Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാം എങ്ങോട്ട്

നാം എങ്ങോട്ട്

text_fields
bookmark_border
നാം എങ്ങോട്ട്
cancel

‘സ്വരാജ് എന്നത് കേവലം തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച് ഒരു കൂട്ടർക്ക് ഭരണവും അധികാരവും കിട്ടുന്നത് മാത്രമല്ല മറിച്ച് അവർ നടത്തുന്ന അധികാര ദുർവിനിയോഗത്തെയും അനീതിയെയും ചോദ്യം ചെയ്യാനുള്ള അധികാരവും അവകാശവും ഒരു ന്യൂനപക്ഷ ജനതക്ക് വരുമ്പോഴാണ് ’ എന്ന് ഗാന്ധിജിയുടെ ‘സ്വരാജ് എന്നാൽ എന്ത്’ എന്ന ആനന്ദിബൻ പട്ടേലിന്റെ ചോദ്യത്തിനുള്ള ഒരു നിർവചനം ഉണ്ട് .

രാഷ്ട്രത്തിന്റെ 76 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് . റിപ്പബ്ലിക് എന്നാൽ സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്നാണ്. നമ്മുടെ സ്വാതന്ത്ര്യം നമ്മുടെ മാത്രം കൈയിലല്ല മറിച്ച് നമ്മെ സ്നേഹിക്കുന്ന നമ്മുടെ അയൽ രാഷ്ട്രങ്ങളുടെ കെട്ടുറപ്പും സ്നേഹവും കൂടി അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അങ്ങനെ നോക്കുമ്പോൾ ഏറെ വെല്ലുവിളികളും നാം നേരിടുന്നുണ്ട്.

അതുകൊണ്ടുതന്നെ ദീർഘവീക്ഷണത്തോടെയും ശാസ്ത്രീയമായ വിദേശനയത്തോടെയും നാം ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. ഏറെ വെല്ലുവിളികളും ദുരിതങ്ങളും താണ്ടിയാണ് നാം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ചു മൂന്നുവർഷം കൂടി കഴിഞ്ഞാണ് നാം സ്വതന്ത്ര പരമാധികാര രാജ്യമായി മാറുന്നത്. ഏറെ വെല്ലുവിളികളായിരുന്നു അക്കാലങ്ങളിൽ നാം നേരിട്ടു കൊണ്ടിരുന്നത്.

വിഭജനം സൃഷ്ടിച്ച മുറിവുകളും ആരോഗ്യപ്രശ്നങ്ങളും ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടങ്ങി പരമ ദരിദ്ര രാഷ്ട്ര സൂചികകൾ എല്ലാം തന്നെ ഉയർന്ന രീതിയിലായിരുന്നു. എങ്കിലും വിശാലമായ കാഴ്ചപ്പാടുകളും ഒരു രാഷ്ട്രം ഒരു ജനത എന്ന വികാരവും ദീർഘവീക്ഷണമുള്ള നെഹ്റുവിയൻ ഭരണനേട്ടവും പഞ്ചവത്സര പദ്ധതികൾ മുറുകെ പിടിച്ചുകൊണ്ടുള്ള ഭരണവും നമ്മുടെ പ്രശ്നങ്ങളെ കാലമേറെ എടുത്താണെങ്കിലും മെല്ലെ മെല്ലെ പരിഹരിച്ച് ലഘൂകരിക്കാൻ നമുക്കായി.

എന്റെ ഇന്ത്യ എന്റെ ഭാരതം എന്ന പൊതുവികാരം നിലനിർത്താനും അവകാശങ്ങളും നീതിയും സംരക്ഷിക്കാനും നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കാനും അവ നമ്മെ ജാതിയോ മതമോ നോക്കാതെ സംരക്ഷിക്കും എന്നുള്ള തോന്നൽ ഉണ്ടാക്കാനും ഓരോ ഇന്ത്യക്കാരനും ആത്മവിശ്വാസം ജനിപ്പിച്ച നാളുകളായിരുന്നു 1950 മുതൽ ഇന്ത്യയിൽ ഉണ്ടായിരുന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ചേരിചേരാനയങ്ങൾ മുറുകെപ്പിടിച്ച് ലോകത്തിനുതന്നെ മാതൃകയായി അയൽ രാജ്യങ്ങളുടെ രക്ഷകനായി ഭാരതം ലോകത്തിലെ തന്നെ മഹത്തായ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി അവതരിക്കപ്പെട്ടു .സാമ്പത്തികമായും സാങ്കേതികമായും ഒട്ടേറെ നേട്ടങ്ങൾ നാം കരസ്ഥമാക്കി.

