ഇലക്ട്രോണിക് ബ്ലാക്ക് മെയിലിങ്: മുന്നറിയിപ്പുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: ഇലക്ട്രോണിക് ബ്ലാക്ക്‌മെയിലിങ്ങിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) മുന്നറിയിപ്പ് നൽകി. ഇത്തരം കെണികളിൽ അകപ്പെടുന്നവർ ഭീഷണിപ്പെടുത്തുന്നവർക്ക് ഒരു കാരണവശാലും വഴങ്ങരുതെന്നും സംഭവങ്ങൾ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ആർ.ഒ.പി അഭ്യർഥിച്ചു.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ, ചിത്രങ്ങൾ, അല്ലെങ്കിൽ വീഡിയോകൾ എന്നിവ കൈക്കലാക്കി, അവ ദുരുപയോഗം ചെയ്യുമെന്നോ പരസ്യപ്പെടുത്തുമെന്നോ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇലക്ട്രോണിക് ബ്ലാക്ക്‌മെയിലിങ്. വ്യാജ അക്കൗണ്ടുകൾ, ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ, അല്ലെങ്കിൽ പഴയ ചോർന്ന വിവരങ്ങൾ എന്നിവ ഉപയോഗിച്ചാണ് കുറ്റവാളികൾ ഇരകളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത്.
പണം ആവശ്യപ്പെടുക, കൂടുതൽ ചിത്രങ്ങളോ വീഡിയോകളോ ആവശ്യപ്പെടുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാൻ നിർബന്ധിക്കുക, അല്ലെങ്കിൽ ഇരകളെ പൂർണമായി നിയന്ത്രണത്തിലാക്കുക എന്നിവയാണ് ബ്ലാക്ക്‌മെയിൽ ചെയ്യുന്നവരുടെ പ്രധാന ലക്ഷ്യങ്ങൾ. ഇത്തരം ഭീഷണികൾ നേരിടുന്നവരിൽ പ്രകടമായ സ്വഭാവ വ്യത്യാസങ്ങൾ, അസാധാരണമായ സാമ്പത്തിക പ്രതിസന്ധികൾ, കടുത്ത മാനസിക വിഷമങ്ങൾ എന്നിവ കാണപ്പെടാറുണ്ടെന്ന് ആർ.ഒ.പി ചൂണ്ടിക്കാട്ടി.
ബ്ലാക്ക്‌മെയിൽ ചെയ്യുന്നവരുമായി ഒരുവിധ ചർച്ചകൾക്കും മുതിരരുത്. ഇത് അവർക്ക് കൂടുതൽ തുകയോ കാര്യങ്ങളോ ആവശ്യപ്പെടാൻ ധൈര്യം നൽകും. ഭീഷണി സന്ദേശങ്ങൾ, ചിത്രങ്ങൾ, അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും ഇരകൾ സുരക്ഷിതമായി സൂക്ഷിക്കണം. അന്വേഷണത്തെ സഹായിക്കുന്ന ചാറ്റുകളോ മറ്റ് ഡിജിറ്റൽ രേഖകളോ ഡിലീറ്റ് ചെയ്യരുതെന്നും പോലീസ് നിർദേശിച്ചു. ഡിജിറ്റൽ ഭീഷണികൾ നേരിടുന്നവർക്ക് സഹായത്തിനും വിവരങ്ങൾ അറിയിക്കുന്നതിനുമായി റോയൽ ഒമാൻ പോലീസിന്റെ 80077444 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

