ബുറൈമിയിലെ റോഡുകളിൽ വേഗപരിധി കുറച്ചു
text_fieldsബുറൈമി: ബുറൈമിയിലെ വിവിധ റോഡുകളിൽ വേഗപരിധിയിൽ കുറവുവരുത്തി. ബുറൈമി ഹോസ്പിറ്റൽ റൗണ്ട് എബൗട്ട് മുതൽ ഖാബൂസ് മസ്ജിദ് റൗണ്ട് എബൗട്ട് വരെയുളള റോഡാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇവിടെ വേഗപരിധി എൺപതിൽനിന്ന് 60 കിലോമീറ്റർ ആയാണ് കുറച്ചത്. ഇൗ റോഡിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനും പുതിയതായി സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം, ബുറൈമി ഹോട്ടലിന് മുന്നിൽ സിഗ്നൽ ലൈറ്റും സ്ഥാപിച്ചു. സിഗ്നൽ ലൈറ്റ് ഇതുവരെ പ്രവർത്തനമാരംഭിച്ചിട്ടില്ല. മറ്റു പ്രധാന റോഡുകളിലെ വേഗപരിധി അറുപതിൽ നിന്ന് നാൽപതായും കുറച്ചിട്ടുണ്ട്.
പുതിയ വേഗപരിധി സംബന്ധിച്ച സൈൻ ബോർഡുകൾ വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് സ്ഥാപിച്ചത്. ഏതാനും ദിവസം മുേമ്പ വേഗപരിധി കുറക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പുമായി ഫ്ലക്സ് ബോർഡുകൾ റോഡരികിൽ വെച്ചിരുന്നു. ഇൗ ഫ്ലക്സുകൾ കഴിഞ്ഞ ദിവസങ്ങളിലായി എടുത്തുമാറ്റി. വേഗപരിധി ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നവരെ കുടുക്കാൻ പൊലീസ് വരുംദിവസങ്ങളിൽ പട്രോളിങ് നിരീക്ഷണം ഉൗർജിതമാക്കാൻ സാധ്യതയുണ്ട്. വിവിധ വാഹനങ്ങളിൽ അകത്തും പുറത്തും കാമറ ഘടിപ്പിച്ച് റോഡരികിൽ നിർത്തിയിട്ടും എതിരെ ഓടിക്കൊണ്ടും വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളെ കുടുക്കുന്നത് ഇവിടെ പതിവുകാഴ്ചയാണ്. മസ്കത്തിലെ ഒന്നിലധികം റോഡുകളിലെ വേഗപരിധിയിൽ അടുത്തിടെ കുറവുവരുത്തിയിരുന്നു. റോഡപകടങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നായിരുന്നു ആർ.ഒ.പി വിശദീകരണം. വിവിധയിടങ്ങളിലെ റോഡുകളിൽ ഇത് നടപ്പിൽവരുത്താൻ ഒരുങ്ങുന്നതായും ആർ.ഒ.പി അന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
