എല്ലാം റിയൽ അല്ല; റിയൽ എസ്റ്റേറ്റ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
text_fieldsമസ്കത്ത്: ഒമാനിൽ വർധിച്ചുവരുന്ന റിയൽ എസ്റ്റേറ്റ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി). പ്രോപ്പർട്ടി കരാറുകളിൽ ഒപ്പിടുന്നതിന് മുമ്പ് പൗരന്മാരോടും താമസക്കാരോടും അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. വ്യാജ ഉടമസ്ഥാവകാശ രേഖകൾ നിർമിക്കുന്നത് മുതൽ വീട്ടുടമസ്ഥരായി വേഷംമാറി വാടക തട്ടിയെടുക്കുന്നതുവരെയുള്ള തട്ടിപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അപ്പാർട്ട്മെന്റുകൾ, വില്ലകൾ, അല്ലെങ്കിൽ വീടുകൾ വാടകക്കോ വിൽപനക്കോ ഉള്ള പരസ്യങ്ങൾ, റെസ്റ്റ് ഹൗസുകളോ ഷാലറ്റുകളോ കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്ന ഓഫറുകൾ എന്നിങ്ങനെയുള്ള രീതികളിലാണ് പ്രധാനമായും തട്ടിപ്പുകൾ കണ്ടുവരുന്നത്.
കുറ്റവാളികൾ പലപ്പോഴും വ്യാജ ഐ.ഡി കാർഡുകൾ, നിയമവിരുദ്ധ കരാറുകൾ, സ്റ്റാമ്പുകൾ എന്നിവ ഉപയോഗിക്കുകയും നിക്ഷേപങ്ങളുടെ മറവിൽ മുൻകൂർ പേയ്മെന്റുകൾ അഭ്യർഥിക്കുകയും ചെയ്യുന്നു. ഇരകളെ കരാറുകളിൽ ഒപ്പിടാനോ പണം കൈമാറാനോ പ്രേരിപ്പിക്കുന്നതിനായി അവർ സോഷ്യൽ എൻജിനീയറിങ് വളരെയധികം ഉപയോഗിക്കുകയും ചെയ്യുന്നു.
ഇത്തരം സംഭവങ്ങളുടെ ഇരകളാകാതിരിക്കാൻ അധികാരികൾ ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. വാടകക്കാരും വാങ്ങുന്നവരും സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒഴിവാക്കണം, സാധ്യമാകുമ്പോഴെല്ലാം നേരിട്ട് പ്രോപ്പർട്ടികൾ സന്ദർശിക്കണം, ഒപ്പിടുന്നതിന് മുമ്പ് എല്ലാ രേഖകളുടെയും സാധുത നന്നായി പരിശോധിക്കുക, വമ്പൻ ഓഫറുകൾ കണ്ട് പ്രലോഭനത്തൽ വീഴാതിരിക്കുക, ശരിയായ പരിശോധന കൂടാതെ മുൻകൂർ പണമടക്കൽ നടത്തരുതെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകി. എല്ലാ രേഖകളും പരിശോധിച്ച് ജാഗ്രതപാലിക്കണമെന്നും ഇരകളയോ സംശയാസ്പദമായ കേസുകളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 800-77-444 എന്ന ഹോട്ട്ലൈൻ വഴിയോ അറിയിക്കണമെന്നും ആർ.ഒ.പി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

