ജി.സി.സി രാജ്യങ്ങളിൽനിന്ന് വാഹനം ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങൾ
text_fieldsമസ്കത്ത്: അടുത്ത ജൂലൈ ഒന്ന് മുതൽ ജി.സി.സി രാജ്യങ്ങളിൽനിന്ന് വാഹനം ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങളുമായി റോയൽ ഒമാൻ പൊലീസ്.ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ആൻഡ് കസ്റ്റംസാണ് ഇറക്കുമതി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.ജി.സി.സി രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നിശ്ചയിച്ച മാനദന്ധങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല.
ഏത് രാജ്യത്ത് നിന്നാണോ വാഹനം ഇറക്കുമതി ചെയ്യുന്നത് അതാത് രാജ്യത്തിന്റെ കയറ്റുമതി സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് മാത്രമായിരിക്കും ഒമാനിൽ വാഹന രജിസ്ട്രേഷൻ ലഭിക്കുക. ജി.സി.സി രാജ്യങ്ങളിൽ കര, കടൽ, വായു മാർഗ്ഗം ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും നിയമം ബാധകമാവും. വാഹനങ്ങളുടെ രജിസ്ട്രേഷൻ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം.
വാഹനം ഇറക്കുമതിക്കാരും കസ്റ്റംസ് ഏജന്റുകളും നിയമം അനുസരിക്കണമെന്നും പുതിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. അല്ലാത്ത പക്ഷം അതിർത്തികളിൽ പ്രയാസങ്ങൾ ഉണ്ടാവുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഇറക്കുമതി അനുവദിക്കും. പത്ത് വർഷത്തിൽ താഴെ പഴക്കമുള്ള ബസുകൾക്കും ട്രക്കുകൾക്കും ഇറക്കുമതി അനുവാദമുണ്ട്. 15 വർഷത്തിൽ കുറഞ്ഞ പഴക്കമുള്ള ഉപകരണങ്ങളായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല. നിർധിഷ്ട സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുന്ന ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന മൂന്ന് ചക്ര, നാല് ചക്ര വാഹനങ്ങൾക്കും ഇറക്കുമതി നിയന്ത്രണം ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

