റോഡ് സുരക്ഷ; മസ്കത്തിൽ 12 പാലങ്ങളുടെ നവീകരണം തുടങ്ങി
text_fieldsമസ്കത്ത് മുനിസിപ്പാലിറ്റിക്ക് കീഴിൽ നടക്കുന്ന പാലം നവീകരണ പ്രവൃത്തി
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ഗതാഗത സുരക്ഷയും റോഡ് അടിസ്ഥാനസൗകര്യങ്ങളുടെ കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി മസ്കത്ത് മുനിസിപ്പാലിറ്റി 12 പാലങ്ങളുടെ നവീകരണ പദ്ധതി ആരംഭിച്ചു.
ഉന്നത നിലവാരവും സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് വിവിധ സ്ഥലങ്ങളിലുള്ള 12 പാലങ്ങൾ ഉൾക്കൊള്ളുന്ന നവീകരണ പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ആറ് പാലങ്ങളുടെ നവീകരണം പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ മറ്റ് ആറു പാലങ്ങളുടെ നവീകരണവും നടക്കും.
കേടുപാടുകൾ ഉണ്ടായ കോൺക്രീറ്റ് ഭാഗങ്ങളുടെ അറ്റകുറ്റപ്പണിയാണ് പ്രവൃത്തിയിൽ പ്രധാനം. പാലങ്ങളുടെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കലും ഇതോടൊപ്പം നടക്കുന്നുണ്ട്.
പാലങ്ങളുടെ സുരക്ഷ, പാലത്തിന്റെ ഘടനയിലെ കാര്യക്ഷമത, സേവന കാലാവധി എന്നിവ മെച്ചപ്പെടുത്തുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
പാലം നവീകരണ പ്രവൃത്തി കാരണം റോഡ് ഗതാഗതത്തിൽ തടസ്സം വരാതിരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് പ്രവൃത്തികൾ നടത്തുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങൾ സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

