താഹിരി ഗുഹയിലേക്കുളള പ്രവേശനത്തിന് നിയന്ത്രണം
text_fieldsഖുറിയാത്തിലെ താഹിരി ഗുഹയുടെ പുറം ദൃശ്യം
മസ്കത്ത്: ഖുറിയാത്ത് മേഖലയിലെ പരിസ്ഥിതി സംരക്ഷണ പ്രാധാന്യമുള്ള അൽ താഹിരി ഗുഹയിൽ പ്രവേശനവുമായി ബന്ധപ്പെട്ട് പൈതൃക-ടൂറിസം മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. ഗുഹ ഇപ്പോൾ പൊതുജന സന്ദർശനത്തിനു തുറന്നിട്ടില്ലെന്നും പ്രവേശിക്കാൻ മുന്കൂട്ടി ഔദ്യോഗിക അനുമതി നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
ഗുഹയിലെ സ്വാഭാവിക സവിശേഷതകളെയും പരിസ്ഥിതി ഘടകങ്ങളെയും സംരക്ഷിക്കാൻ വേണ്ടിയാണ് നിയന്ത്രണം നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഗുഹ കാണാനെത്തുന്നവർ ടൂറിസത്തിന് നിരക്കാത്ത പ്രവർത്തനങ്ങളിലേപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കർശന നിയന്ത്രണവുമായി വകുപ്പ് രംത്തെത്തിയത്.
ടൂറിസം പ്രവർത്തനങ്ങൾ നടത്തുന്ന ഏജൻസികൾക്കും മറ്റു ടൂർ ഓപറേറ്റർമാർക്കും ടൂറിസം മന്ത്രാലയം പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. സാഹസിക ടൂറിസം പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നവർ ഡിപാർട്ട്മെന്റ് ഓഫ് പ്രൊഡക്ട് ആൻഡ് ടൂറിസം എക്സപീരിയൻസ് ഡെവലപ്മെന്റ് വിഭാഗത്തിൽ മുൻകൂട്ടി അപേക്ഷ സമർപ്പിച്ച് ആവശ്യമായ അനുമതികൾ നേടണം.
ഗുഹയിൽ അനുമതിയില്ലാതെ ഏത് തരത്തിലുള്ള പ്രവർത്തനവും നടത്തുന്നത് നിയമവിരുദ്ധമാണെന്നും, ഇത്തരത്തിലുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രദേശത്തിന്റെ സ്വാഭാവിക പൈതൃകം സംരക്ഷിക്കുന്നതിനായാണ് സർക്കാറിന്റെ നടപടി.
താഹിരി ഗുഹയുടെ
അകത്തുനിന്നുള്ള കാഴ്ച
മസ്കത്ത് - സൂർ ഹൈവേയിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന ഖുറിയാത്തിലെ സൽമ പർവത നിരകളിലാണ് താഹിരി ഗുഹ സ്ഥിതിചെയ്യുന്നത്. ഹൈവേയിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകത്തേക്കാണ് യാത്ര. ഒമാനിലെ തന്നെ ഏറ്റവും വലിയ ഗുഹാണിത്. എന്നാൽ, ഇതിന്റെ മുഴുവൻ ഭാഗവും ഇനിയും കണ്ടെത്തിയിട്ടില്ലെന്ന പ്രത്യേകതയുണ്ട്. വർഷങ്ങളായി നിഗൂഢതകൾ നിറഞ്ഞ ഈ ഗുഹകൾ സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
അംഗീകൃത ടൂർ ഏജൻസികൾ വഴിയല്ലാതെ വ്യക്തികളുടെ നേതൃത്വത്തിലും ഇവിടേക്ക് യാത്രകൾ ചെയ്യാം. ഇതിനാണ് ടൂറിസം മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തയത്.
കയറുകൾ, ഹെൽമെറ്റുകൾ, ഹെഡ്ലൈറ്റുകൾ, പ്രത്യേക ഉപകരണങ്ങൾ എന്നിവ ഗുഹാ യാത്രക്ക് ആവശ്യമാണ്. ഏഴാമത്തെ ഗുഹയിലേക്ക് പ്രവേശിക്കാൻ അബ്സെയ്ലിങ് മാത്രമാണ് ഏക മാർഗം . പ്രത്യേക ഉപകരണങ്ങളാൽ താഴേക്ക് ഇറങ്ങണം. സാഹസിക മനസും പരിചയസമ്പന്നനായ ഗൈഡും ഇത്തരം ഘട്ടങ്ങിൽ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

