ഒമാനിലെ ആറ് വന്യജീവി സങ്കേതങ്ങളിൽ നിയന്ത്രണം; പ്രവേശനത്തിന് അനുമതി നിർബന്ധം
text_fieldsമസ്‌കത്ത്: രാജ്യത്തെ ആറ് വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണവും പരിപാലനവും ശക്തമാക്കാൻ പുതിയ നിയന്ത്രണങ്ങളുമായി ഒമാൻ പരിസ്ഥിതി അതോറിറ്റി. സങ്കേതങ്ങളിലെ പ്രവേശനം, ക്യാമ്പിങ്, രാത്രി താമസം, ഫോട്ടോഗ്രഫി, ശാസ്ത്രീയ പഠനങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്ക് അതോറിറ്റിയുടെ അനുമതി നിർബന്ധമാക്കി.
അൽ ഖൈറാൻ, റാസ് അൽ ഷജർ, അൽ ബുറൈമി ഒയാസിസ്, അൽ ദാഹിറ, അൽ ജബൽ അൽ ഗർബി, ഖോർ സലാല എന്നീ വന്യജീവി സങ്കേതങ്ങളിലാണ് പുതിയ നിയന്ത്രണങ്ങൾ. ഇതുസംബന്ധിച്ച് ആറ് ഭരണപരമായ തീരുമാനങ്ങളാണ് അതോറിറ്റി പുറപ്പെടുവിച്ചത്.
വന്യജീവി സങ്കേതങ്ങളിൽ അനുമതിയില്ലാതെ മൃഗങ്ങളെ മേയ്ക്കുക, കിണറുകൾ കുഴിക്കുക, ഖനനം നടത്തുക, നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കൃഷി ചെയ്യുക, മരങ്ങൾ നടുക തുടങ്ങിയവ അനുവദിക്കില്ല. ശാസ്ത്രീയ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും പ്രത്യേക അനുമതി ആവശ്യമാണ്.ഫോസിലുകൾ, പുരാവസ്തുക്കൾ, കല്ലുകൾ തുടങ്ങിയവ ശേഖരിക്കുന്നതിനും ആയുധങ്ങളോ വിഷവസ്തുക്കളോ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.
നിശ്ചിത പാതകൾക്ക് പുറത്തുകൂടിയുള്ള വാഹനയാത്ര, സസ്യങ്ങൾ നശിപ്പിക്കൽ, ജലസ്രോതസ്സുകൾ മലിനമാക്കൽ, അധിനിവേശ സ്വഭാവമുള്ള വിദേശ ജീവിവർഗങ്ങളെ എത്തിക്കൽ, സംരക്ഷിത മേഖലയിലെ സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തൽ എന്നിവയും നിരോധിച്ചിട്ടുണ്ട്.
നിയമങ്ങൾ ലംഘിക്കുന്നവർക്കും ആവശ്യമായ അനുമതിയില്ലാതെ നിയന്ത്രിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും പിഴ ഉൾപ്പെടെയുള്ള ഭരണപരമായ ശിക്ഷകൾ നേരിടേണ്ടിവരും. പ്രകൃതിവിഭവങ്ങളും വന്യജീവികളും സംരക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം ഉറപ്പാക്കുകയുമാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം.

