സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും വേദിയായി ‘രുചിമേളം 2025’
text_fieldsസുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം സംഘടിപ്പിച്ച ‘രുചിമേളം’ പരിപാടി
സുഹാർ: സുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം സംഘടിപ്പിച്ച ഫുഡ് ആൻഡ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ ‘രുചിമേളം 2025’ സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും വേദിയായി.
സുഹാർ ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന മേള നാട്ടിൻപുറത്തിന്റെ രുചിയും വൈവിധ്യവും വിളവെടുപ്പിന്റെ ഉത്സാഹവും ചേർന്ന മനോഹരമായ അനുഭവമായി മാറി. വിവിധ ദേശങ്ങളിലുള്ള മലയാളി കുടുംബങ്ങൾ പങ്കെടുത്ത ഈ വിരുന്നിൽ കേരളത്തിന്റെ പാരമ്പര്യവിഭവങ്ങൾ, നാടൻ സംഗീതം, കലാപരിപാടികൾ, കുട്ടികളുടെ ഗെയിമുകൾ തുടങ്ങിയവ ആകർഷണങ്ങളായി.
മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഇടവക വികാരി റവ. ഫാ. സാജു പാടാച്ചിറ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ജോഫി വർഗീസ്, ഫെസ്റ്റിവൽ കൺവീനർമാരായ ജെബി ഫിലിപ്പ് ജേക്കബ്, തോമസ് ജോഷ്വാ എന്നിവർ ആശംസ നേർന്നു. കേരളീയരുടെ ഗൃഹാതുരത്വത്തിന്റെ രുചിയോർമ്മകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന തട്ടുകടയും തട്ടുകട വിഭവങ്ങളായ തട്ട് ദോശ, ഓംലറ്റ്, ചെറുകടികൾ, കൂടാതെ കപ്പയും മീനും, പിടിയും കോഴിയും, കപ്പ ബിരിയാണി, നാടൻ പൊറോട്ട, ബീഫ് വിഭവങ്ങൾ, ബാർബെക്യു തുടങ്ങിയ ഒട്ടനവധി വിഭവങ്ങൾ ഫുഡ് ഫെസ്റ്റിൽ ഒരുക്കിയിരുന്നു. രുചിയുടെ നിറവിൽ പങ്കെടുത്തവർക്ക് നാടിന്റെ ഓർമകളിലേക്ക് മടങ്ങാനുള്ള അപൂർവ അവസരമായിരുന്നു ‘രുചിമേളം’. ഗായകരായ അനന്തപത്മനാഭൻ, റിഷാദ് ഗനി, ഷൈനി എന്നിവർ അവതരിപ്പിച്ച ഗാനസന്ധ്യ, അനൂപ് തെങ്ങുംകോട്, ജോസ് ചാക്കോ എന്നിവർ അവതരിപ്പിച്ച ഹാസ്യവിരുന്ന് എന്നിവ മേളക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

