പുതിയ തൊഴിൽ വിസക്കാർക്ക് ഒമാനിലേക്ക് പ്രവേശനാനുമതിയില്ല -ആർ.ഒ.പി
text_fields
മസ്കത്ത്: പുതിയ തൊഴിൽ വിസയിലുള്ളവർക്ക് ഒമാനിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു. സാധുവായ റെസിഡൻറ് കാർഡ് ഉള്ള വിദേശികൾക്ക് മാത്രമാണ് ഒമാനിലേക്ക് വരാൻ അനുമതിയുള്ളത്. സുപ്രീം കമ്മിറ്റി നിർദേശപ്രകാരമാണ് വിദേശികളുടെ ഒമാനിലേക്കുള്ള വരവിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്
ഒൗദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ വിസയിലുള്ളവരുടെ പ്രവേശനത്തിന് വിലക്കുണ്ടാകും. ഒമാനിൽ ഏത് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും ഇൗ നിയമം ബാധകമായിരിക്കും. കോവിഡ് മഹാമാരി മുൻ നിർത്തിയാണ് തീരുമാനം. പുതിയ വിസയിലുള്ളവർക്ക് എയർ ഇന്ത്യയും ഇൻഡിഗോയും യാത്രാനുമതി നിഷേധിച്ച കാര്യം കഴിഞ്ഞ ദിവസം ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.