ദോഫാറിൽ 14 ദശലക്ഷം റിയാൽ ചെലവിൽ റോഡ് നവീകരണം
text_fieldsദോഫാർ ഗവർണറേറ്റിൽ നവീകരണ പദ്ധതികൾ പുരോഗമിക്കുന്ന കടൽത്തീര പാതകൾ
സലാല: ദോഫാർ ഗവർണറേറ്റിലെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനും യാത്രാ സുരക്ഷ വർധിപ്പിക്കുന്നതിനുമായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം 14 മില്യൻ ഒമാനി റിയാൽ ചെലവിൽ ഏഴ് റോഡ് പരിപാലന-നവീകരണ പദ്ധതികൾ നടപ്പാക്കുന്നു. ഏകദേശം 168 കിലോമീറ്റർ നീളത്തിലാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിൽ ഒരു പദ്ധതി ഈ വർഷം ആദ്യ പാദത്തിൽ പൂർത്തിയായി. മറ്റ് നാല് പദ്ധതികൾ ഈ വർഷം അവസാന പാദത്തിലും, ആറാമത്തെ പദ്ധതി അടുത്ത വർഷം ആദ്യ പാദത്തിലും, ഏഴാമത്തെ പദ്ധതി 2028-ന്റെ രണ്ടാം പാദത്തിലും പൂർത്തിയാക്കുകയാണ് ലക്ഷ്യം.
12,80,000 റിയാൽ ചെലവിൽ 30 കിലോമീറ്റർ നീളമുള്ള താവി അതീർ - വാദി റഖ - ജിബ്ജാത് റോഡിന്റെ നവീകരണമാണ് ഈ വർഷം ആദ്യ പാദത്തിൽ മന്ത്രാലയം പൂർത്തിയാക്കി ഏറ്റെടുത്തതെന്ന് ദോഫാർ ഗവർണറേറ്റിലെ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ജനറൽ എൻജിനീയർ സഈദ് മുഹമ്മദ് തബൂക്ക് ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
കൂടാതെ പടിഞ്ഞാറൻ ദോഫാറിലെ റാഖ്യൂത്ത്, ദൽകൂത്ത് വിലായത്തുകളെ ബന്ധിപ്പിക്കുന്ന 20 കിലോമീറ്റർ നീളമുള്ള പുതിയ തീരദേശ മൺറോഡിന്റെ നിർമാണം 7,00,000 റിയാൽ ചെലവിൽ പൂർത്തിയാക്കി. ഇത് ഇരു വിലായത്തുകളും തമ്മിലുള്ള ദൂരം 60 കിലോമീറ്ററിൽ നിന്ന് 20 കിലോമീറ്ററായി കുറച്ചു. ഈ റോഡ് ഭാവിയിൽ ടാർ ചെയ്യുന്നതിനുള്ള ബജറ്റ് നടപടികൾ പുരോഗമിക്കുകയാണ്.
42 കിലോമീറ്റർ നീളമുള്ള മദീനത്തുൽ ഹഖ് - ജബൽ യൂർ - താവി അതീർ - വാദി ദർബാത്ത് റോഡ് പദ്ധതിയുടെ 40 ശതമാനത്തോളം പണികൾ പൂർത്തിയായി. ഇതിന്റെ ആകെ ചെലവ് 1,953,000 റിയാലാണ്. 22 കിലോമീറ്റർ നീളമുള്ള അൽ മഅ്മൂറ - താഖ ഇരട്ടപ്പാതയുടെ റീ-ടാറിങ് ജോലികൾ 15 ലക്ഷം റിയാൽ ചെലവിലാണ് നടന്നുവരുന്നു. സലാല വിലായത്തിലെ അൽ മഅ്മൂറ റൗണ്ട് എബൗട്ട് മുതൽ താഖ വിലായത്ത് റൗണ്ട് എബൗട്ട് വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്. 2026 നവംബറിൽ ഇത് പൂർത്തിയാകും
24 കിലോമീറ്റർ നീളമുള്ള താഖ - മദീനത്തുൽ ഹഖ് മലയോര പാത നവീകരണത്തിന് 1,570,000 റിയാലാണ് ചെലവ്. 2026 അവസാന പാദത്തിൽ പൂർത്തിയാകും. ദൽകൂത്തിലെ റോഡ് നവീകരണവും റഖ്യൂത്തിലെ ചരിവ് സുരക്ഷിതമാക്കലും ഉൾപ്പെടുന്ന പദ്ധതിയുടെ 80 ശതമാനത്തിലേറെ പണികൾ കഴിഞ്ഞു. 20 ലക്ഷത്തിലേറെ റിയാലാണ് ഇതിന്റെ ചെലവ്. 2026 അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഖദ്‌റാഫി - സർഫൈറ്റ്, ഖദ്‌റാഫി - ദൽകൂത്ത് റോഡ് സംരക്ഷണ പദ്ധതിയിൽ മുൻപ് ഉണ്ടായ ഇടിവുകളും തകർച്ചകളും പരിഹരിച്ച്, ഭാവിയിൽ മണ്ണിടിച്ചിൽ ഉണ്ടാകാത്ത വിധം സംരക്ഷണ ഭിത്തികളും മണ്ണ് ഉറപ്പിക്കുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്. 50 ലക്ഷം റിയാൽ ചെലവഴിക്കുന്ന ഈ പദ്ധതി 2028 പകുതിയോടെ പൂർത്തിയാകും. ഗവർണറേറ്റിലെ സാമ്പത്തിക-വിനോദസഞ്ചാര മേഖലകൾക്ക് ഉണർവേകുന്നതിനും, ഒമാൻ വിഷൻ 2040-ന്റെ സുസ്ഥിര അടിസ്ഥാന സൗകര്യ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി ഏറ്റവും മികച്ച സാങ്കേതിക എൻജിനീയറിംഗ് മാനദണ്ഡങ്ങൾ പാലിച്ചാണ് മന്ത്രാലയം ഈ റോഡുകൾ നിർമ്മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

