ഗതാഗത മേഖലക്ക് കരുത്തേകി റോഡ് നിർമാണം പുരോഗമിക്കുന്നു
text_fieldsനിർമാണം പുരോഗമിക്കുന്ന റോഡുകളിലൊന്ന്
മസ്കത്ത്: ഗതാഗത മേഖലക്ക് കരുത്തുപകരാൻ രാജ്യത്തെ വിവിധ റോഡ് പദ്ധതികളടെ പൂർത്തീകരണത്തിന് ശ്രദ്ധകേന്ദ്രീകരിച്ച് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ഒരുങ്ങുന്നു.
അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകൾക്ക് അനുസൃതമായിരിക്കും റോഡ് പദ്ധതികൾ നടപ്പാക്കുക.
ഹൈമ വിലായത്തിൽനിന്ന് തുംറൈത്ത് വിലായത്ത് വരെയുള്ള സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിന്റെ (ആദം -തുംറൈറ്റ്) ഇരട്ടപായുടെ മൂന്ന് പാക്കേജുകൾ ഉൾപ്പെടെ 2024ൽ 300 മില്യൺ റിയാലിന്റെ റോഡ് പദ്ധതികൾ അനുവദിച്ചതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ഡയറക്ടർ ജനറൽ പറഞ്ഞു. ഈ പദ്ധതി മൂന്ന് കരാറുകാർക്ക് നൽകിയിട്ടുണ്ട്.
ഈ വർഷം ആദ്യ പാദത്തിൽ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുൽത്താൻ തൈമൂർ ബിൻ ഫൈസൽ റോഡ് പദ്ധതിയുടെ (ബാത്തിന കോസ്റ്റൽ) ശേഷിക്കുന്ന പ്രവൃത്തികൾ മന്ത്രാലയം നടപ്പാകും. ഏകദേശം നാല് ശതമാനം ആണ് ഇത് പൂർത്തീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലും സമയ പദ്ധതിക്ക് അനുസൃതമായും പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
മുസന്ദം ഗവർണറേറ്റിലെ സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ് (ദിബ്ബ -ലിമ- ഖസബ്) മന്ത്രാലയം നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പദ്ധതികളിൽ ഒന്നാണ്. നിർമാണം 27 ശതമാനത്തിലെത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്ന കരാറുകാരന് സൗകര്യമൊരുക്കുന്നതിനായി സർവിസ് റോഡുകൾ തുറന്നുകൊടുത്തിട്ടുണ്ട്.
സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ് (ശർക്കിയ എക്സ്പ്രസ് വേ) 20 ശതമാനം പൂർത്തീകരണ നിരക്കിലെത്തി. അൽ കാമിൽ അൽ വാഫി വിലായത്തിന്റെ തുടക്കം മുതൽ ‘തഹ്വ’ പ്രദേശം വരെയുള്ള നാല് കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പുതിയ റോഡ് പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു. വാദി ബാനി ഖാലിദ് റോഡ് പദ്ധതിക്കായി പ്രത്യേക കമ്പനിയെ ഏൽപ്പിച്ചിരിക്കുകയാണ്. ചരിവുകൾ കുറച്ച് നിലവിലെ റോഡിന് പകരമായി പുതിയത് നിർമിക്കും.സുൽത്താൻ ഖാബൂസ് ബിൻ സഈദ് റോഡിനെയും (ബാത്തിന ജനറൽ റോഡ്) അൽ ബാത്തിന എക്സ്പ്രസ് വേയെയും ബന്ധിപ്പിക്കുന്ന റോഡ് നിലവിൽ നിർമാണം 90 ശതമാനം പൂർത്തിയായിട്ടുണ്ട്. ഈ റോഡിനെ ബന്ധിപ്പിക്കുന്ന എല്ലാ പാക്കേജുകളും ഈ വർഷം മധ്യത്തിലോ അവസാന പാദത്തിലോ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

