ടൂറിസം മേഖലയുടെ ഉണർവ്; വിവിധ പദ്ധതികൾക്ക് തുടക്കമിട്ട് ഒമാനും സൗദിയും
text_fieldsസൗദി ടൂറിസം മന്ത്രി അഹ്മദ് അഖീൽ അൽ ഖത്തീബ് ഒമാൻ പൈതൃക-ടൂറിസം മന്ത്രി സലീം മുഹമ്മദ് അൽ മഹ്റൂഖിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഇരു രാജ്യങ്ങളിലെയും ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാൻ ഒമാനും സൗദിയും പദ്ധതികൾക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ ടൂറിസം മന്ത്രി അഹ്മദ് അഖീൽ അൽ ഖത്തീബ് ഒമാൻ പൈതൃക-ടൂറിസം മന്ത്രി സലീം മുഹമ്മദ് അൽ മഹ്റൂഖിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.
പ്രമോഷൻ, മാർക്കറ്റിങ്, ടൂറിസം ആക്ടിവേഷൻ, ടൂറിസം നിയന്ത്രണങ്ങൾ, എയർ കണക്ഷൻ മേഖലയിലെ സഹകരണം, സീസണൽ ഫ്ലൈറ്റുകൾ തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി സംയുക്ത ടൂറിസം സംരംഭങ്ങൾ ആദ്യഘട്ടമായി ആരംഭിക്കാൻ യോഗത്തിൽ ധാരണയായി.
ക്യാമ്പിങ്, സാഹസിക ടൂറിസം മേഖലകളിൽ സംയുക്ത പരിപാടികൾ, സംയുക്ത ടൂറിസം പരിപാടികളുടെ കലണ്ടർ, ടൂറിസം മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതിനുള്ള പരിപാടി എന്നിവയും ഇരുപക്ഷവും അംഗീകരിച്ചു.
പ്രകൃതിദത്തവും സാംസ്കാരികവുമായ വൈവിധ്യം കാരണം മേഖലയിലെ രണ്ടു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഒമാനും സൗദിയുമെന്ന് അൽ മഹ്റൂഖി പറഞ്ഞു.
ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഇരു രാജ്യങ്ങളും സുപ്രധാന സ്ഥാനം നേടുന്നതിനായി ഏകീകരിക്കേണ്ടതിന്റെയും കഴിവുകൾ നവീകരിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര ബന്ധങ്ങൾ മികച്ചതാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അൽ ഖത്തീബും സൂചിപ്പിച്ചു.
റിയാദിൽ നടന്ന വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ ഗ്ലോബൽ ഉച്ചകോടിയുടെ ഭാഗമായി ഇരു രാജ്യങ്ങളും ഒപ്പുവെച്ച ധാരണപത്രം നടപ്പാക്കുന്നതിനുള്ള ചട്ടക്കൂട് യോഗത്തിൽ രൂപപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

