സ്വദേശികൾക്കും സ്വകാര്യമേഖലക്കും സാമ്പത്തിക സഹായത്തിന് രാജകീയ ഉത്തരവ്
text_fieldsമസ്കത്ത്: 2021ൽ സ്വദേശികൾക്കും സ്വകാര്യമേഖലക്കും സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ചുള്ള സുൽത്താൻ ഹൈതം ബിൻ ത്വാരീഖിെൻറ ഉത്തരവ് സാമ്പത്തിക മന്ത്രാലയം പ്രഖ്യാപിച്ചു. സ്വദേശികൾക്കും സ്വകാര്യമേഖലക്കും വൻ സാമ്പത്തിക സഹായമാണ് പ്രഖ്യാപനത്തിലുള്ളത്. സ്വദേശികൾക്ക് വീട് നിർമാണത്തിന് നൽകുന്ന വായ്പാ തുക വർധിപ്പിച്ചതാണ് പാക്കേജിൽ പ്രധാനപ്പെട്ടത്.
ഒമാൻ ഹൗസിങ് ബാങ്കിന് വാർഷിക വായ്പക്കായി നൽകുന്ന തുകയാണ് വർധിപ്പിച്ചത്. വീട് നിർമാണ വായ്പ ഇനത്തിൽ 100 ദശലക്ഷം റിയാലാണ് നൽകുക. 2020ൽ 60 ദശലക്ഷം റിയാലാണ് സർക്കാർ ഇൗ വിഭാഗത്തിൽ നൽകിയിരുന്നത്. ഇതനുസരിച്ച് 2021ൽ 2,250 പേർക്കാണ് വീട് നിർമാണത്തിന് വായ്പ ലഭിക്കുക. 2020ൽ 1350 സ്വദേശികൾക്കാണ് വായ്പ ലഭിച്ചത്. ഇത് വീട് നിർമാണ വായ്പക്കുള്ള കാത്തിരിപ്പ് കുറക്കാൻ സഹായകമാവും. അതോടൊപ്പം വീട് നിർമാണത്തിന് സ്ഥലം അനുവദിച്ചും സർക്കാർ ഉത്തരവിട്ടു. 2021ൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ 23,000 വീടുകൾ നിർമിക്കാനുള്ള ഭൂമിയാണ് പാർപ്പിട മന്ത്രാലയം അനുവദിക്കുക.
ഒമാൻ ഡെവലപ്മെൻറ് ബാങ്കിൽനിന്ന് വായ്പയെടുത്ത ചെറുകിട ഇടത്തരം സംരംഭകരുടെ പലിശയിൽ ഒരു വർഷത്തേക്ക് ഇളവ് നൽകുന്നതും പാക്കേജിലുണ്ട്. ഇതിെൻറ ആനുകൂല്യം 32,104 സംരംഭകർക്കും സ്ഥാപനങ്ങൾക്കും ലഭിക്കും.
1,09,30,432 റിയാലാണ് ഇൗ വിഭാഗത്തിൽ അനുവദിക്കുന്നത്. ഒമാൻ െഡവലപ്മെൻറ് ബാങ്കിൽ നിന്ന് വായ്പയെടുത്ത ചെറുകിട സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കാൻ പാക്കേജ് സഹായകമാവും.
2021 ജനുവരി ഒന്നുമുതൽ ആരംഭിക്കുന്ന സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ചെറുകിട സ്ഥാപനങ്ങളുടെ എല്ലാ ലൈസൻസ് ഫീസുകളും അടുത്ത മൂന്നുവർഷത്തേക്ക് പൂർണമായി ഒഴിവാക്കാനും പാക്കേജിൽ നിർദേശമുണ്ട്. ഒമാനികൾ കമ്പനികളുടെ ഉടമകളും മുഴുസമയ മാനേജർമാരും റിയാദ കാർഡ് ഉടമകളായവർക്കുമാണ് ആനുകൂല്യം ലഭിക്കുക.
വ്യവസായം, ഗതാഗതം, ടൂറിസം, ലോജിസ്റ്റിക്, കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും ഫീസ് ഇളവ് ആനുകൂല്യം ലഭിക്കും.
വാടക കരാർ ഫീസുകൾ അഞ്ചു ശതമാനത്തിൽനിന്ന് മൂന്നു ശതമാനമായി കുറക്കാനും പാക്കേജിൽ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

