വാർഷിക ദിനാഘോഷവുമായി ആർ.ഒ.പി
text_fieldsനിസ്വയിൽ നടന്ന റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി)യുടെ വാർഷിക ദിനാഘോഷത്തിൽ അശ്വാരൂഢ സേനയുടെ പരേഡിൽനിന്ന്
നിസ്വ: റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി)യുടെ വാർഷിക ദിനാഘോഷം തിങ്കളാഴ്ച നടന്നു. എല്ലാ വർഷവും ജനുവരി അഞ്ചിനാണ് ആർ.ഒ.പി ദിനം ആചരിക്കുന്നത്. സംസ്ഥാന കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുൽമാലിക് അബ്ദുല്ല ആൽ ഖലീലി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിന്റെ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ 58ാമത് സ്പെഷലൈസ്ഡ് ഓഫിസർ കേഡറ്റുകൾ, 57ാമത് സർവകലാശാല ഓഫിസർ കേഡറ്റുകൾ, 12ാമത് സർവിസ് സിസ്റ്റം ഓഫിസർ കേഡറ്റുകൾ, ഓഫിസർ സ്കിൽസ് ക്വാളിഫിക്കേഷൻ ആൻഡ് ഡെവലപ്മെന്റ് കോഴ്സ് ആഭ്യന്തര സുരക്ഷാ സേവനം, റോയൽ കോടതി കാര്യാലയം തുടങ്ങിയവയുടെ ബിരുദദാനം നടന്നു.
റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി)യുടെ വാർഷിക ദിനാഘോഷത്തിൽ നടന്ന പരേഡ്
വ്യോമയാന എൻജിനീയറിങ്, സമുദ്ര നാവിഗേഷൻ, ജിയോഫിസിക്സ്, ലോജിസ്റ്റിക്സ്, ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റംസ്, ബയോടെക്നോളജി, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫയർ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, സൈബർ സുരക്ഷ, ക്രിമിനോളജി, ക്രിമിനൽ ജസ്റ്റിസ് തുടങ്ങി വിവിധ മേഖലകളിലാണ് ബിരുദം നൽകിയത്.
സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിന്റെ പതാക കൈമാറ്റ ചടങ്ങ് നടന്നു. ശേഷം ബിരുദധാരികൾ ആർ.ഒ.പി ഗാനം ‘ഹുമാത് അൽ ഹഖ്’ ആലപിക്കുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
ആർ.ഒ.പി അശ്വാരൂഢ സേനയുടെ പരേഡും റോയൽ ഒമാൻ പൊലീസ് ബാൻഡിന്റെ സംഗീത അവതരണങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിനിടെ 2025ലെ റോയൽ ഒമാൻ പൊലീസ് അവാർഡുകളുടെ വിജയികളെയും പ്രഖ്യാപിച്ചു.
ട്രാഫിക് സേഫ്റ്റി മത്സരത്തിൽ നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് ഒന്നാം സ്ഥാനം നേടി. ആർ.ഒ.പി ഇൻഫൻട്രി മത്സരത്തിൽ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസ് ഒന്നാമതെത്തി., ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ മത്സരത്തിൽ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ഒന്നാം സ്ഥാനം നേടി. സുരക്ഷാ ഗവേഷണ മത്സരത്തിൽ, ഡോ. മൊസ അബ്ദുല്ല അൽ മഖ്ബാലിയും ഡോ. യൂസ്ര മുഹമ്മദ് അൽ മുഗൈരിയും ഒന്നാം സ്ഥാനം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

