രോഹെൻറ മൃതദേഹം മസ്കത്തിൽ ദഹിപ്പിച്ചു; ഭൗതികാവശിഷ്ടം നാട്ടിൽ സംസ്കരിക്കും
text_fieldsരോഹൻ
മസ്കത്ത്: ഒമാനിൽ ആദ്യമായി ഒരു ക്രൈസ്തവ വിശ്വാസിയുടെ മൃതശരീരം ദഹിപ്പിച്ചു. കഴിഞ്ഞ ദിവസം മരിച്ച പത്തനംതിട്ട മാക്കാംകുന്ന് പ്രതീക്ഷാ ഭവനിൽ രോഹൻ വർഗീസ് വിൽസെൻറ(33) മൃതദേഹമാണ് സോഹാറിലെ ഹിന്ദു മഹാജൻ സഭയുടെ ശ്മശാനത്തിൽ ദഹിപ്പിച്ചത്. കോവിഡ് ബാധിച്ചതിനെത്തുടർന്നാണ് േരാഹൻ മരിച്ചത്. ഓർത്തഡോക്സ് സഭാംഗമായ രോഹെൻറ സംസ്കാര ശുഷ്രൂഷകൾക്ക് സോഹാർ സെൻറ് ജോർജ് ഇടവക വികാരി ഫാ. സിജിൻ മാത്യു കാർമികത്വം വഹിച്ചു.
ഭൗതികാവശിഷ്ടം നാട്ടിലെത്തിച്ച് ആചാരപ്രകാരം തുടർന്നുള്ള സംസ്കാര ശുശ്രൂഷകർമങ്ങൾ നിർവഹിച്ച് മാതൃദേവാലയമായ മാക്കാംകുന്ന് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും. ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചാൽ മൃതശരീരം നാട്ടിൽ കൊണ്ടുപോകുന്നതിന് അനുവാദമില്ല, പ്രോട്ടോകോൾ പാലിച്ച് ഇവിടെത്തന്നെ സംസ്കരിക്കണം. നാട്ടിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ക്രൈസ്തവ വിശ്വാസികളെ പ്രോട്ടോകോൾ അനുസരിച്ച് ദഹിപ്പിച്ചശേഷം ഭൗതികാവശിഷ്ടം കുടുംബ കല്ലറയിൽ സംസ്കരിക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. മിക്ക ക്രിസ്ത്യൻ സഭകളും ഇതിന് അനുവാദം നൽകിയിട്ടുമുണ്ട്. എന്നാൽ ഒമാനിൽ ആദ്യമായാണ് പരമ്പരാഗത ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഉപരിയായി ഇത്തരത്തില്‍ സംസ്കാരം നടത്തുന്നത്.
നേരത്തെ കോവിഡ് ബാധിച്ചു മരിച്ച ക്രൈസ്തവ വിശ്വാസികളെ മസ്കത്തിലെ ഖുറം റാസ് അൽ ഹംറ സെമിത്തേരിയിലായിരുന്നു സംസ്കരിച്ചിരുന്നത്.ഉറ്റവർക്കും ബന്ധുമിത്രാദികൾക്കും മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തത് തീരാനൊമ്പരമായിരുന്നു. ചില ക്രൈസ്തവ സഭകളുടെ വിശ്വാസപ്രകാരം മരണാനന്തര കർമങ്ങളും പിന്നീടുള്ള ഓർമ പ്രാർഥനകളും ഖബറിടത്തിലെ ധൂപാർപ്പണവുമൊക്കെ അതീവ പ്രാധാന്യമുള്ളതാണ്. പ്രിയപ്പെട്ടവർ അന്ത്യവിശ്രമം കൊള്ളുന്ന ഇടവുമായി വൈകാരികമായ അടുപ്പമാണ് എന്നും കാത്തു സൂക്ഷിക്കുന്നത്.
മകെൻറ ഭൗതികാവശിഷ്ടം നാട്ടിലെത്തിച്ച് സ്ംസ്കരിക്കാനുള്ള മാതാപിതാക്കളുടെ തീരുമാനത്തിനു പിന്നിലും ഈ വൈകാരികതയായിരുന്നു.പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ റിട്ട. പ്രഫ. വിൽസൺ വർക്കിയുടേയും എസ്.ബി.ഐ അസി. മാനേജർ (റിട്ട.) ഷേർലി തോമസിെൻറയും മകനാണ് രോഹൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

