ഒത്തുചേരൽ: ഒരു സംഘം സ്വദേശികൾ പിടിയിൽ
text_fieldsമസ്കത്ത്: ഒത്തുചേരൽ നടത്തിയ സ്വദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡാണ് അറസ്റ്റ് നടത്തിയത്.
സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ നിയമനടപടികൾ നടന്നുവരുന്നതായി പൊലീസ് അറിയിച്ചു. രാത്രി സഞ്ചാരവിലക്ക് സംബന്ധിച്ച നിയമങ്ങൾ കർക്കശമാണെന്നും ഒരു കാരണവശാലും ഇളവ് ലഭിക്കില്ലെന്നും പൊലീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് 3500 റിയാൽ വരെ പിഴയും ചിലപ്പോൾ ജയിൽശിക്ഷയും ലഭിക്കാൻ സാധ്യതയുണ്ട്.
മുഖാവരണം ധരിക്കാത്തതിനുള്ള നൂറ് റിയാലിലാണ് പിഴകൾ തുടങ്ങുന്നതെന്ന് റോയൽ ഒമാൻ പൊലീസിലെ മേജർ മുദാർ അൽ മസ്റൂയി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിയമങ്ങളും നിർദേശങ്ങളും പാലിക്കാത്തപക്ഷം പിഴസംഖ്യ 3500 റിയാൽ വരെയായി ഉയരും. കേസ് കോടതിയിൽ എത്തിയാൽ ജഡ്ജി ഇരട്ടി ശിക്ഷ നൽകാം.
തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. വെള്ളിയാഴ്ച ബുറൈമിയിലെയും തെക്കൻ ശർഖിയയിലെയും കോടതികൾ ഒമ്പതു പേർക്ക് ആയിരം റിയാൽ പിഴ വിധിച്ചിരുന്നു. നിയമലംഘനത്തിൽ ഉൾപ്പെട്ട ഒമാനിക്ക് ആറു മാസം തടവുശിക്ഷ വിധിച്ചു. ചില പ്രവാസികൾക്ക് നാടുകടത്തൽ ശിക്ഷയും വിധിച്ചു. ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും അൽ മസ്റൂയി പറഞ്ഞു.