Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാളെ ഫല പ്രഖ്യാപനം;...

നാളെ ഫല പ്രഖ്യാപനം; പ്രവാസികളുടെ ആവേശം കടലോളം

text_fields
bookmark_border
നാളെ ഫല പ്രഖ്യാപനം; പ്രവാസികളുടെ ആവേശം കടലോളം
cancel
camera_alt

എ.ഐ നിർമിത ചിത്രം

മസ്കത്ത്: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, മത്സരിച്ച സ്ഥാനാർഥിയെക്കാൾ നെഞ്ചിടിപ്പാണ് കടൽ കടന്ന പ്രവാസികൾക്ക്. മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന ചൂടിലും പ്രവാസികളുടെ ചർച്ചാവിഷയം കേരളത്തിലെ രാഷ്ട്രീയമാണ്. വോട്ടെണ്ണൽ ദിനത്തിൽ ജോലിത്തിരക്കുകൾക്കിടയിലും തത്സമയ ഫലങ്ങൾ അറിയാനുള്ള നെട്ടോട്ടത്തിലാണ് പ്രവാസലോകം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ചായക്കടകളിലും സജീവമായിരുന്ന രാഷ്ട്രീയ ചർച്ചകൾ അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. നാട്ടിൽ പോയി വോട്ട് ചെയ്യാൻ കഴിയാത്തവരും വോട്ട് ചെയ്ത് മടങ്ങിയെത്തിയവരും ഒരേപോലെ ആവേശത്തിലാണ്.

സ്മാർട്ട് ഫോണുകളിൽ ലൈവ് ന്യൂസുകൾ സ്ട്രീം ചെയ്തും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഓരോ നിമിഷവുമെത്തുന്ന അപ്‌ഡേറ്റുകൾ പങ്കുവെച്ചും അവർ ഓരോ മണ്ഡലത്തിലെയും മുന്നേറ്റങ്ങൾ വിലയിരുത്തും. ഭരണത്തുടർച്ചയുണ്ടാകുമോ അതോ മാറ്റത്തിന്റെ കാറ്റ് വീശുമോ എന്ന കാര്യത്തിൽ പ്രവാസികൾക്കിടയിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. പ്രവാസികളുടെ ക്ഷേമം, വിമാന ടിക്കറ്റ് നിരക്ക് വർധനവ്, നാട്ടിലെ വികസന പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തിയാണ് പലരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നത്. നാട്ടിലില്ലെങ്കിലും തങ്ങളുടെ മനസ്സ് മുഴുവൻ കേരളത്തിലാണെന്നും ഭരണകൂടം മാറുന്നതും തുടരുന്നതും പ്രവാസികളായ തങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണെന്നും മസ്കത്തിലെ പ്രവാസി മലയാളികൾ പറയുന്നു. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും വൈകുന്നേരം കൂട്ടംകൂടുന്നയിടങ്ങളിലും ആവേശത്തിരയാണ്. പ്രധാന ഇടങ്ങളിലെ മലയാളി ഹോട്ടലുകളിലും കഫേകളിലും ഫലപ്രഖ്യാപനം കാണാൻ ആളുകൾ ഒത്തുകൂടും.

