക്കൗണ്ടിൽ ഉടനടി നിക്ഷേപിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

