മുദൈബിയിൽ 12 ദശലക്ഷം റിയാലിൽ റോഡ് ശൃംഖലകൾ വിപുലീകരിക്കുന്നു
text_fieldsമുദൈബിയിൽ നിർമാണം പുരോഗമിക്കുന്ന റോഡുകളിലൊന്ന്
മസ്കത്ത്: വടക്കൻ ശർഖിയയയിൽ 12 ദശലക്ഷം റിയാലിന്റെ റോഡ് ശൃംഖല വിപുലീകരണ പദ്ധതികൾക്ക് തുടക്കം കുറിച്ച് മുനിസിപ്പാലിറ്റി. മുദൈബിയിലെ വിലായത്തിലാണ് റോഡ് പദ്ധതികൾ നടപ്പാക്കാൻ തുടങ്ങിയത്. നിരവധി ഗ്രാമങ്ങളിൽ ആന്തരിക, കണക്റ്റിങ് റോഡുകൾ നിർമിക്കുകയാണ് പദ്ധതി ലക്ഷ്യം. ഗവർണറേറ്റിന്റെ 2025ലെ വികസന പദ്ധതിയുടെ ഭാഗമായി ഏകദേശം 71 കിലോമീറ്റർ പുതിയ റോഡുകൾ ഉൾക്കൊള്ളുന്നതാണ് ഈ സംരംഭം. വിവിധ ഗ്രാമങ്ങൾക്ക് സേവനം നൽകുന്നതിനും പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി പദ്ധതികളെ ഒന്നിലധികം പാക്കേജുകളായി വിഭജിച്ചിട്ടുണ്ടെന്ന് വടക്കൻ ശർഖിയ മുനിസിപ്പാലിറ്റിയിലെ പ്രോജക്ട്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ എൻജിനീയർ മുഹമ്മദ് ബിൻ സലേം അൽ തോബി പറഞ്ഞു.
ഖഷബയെയും ജാഫർ അൽ ദഹാമിനെയും ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ ആന്തരിക റോഡുകളുടെ നിർമാണവും അൽ ഹമ്മയിലേക്കുള്ള 9.5 കിലോമീറ്റർ റോഡും അൽ റാഖിലേക്കുള്ള നാല് കിലോമീറ്റർ റോഡും ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ നിർമാണം 17.6 ശതമാനം പൂർത്തിയായിട്ടുണ്ട്. സകാത്ത് ഗ്രാമത്തിലേക്കുള്ള 4.8 കിലോമീറ്റർ റോഡും സകാത്ത്, അൽ റാം, ഷെഹ് എന്നിവയെ ബന്ധിപ്പിക്കുന്ന 6.9 കിലോമീറ്റർ ലിങ്കും മറ്റ് പദ്ധതികളിൽ ഉൾപ്പെടുന്നു. നിലവിൽ ഇവയുടെ 15 ശതമാനം പൂർത്തിയായി.
മുദൈബി-സിനാവ് റോഡിനെ അൽ ഗംസ, തുലുൽ അൽ ശർഖ്, മസ്ര അൽ സാൽമി എന്നിവയുമായി ബന്ധിപ്പിക്കുന്ന 2.43 ദശലക്ഷം റിയാലിന്റെ പദ്ധതി, അൽ ജർദ, അൽ റക്, അൽ റഹ്ബ വഴി മുദൈബിയെയും ദിമ വാതാഇനെ ബന്ധിപ്പിക്കുന്ന 2.07 ദശലക്ഷം റിയാലിന്റെ 11.2 കിലോമീറ്റർ പാക്കേജ്, അൽ ജർദയിലെ സുൽത്താൻ തുർക്കി ബിൻ സഈദിദ റോഡിനെ സമീപ ഗ്രാമങ്ങൾക്ക് സേവനം നൽകുന്ന വാദി അബ്ദുമായി ബന്ധിപ്പിക്കുന്ന 2.68 ദശലക്ഷം റിയാൽ പദ്ധതി എന്നിവയാണ് മറ്റ് പാക്കേജിൽ ഉപ്പെടുന്നത്. ഈ വർഷം വടക്കൻ ശർഖിയയിലുടനീളം 145 കിലോമീറ്റർ റോഡുകൾ നിർമിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് ഈ ശ്രമങ്ങൾ. മൊത്തം നിക്ഷേപം 25.5 മില്യൺ റിയാലിലധികം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

