Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്: വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ആർ.ഒ.പി

text_fields
bookmark_border
ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്: വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ആർ.ഒ.പി
cancel

മസ്‌കത്ത്: ഒമാനിൽ ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് വാഗ്ദാനം ചെയ്തുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്നും സൈബർ തട്ടിപ്പിന്റെ ഭാഗമാണെന്നും റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ സന്ദേശങ്ങളോടും പരസ്യങ്ങളോടും ആരും പ്രതികരിക്കരുതെന്ന് പൊലീസ് കർശനമായി നിർദ്ദേശിച്ചു.

വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തുന്നതിനായി തട്ടിപ്പുകാർ രൂപകൽപന ചെയ്ത വ്യാജ ലിങ്കുകളും വെബ്‌സൈറ്റുകളും ഇത്തരം സന്ദേശങ്ങളിൽ ഉണ്ടാകാം. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഔദ്യോഗികമല്ലാത്ത സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ വിശ്വസിക്കുകയോ ചെയ്യരുത്. ട്രാഫിക് പിഴകളുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ റോയൽ ഒമാൻ പോലീസിന്റെ ഔദ്യോഗിക ചാനലുകൾ വഴി മാത്രം പരിശോധിച്ച് ഉറപ്പുവരുത്തണം.

സംശയാസ്പദമായ സന്ദേശങ്ങളോ ലിങ്കുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ആർ.ഒ.പി അഭ്യർഥിച്ചു.ട്രാഫിക് പിഴകൾ അടക്കാനുണ്ടെന്ന് കാണിച്ച് മൊബൈൽ ഫോണുകളിൽ എത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെയും റോയൽ ഒമാൻ പൊലീസ് കഴിഞ്ഞ ദിവസം ജാഗ്രതാ നിർദേശം നൽകിയിരുന്നു. ട്രാഫിക് പിഴ അടക്കാനുണ്ടെന്നും 12 മണിക്കൂറിനകം പണം അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നുമാണ് ഇത്തരം വ്യാജ സന്ദേശങ്ങളിൽ പറയുന്നത്.

ഇതിനായി ഒരു അനധികൃത ലിങ്കും സന്ദേശത്തോടൊപ്പം നൽകിയിട്ടുണ്ടാകും. ഇവ പൂർണമായും ഇലക്ട്രോണിക് തട്ടിപ്പിന്റെ ഭാഗമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. ട്രാഫിക് പിഴകളെക്കുറിച്ചുള്ള വിവരങ്ങൾ റോയൽ ഒമാൻ പൊലീസിന്റെ ഔദ്യോഗിക ചാനലുകൾ വഴി മാത്രം പരിശോധിക്കണമെന്നും സംശയാസ്പദമായ സന്ദേശങ്ങളോ ലിങ്കുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷാ ഏജൻസികളെ വിവരമറിയിക്കണമെന്നും ആർ.ഒ.പി അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 50 percent discount on traffic fines ROP warns against fake messages
Next Story