നാടെങ്ങും പ്രവചന മത്സരങ്ങളും ഭൂരിപക്ഷ കണക്കെടുപ്പുകളുമാണ് നടക്കുന്നത്. പ്രവാസി കൂട്ടായ്മകളും സംഘടനകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഗൂഗിൾ ഫോം വഴിയും പ്രവചന മത്സരങ്ങൾ ഒരുക്കി പ്രവർത്തകരെ സജീവമാക്കിയിട്ടുണ്ട്.​നാട്ടിലായിരുന്നപ്പോൾ തങ്ങൾ ചേർന്നുപ്രവർത്തിച്ച രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള കൂറ്, പ്രവാസലോകത്തും ഒട്ടും ചോരാതെ പ്രവാസികൾ നെഞ്ചേറ്റുന്നു. വികസനത്തുടർച്ചയും ക്ഷേമപദ്ധതികളും മുൻനിർത്തി ഭരണത്തുടർച്ചയുടെ ‘മൂന്നാം മൂഴം’ ഉണ്ടാകുമെന്ന് ഇടതു പക്ഷ അനുകൂലികൾ ഉറപ്പിച്ചു പറയുന്നു. കേരളം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമായ കാറ്റായി മാറുമെന്നും വലതുപക്ഷവും സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്ര ഭരണത്തിന്റെ നന്മകൾ കേരളവും ആഗ്രഹിക്കുന്നുണ്ടെന്നും പുതിയൊരു രാഷ്ട്രീയ ബദൽ ഉയർന്നു വരുമെന്നും കേന്ദ്ര ഭരണം കയ്യാളുന്ന മുന്നണി വിശ്വസിക്കുന്നു.

​കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ പലരും മുഖവിലക്കെടുക്കുന്നില്ല. മുൻകാലങ്ങളിലെ തെറ്റായ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ വാദങ്ങൾ. രാഷ്ട്രീയ ചർച്ചകൾക്കപ്പുറം വാതുവെപ്പും, ജയിച്ചാൽ മീശ വടിക്കലും മുടി മുറിക്കലുമൊക്കെയായി ആവേശം കൊടുമുടിയിലാണ്. നാട്ടിലെപ്പോലെ പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾ അനുവദനീയമല്ലാത്തതിനാൽ ലഡ്ഡുവും പായസ വിതരണവും ചെയ്ത് വിജയം ആഘോഷിക്കാനാണ് പലരുടെയും പ്ലാൻ.

​ഒമാനിലെ ലേബർ ക്യാമ്പുകൾ മുതൽ ഫാമിലി ഫ്ലാറ്റുകളിലും, ടർഫുകളിലും, ഓഫീസുകളിലും, സൂക്കുകളിലും ഇപ്പോൾ രാഷ്ട്രീയമല്ലാതെ മറ്റൊരു ചർച്ചയുമില്ല. മത്ര, സീബ്, സുഹാർ, നിസ്‌വാ സൂക്കുകളിലെ കടകളിൽ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടം ചൂടേറിയ ചർച്ചകളിലാണ്.മൊബൈലിൽ തന്നെ ടെലിവിഷൻ ലൈവ് ഉള്ളത് കാരണം ഓഫീസിൽ ആയാലും കടയിൽ ആയാലും യാത്രയിൽ പോലും ചൂടുള്ള ലീഡ് അപ്പോൾ തന്നെ അറിയാനാവും.

ഭരണം ആരുടേതായാലും പ്രവാസികളുടെ പ്രശ്നങ്ങൾ വെറും വാഗ്ദാനങ്ങളിൽ ഒതുങ്ങരുതെന്നതാണ് പൊതുവികാരം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി തങ്ങളെ കരുതുന്ന, നിക്ഷേപ സൗഹൃദമായ ഒരു 'പുതിയ കേരളത്തെ'യാണ് ഒമാൻ മലയാളി സ്വപ്നം കാണുന്നത്. കേരളത്തിന്റെ വികസനവും പ്രവാസികളുടെ പ്രശ്നങ്ങളും കൃത്യമായി മനസ്സിലാക്കുന്ന ഒരു സർക്കാർ അധികാരത്തിൽ വരണമെന്നാണ് ഓരോ പ്രവാസിയുടെയും പ്രാർഥന. ഫലം എന്തുതന്നെയായാലും കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആവേശകരമായ ചർച്ചകൾക്ക് ഗൾഫ് മേഖലയിൽ വരും ദിവസങ്ങളിലും കുറവുണ്ടാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resultsannouncedExpatriates
News Summary - Results to be announced tomorrow; Excited among expatriates
Next Story