റിയാലിന്റെ വിനിമയ നിരക്ക് 208ലേക്ക്
text_fieldsമസ്കത്ത്: ഇന്ത്യൻ രൂപയുടെ വിലയിടിവ് ശക്തമായതോടെ റിയാലിന്റെ വിനിമയ നിരക്ക് ഒരു റിയാലിന് 208 രൂപ എന്ന ഉയർന്ന നിരക്കിലേക്ക് എത്തുന്നു. ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ റിയാലിന് 207.20 രൂപ എന്ന നിരക്കാണ് തിങ്കളാഴ്ച ഉപഭോക്താക്കൾക്ക് നൽകിയത്. എന്നാൽ, അന്താരാഷ്ട്ര കറൻസി പോർട്ടറായ എക്സ് ഇ കറൻസി കൺവെർട്ടറിൽ റിയാലിന്റെ വിനിമയ നിരക്ക് തിങ്കളാഴ്ച വൈകീട്ട് 208 രൂപ കടന്നിരുന്നു. വിനിമയ നിരക്ക് ഇനിയും ചെറിയ തോതിൽ ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.ഡോളറിനെ അപേക്ഷിച്ച് രൂപ തിങ്കളാഴ്ച വൻ തകർച്ചയിലെത്തിയിരുന്നു. ഒരു ഡോളറിന്റെ വില 80 രൂപക്ക് അരികെ എത്തുകയാണ്. തിങ്കളാഴ്ച കാലത്ത് ഒരു ഡോളറിന് 80 രൂപ കടന്നിരുന്നു. എന്നാൽ, ഒരു ഡോളറിന് 79.97 രൂപയായിരുന്നു തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്ക്. മുൻ ദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ 15 പൈസ വീണ്ടും ഇടിഞ്ഞതാണ് തിങ്കളാഴ്ചത്തെ നിരക്ക്. ഡോളറിന് 79.82 രൂപ ആയിരുന്നു വെള്ളിയാഴ്ച ക്ലോസിങ് റേറ്റ്. അന്താരാഷ്ട്ര മാർക്കറ്റിലെ നിരവധി ചലനങ്ങളാണ് ഇന്ത്യൻ രൂപയെ തകർച്ചയിലേക്ക് നയിക്കുന്നത്. ഇന്ത്യയിൽനിന്ന് വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകുന്നതാണ് വിലയിടിവിന് പ്രധാന കാരണം. എണ്ണവില വർധനയും രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് വിപണിയിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നത് തുടരുകയാണ്. വെള്ളിയാഴ്ച 1649 കോടി രൂപയാണ് ഇവർ ഇന്ത്യൻ മാർക്കറ്റിൽനിന്ന് പിൻവലിച്ചത്. ഈ വർഷമാദ്യം മുതൽ ആരംഭിച്ച നിക്ഷേപം പിൻവലിക്കൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമായി തുടരുകയായിരുന്നു. എണ്ണവിലയിലെ വർധനയും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എണ്ണ വിലയിൽ 2.06 ശതമാനം വർധനയുണ്ടായി. അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നുണ്ട്. ലോകത്തിലെ പ്രധാന ആറ് കറൻസികളെക്കാൾ മികച്ച നിലയിലാണ് അമേരിക്കൻ ഡോളറുള്ളത്. എന്നാൽ തിങ്കളാഴ്ച നേരിയ ഇടിവ് നേരിട്ടെങ്കിലും അത് ഇന്ത്യൻ രൂപക്ക് വലിയ പ്രയോജനം ചെയ്തില്ല. ഓഹരി വിപണിയിൽ സെൻസെക്സിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും നിഫ്റ്റി 1.43 ശതമാനം താഴേക്ക് പോയി.
കഴിഞ്ഞ മേയ് അഞ്ച് മുതലാണ് രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങിയത്. മേയ് അഞ്ചിന് റിയാലിന്റെ വിനിമയ നിരക്ക് 197.20 രൂപയായിരുന്നു. പിന്നീട് മുകളിലോട്ടു പോവുകയും വിനിമയ നിരക്ക് 200 രൂപയിലെത്തുകയുമായിരുന്നു. എതാനും ദിവസങ്ങളായി വിനിമയ നിരക്ക് 200 കടന്ന് മേൽപോട്ട് കുതിക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