ജനാധിപത്യം എന്നത് ഒരു ജനതക്ക് തങ്ങൾക്ക് കിട്ടാനുള്ള അവകാശങ്ങൾ ആരും കവരാതെ നീതിപൂർവം ലഭിക്കും എന്നുള്ള തോന്നൽ ഉണ്ടാകുമ്പോൾ മാത്രമാണ്. എന്നാൽ തങ്ങൾക്ക് ലഭിക്കാനുള്ള അധികാരവും അവകാശങ്ങളും ലഭിക്കില്ല എന്ന തോന്നൽ ഒരു ജനതയെ രാഷ്ട്രത്തിൽ നിന്നും എല്ലാ പുരോഗതിയിൽനിന്നും അകറ്റി നിർത്തുകയും സംശയാലുക്കളാക്കി മാറ്റുകയും ചെയ്യുമെന്നത് ഏറെ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

നിങ്ങൾ ഒരാളെ അവഗണിക്കുകയാണെങ്കിൽ അയാൾ അപകർഷബോധം ഉള്ളവനായി മാറുകയും അപകർഷബോധമുള്ളവൻ ഒറ്റപ്പെടാൻ ശ്രമിക്കുകയും ഒറ്റപ്പെട്ടവൻ നിരാശരായ ആളുകളുടെ ഒരു കൂട്ടമായി മാറുകയും അവർ നെഗറ്റിവ് ചിന്തകളെ പ്രോത്സാഹിപ്പിക്കുകയും അത് പിന്നീട് രാഷ്ട്രവിരുദ്ധമാവുകയും ചെയ്യും എന്ന അൽബേർ കമ്മ്യൂ വിന്റെ മഹത്തായ ഒരു വാക്യമുണ്ട്. അധികാരവും ഭരണവും മാത്രം ലക്ഷ്യമാക്കി ഒരു രാജ്യത്തെ മുന്നോട്ടു നയിച്ചാൽ അത് നമ്മുടെ അടിത്തറ ഭദ്രമാക്കില്ല എന്നുള്ള കാര്യവും നാം വിസ്മരിച്ചു കൂടാ.

ഇന്ന് ഇന്ത്യ ഏറെ സുശക്തമാണ് . എന്നാൽ നമ്മുടെ ശക്തിയും അധികാരവും പുരോഗതിയും ഇനിയും എങ്ങനെ അംഭംഗുരം മുന്നോട്ടുകൊണ്ട് പോകണം എന്നത് വിമർശനാത്മകവും ക്രിയാത്മകമായ രീതിയിൽ രാഷ്ട്രത്തെ വിലയിരുത്താൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക്, പ്രത്യേകിച്ച് ഭരണകർത്താക്കൾക്ക് കഴിയണം. അയൽരാജ്യങ്ങളുടെ കെട്ടുറപ്പും സാഹോദര്യവും ബന്ധങ്ങളും ശക്തമായിരുന്നാൽ മാത്രമെ നമുക്ക് നമ്മുടെ രാഷ്ട്രത്തിന്റെ പരമാധികാരത്തിന് വെല്ലുവിളികൾ ഇല്ല എന്ന് ഉറപ്പിക്കാൻ കഴിയൂ. ശക്തനായ അമേരിക്കക്ക് കൊച്ചു ക്യൂബ എന്നും ഒരു തലവേദനയാണ്. യുക്രെയ്ൻ എന്ന കൊച്ചു രാജ്യം പ്രബലരായ റഷ്യക്ക് എത്ര മാത്രം തലവേദന സൃഷ്ടിക്കുന്നു എന്നത് നമുക്ക് അറിയാം. ഒരു പൊട്ടുപോലെ മാത്രം നിൽക്കുന്ന ഗസ്സ മുനമ്പ് എത്ര ബോംബ് വർഷിച്ചാലും നശിപ്പിച്ചാലും ഉറക്കമില്ലാത്ത രാത്രികൾ തന്നെയാണ് ഇസ്രായേലിന് സമ്മാനിക്കുന്നത്. ഇവിടങ്ങളിൽ നിന്നൊക്കെ നമുക്ക് ഏറെ പഠിക്കാനുണ്ട്.

