പൂക്കൾ...പനിനീർ പൂക്കൾ...
text_fieldsജബൽ അഖ്ദറിൽ പൂവിരിഞ്ഞു നിൽക്കുന്ന റോസാപൂക്കൾ
മസ്കത്ത്: ഒമാനിലെ ഊട്ടിയായ ജബൽ അഖ്ദറിനെ നിറമണിയിച്ച് പനിനീർ പൂത്തു. മാർച്ച് മുതൽ ആരംഭിക്കുന്ന പൂക്കാലം ഏപ്രിലാണ് ഉയർന്ന ഉൽപാദനത്തിലെത്തുന്നത്. മേയ് ആദ്യത്തോടെ സീസൺ അവസാനിക്കുകയും ചെയ്യും.
ജബൽ അഖ്ദറിൽ പരമ്പരാഗതമായി ഉൽപാദിപ്പിക്കുന്ന റോസ് വാട്ടർ ഒമാനിലെ എല്ലാ സ്വദേശി വീടുകളിലും കാണാനാവും. പനിനീർ നട്ടു വളർത്തലും പൂക്കളിൽ റോസ് വാട്ടർ ഉൽപാദിപ്പിക്കലുമൊക്കെ ജബൽ അഖ്ദറിലെ കർഷകരുടെ പ്രധാന വരുമാന മാർഗമാണ്.
അൽ ഐൻ, അൽ ശുറൈജ, സൈഖ്, അൽ ഖാഷാ എന്നീ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ പനിനീർ കൃഷി നടക്കുന്നത്. ഇവിടെ ഏഴ് ഏക്കറിൽ അയ്യായിരത്തിൽ പരം പനിനീർ ചെടികളുണ്ട്. ഒരു ഏക്കറിൽനിന്ന് നാലായിരം ലിറ്റർ റോസ് വാട്ടർ ഉൽപാദിപ്പിക്കാനാവും.
മൊത്തം 28,000 ലിറ്റർ റോസ് വാട്ടറാണ് ജബൽ അഖ്ദറിൽ ഒരു സീസണിൽനിന്ന് ഉൽപാദിപ്പിക്കാൻ കഴിയുന്നത്. കർഷകർക്ക് റോസ് വാട്ടൽ ഉൽപാദനത്തിന് ഉപയോഗിക്കുന്ന പരമ്പരാഗത രീതിക്ക് പകരം എണ്ണ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്നു ശുദ്ധീകരണ യന്ത്രം നൽകിയതായി ജബൽ അഖ്ദർ കാർഷിക വിഭാഗം ഡയറക്ടർ സാലിം ബിൻ റാഷിദ് അൽ തൂബി പറഞ്ഞു. ഇവ ഉൽപാദിപ്പിക്കുന്നതിനും കൃഷിക്ക് വളം നൽകുന്നതടക്കമള്ള വിഷയങ്ങളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചതായും അൽ തൂബി പറഞ്ഞു. പുതിയ യന്ത്രം റോസ് വാട്ടർ ഉൽപാദനം വേഗത്തിലാക്കുമെങ്കിലും പരമ്പരാഗത രീതിയിലുള്ള നിർമാണമാണ് ഒമാൻ റോസ് വാട്ടറിെൻറ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നത്. നുറ്റാണ്ടുകളായിതുടർന്നുവരുന്നതാണ് നിലവിലെ രീതി.
പനിനീർ പൂ വിരിയാൻ തുടങ്ങുമ്പോൾതന്നെ പൂ പറിച്ചെടുക്കാൻ തുടങ്ങും. അതിരാവിലെയും വൈകുന്നേരവുമാണ് പുക്കൾ പറിക്കുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും പൂപറിക്കുന്നതിൽ പങ്കാളികളാവും. പൂ ശേഖരിച്ച ശേഷം പ്രത്യേക ഫാക്ടറികളിലാണ് റോസ് വാട്ടർ ഉൽപാദിപ്പിക്കുന്നത്. മണ്ണ്, കല്ല് എന്നിവകൊണ്ട് നിർമിച്ചതാണ് ഇൗ ഫാക്ടറി.
ശുദ്ധീകരിച്ച പൂവ് ബാഷ്പീകരിച്ചാണ് റോസ് വാട്ടർ ഉൽപാദിപ്പിക്കുന്നത്. ഇതിന് നാലു മണിക്കൂർ സമയം എടുക്കും. സീസൺ കാലം മുഴുവൻ ഇൗ പ്രക്രിയ നടക്കും. ഇങ്ങനെ ലഭിക്കുന്ന അസംസ്കൃത റോസ് വാട്ടർ ഒരു മാസം മുതൽ 40 ദിവസം വരെ ശുദ്ധീകരത്തിനായി സൂക്ഷിച്ച് വെക്കും. മൂന്നു മാസത്തോളം പ്രത്യേക പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത്.
പിന്നീട് കുപ്പികളിലായി പ്രാദേശിക മാർക്കറ്റിൽ വിതരണം ചെയ്യും. 750 മില്ലി കുപ്പിക്ക് എട്ട് മുതൽ 10 റിയാൽ വരെയാണ് വില. ജബൽ അഖ്ദറിലെ പൂക്കാലം കാണാനും റോസ് വാട്ടൽ ഉൽപാദിപ്പിക്കുന്ന പരമ്പരാഗത രീതി അടുത്തറിയാനും നിരവധി വിനോദ സഞ്ചാരികളാണ് ദിവസവും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

