അൽ ജറുല ഗ്രാമത്തിലേക്കുള്ള റോഡ് നിർമാണം തുടങ്ങി
text_fieldsഅൽ ജറുല ഗ്രാമത്തിലേക്കുള്ള റോഡ് നിർമാണത്തിന് തുടക്കമായപ്പോൾ
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായത്തിലെ അൽ ജറുല ഗ്രാമത്തിലേക്കുള്ള സുപ്രധാന റോഡ് പദ്ധതിയുടെ നിർമാണത്തിന് തുടക്കമായി. വടക്കൻ ശർഖിയ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടക്കുന്നത്. നിലവിലുള്ള റോഡിന്റെ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്നതും വാദിയിലെ വെള്ളപ്പൊക്കം മൂലം പതിവായി തടസ്സപ്പെടുന്നതുമായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കും. അൽ ജറുലയിലേക്കും തിരിച്ചും സുരക്ഷ, പ്രവേശനക്ഷമത, വർഷം മുഴുവനും ഗതാഗതം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് പുതിയ റോഡ് രൂപകൽപന ചെയ്തിരിക്കുന്നത്.
വെള്ളപ്പൊക്ക സാധ്യതയുള്ള വാദികൾ മുറിച്ചുകടക്കുന്നതിനുപകരം മലഞ്ചെരുവിലൂടെ കടന്നുപോകുന്ന തരത്തിൽ റോഡ് പുനഃക്രമീകരിക്കുമെന്ന് പ്രോജക്ട്സ് വകുപ്പിലെ മെയിന്റനൻസ് വിഭാഗം മേധാവി എൻജിനീയർ തലാൽ ബിൻ ബഖിത് അൽ ഹജ്രി പറഞ്ഞു. അംഗീകൃത എൻജിനീയറിങ് മാനദണ്ഡങ്ങൾക്കനുസൃതമായി റോഡിന്റെ ദീർഘകാല ഈട് ഉറപ്പാക്കിയിട്ടുണ്ട്. വാദികളിലേക്ക് വെള്ളം തിരിച്ചുവിടുന്നതിനുള്ള ഡ്രെയിനേജ് സംവിധാനങ്ങൾ നിർമാണത്തിൽ ഉൾപ്പെടുന്നു.
2.7 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്ക് ഇടുങ്ങിയ ഭാഗങ്ങളിൽ ഏഴ് മീറ്റർ വീതിയും കൂടുതൽ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയിൽ നാല് മീറ്റർ വീതിയും ഉണ്ട്. 18,595 റിയാലാണ് ചെലവ്. ഇബ്രയിൽനിന്ന് 35 കിലോമീറ്ററും മസ്കത്തിൽ നിന്ന് 160 കിലോമീറ്ററും ദൂരമാണ് അൽ ജറുല ഗ്രാമത്തിലേക്കുള്ളത്. മഴക്കാലത്ത് തെളിഞ്ഞ ജലപ്രവാഹത്തിന് പേരുകേട്ട വാദിയായ വാദി ഖാഫിഫ ഈ പ്രദേശത്താണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