ഇന്ന് നമ്മുടെ പല അയൽ രാജ്യങ്ങളെയും സ്വാധീനിക്കാനും നമ്മിൽനിന്ന് അകറ്റിനിർത്താനും ചൈനയും മറ്റു യൂറോപ്യൻ രാഷ്ട്രങ്ങളും ശ്രമിക്കുന്നുണ്ട്. ലോക സമ്പദ് വ്യവസ്ഥയിലുള്ള ഇന്ത്യയുടെ മുന്നേറ്റം, ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള വളർച്ച, യുവാക്കളുടെ മുന്നേറ്റം ഇതൊക്കെ ഇന്ത്യയെ അസൂയയോടെ കാണാൻ ചൈന ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ അമേരിക്ക കഴിഞ്ഞാൽ രണ്ടാമത് എത്താനുള്ള പ്രയാണത്തിലാണ്. സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ സാമ്പത്തിക പുരോഗതി, ഓൺലൈൻ ബിസിനസ് വളർച്ച എന്നിവയിൽ നാം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിലാണ് വളർന്നുകൊണ്ടിരിക്കുന്നത്. ഇതൊന്നും അഞ്ചുവർഷം കൊണ്ടോ മറ്റോ ഉണ്ടായതല്ല. 75 വർഷത്തെ വീക്ഷണവും ഭരണപാടവവും കൂട്ടായ്മയും കാഴ്ചപ്പാടും ഒരു ജനതയുടെ വിശ്വാസവും പിന്തുണയുമാണ് ഇങ്ങനെയായി മാറിയതിനു പിന്നിൽ. ഇതേ രീതിയിൽതന്നെ ഇനിയും നാം മുന്നേറണം.

140 കോടിയോളം വരുന്ന ജനങ്ങൾക്ക് നമ്മുടെ ഭരണഘടനയിലും നീതി നിർവഹണത്തിലുമുള്ള വിശ്വാസം ഉറപ്പിക്കണം. മാധ്യമങ്ങളും ഇക്കാര്യത്തിൽ വളരെയേറെ ശ്രദ്ധ വെച്ചുപുലർത്തേണ്ടതാണ്. ബുൾഡോസർ രാജ്, ന്യൂനപക്ഷ ധ്വംസനങ്ങൾ, സി.എ.എ പോലെയുള്ള നിയമങ്ങളൊക്കെ രാഷ്ട്രത്തിന്റെ വെളിച്ചം കെടുത്തുന്നവയാണ്. ഇന്നും യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചേർത്ത് വിചാരണപോലും നിഷേധിച്ചു ജയിലിൽ അടച്ച ധാരാളം ആളുകളുണ്ട്.

നീതി എല്ലാവർക്കും ലഭിക്കും എന്ന തോന്നൽ ഉണ്ടാവണം. അധികാരത്തിൽനിന്നും ഭരണത്തിൽ നിന്നും മതവും ജാതിയും അകറ്റി നിർത്തപ്പെടേണ്ടതുണ്ട്. സെക്യുലറിസം അഥവാ മതേതരത്വം എന്നാൽ എല്ലാ മതങ്ങളും വളർത്തുകയല്ല എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകുകയാണ് മതമില്ലാത്തവർക്കും അവരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നേറാനുള്ള ഒരു അവസ്ഥ സൃഷ്ടിക്കലാണ് എന്ന മതേതരത്തെക്കുറിച്ചുള്ള നെഹ്റുവിന്റെ നിർവചനം ഇന്ന് ഏറെ പ്രസക്തമാണ്.

ഈ റിപ്പബ്ലിക് ദിനം ഇന്ത്യക്ക് അതിന്റെ ഭരണഘടനയെ ഉയർത്തിപ്പിടിക്കാനും അയൽ രാജ്യങ്ങളെ ഉറ്റ സുഹൃത്തുക്കളാക്കി നിലനിർത്താനും ലോകത്തിന് മാതൃകയായ ജനാധിപത്യ മതേതരത്വ പരമാധികാര രാഷ്ട്രമാക്കി മാറ്റാനും കഴിയട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRepublic Day 2025
News Summary - republic day special
Next Story