വടക്കൻ ശർഖിയയിൽ 179 ഫലജുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി
text_fieldsവടക്കൻ ശർഖിയ ഗവർണറേറ്റിൽ നിർമാണം നടക്കുന്ന ഫലജുകൾ
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ 179 ഫലജുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ഗവർണറേറ്റിലെ കൃഷി, ജലവിഭവ ഡയറക്ടറേറ്റ് ജനറൽ വിവിധ വിലായത്തുകളിലായി രണ്ട് ദശലക്ഷം റിയാലിലധികം ചെലവഴിച്ചാണ് ഇവ പൂർത്തിയാക്കിയത്.
ഇബ്ര വിലായത്തിൽ 21 ഫലജുകൾ, അൽ ഖാബിൽ 19, മുദൈബി 17ഉം അറ്റകുറ്റപ്പണികൾ നടത്തി. ദിമ വതാഈനിൽ 78 അഫ്ലാജുകളുടെ അറ്റകുറ്റപ്പണികളും നടന്നു. ബിദിയൽ 10ഉം സിനാവ് നാല്, വാദി ബനി ഖാലിദിൽ വിലായത്തിൽ 30ഉം ഫലജുകളുടെ അറ്റകുറ്റപ്പണികൾ നടത്തി. വടക്കൻ ശർഖിയയിൽ 571 രജിസ്റ്റർ ചെയ്ത ഫലജുകളാണുള്ളത്.
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ സാഹചര്യങ്ങളിൽ പരമ്പരാഗത ജലസംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. കഴിഞ്ഞവർഷം ഗവർണറേറ്റിനെ ബാധിച്ച പ്രതികൂല കാലാവസ്ഥയിൽ നാശനഷ്ടമുണ്ടായ ഫലജുകളുടെ പുനരധിവാസത്തിനായുള്ള മന്ത്രാലയത്തിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ പ്രവർത്തനങ്ങളെന്ന് ഡയറക്ടറേറ്റിലെ എൻജിനീയർ ഹമദ് ബിൻ റാഷിദ് അൽ സവായ് പറഞ്ഞു.
ഗവർണറേറ്റിലെ കാർഷിക, ജലവിഭവ വകുപ്പുകളിൽ നിന്നുള്ള പ്രത്യേക സംഘങ്ങൾ നാശനഷ്ടങ്ങൾ വിലയിരുത്തുകയും സാങ്കേതിക സവിശേഷതകൾ തയാറാക്കുകയും ടെൻഡറുകൾ നൽകുകയും മേഖലയിലുടനീളമുള്ള ജോലികൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു.
സുൽത്താനേറ്റിലെ പുരാതനരീതിയിലുള്ള ജലസേചനസമ്പ്രദായമാണ് ഫലജുകൾ. മലഞ്ചെരുവുകളിലെയും ഭൂഗർഭത്തിലെയും ജലസ്രോതസുകൾ അടക്കമുള്ളവയിൽനിന്ന് ഗാർഹിക-കാർഷിക ആവശ്യത്തിന് വെള്ളമെത്തിക്കുന്ന ചെറു കനാലുകളും ചാലുകളുമാണിത്.
എല്ലാവരിലും ജലം എത്തിച്ച് മരുഭൂമിയെ പച്ച പുതപ്പിക്കാൻ ഇതുവഴി സാധിക്കുന്നു. ലോകത്തിൽതന്നെ വെള്ളം പങ്കുവെക്കലിന്റെ ഏറ്റവും പഴക്കമുള്ള രീതികളിലൊന്നാണിത്.
5000 വർഷം മുമ്പേ ഒമാനിൽ ഫലജുകൾ ഉണ്ടെന്നാണ് ഗവേഷകൾ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യജീവിതവുമായി ഇഴചേർന്നാണ് ഫലജും ഒഴുകുന്നത്. ഈ നീർച്ചാലുകളുമായി ബന്ധപ്പെട്ടായിരുന്നു സ്വദേശിതലമുറകൾ തങ്ങളുടെ ജീവിതവും സാമൂഹികരീതിയും കെട്ടിപ്പടുത്തിരുന്നത്.
ഇന്നും പരമ്പരാഗതരീതിയിൽ തന്നെയാണ് ഫലജുകൾ നിലകൊള്ളുന്നത്. ഇതിലെ വെള്ളം കൃഷിക്കും ഗാർഹിക ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. എല്ലാവിഭാഗം ജനങ്ങൾക്കും ഫലജ് ഉപയോഗിക്കാൻ അവകാശമുണ്ട്. ജലം ജീവന്റെ നിലനിൽപ്പിനുള്ള പ്രധാന ഘടകമായതിനാൽ ആരെയും വെള്ളം ഉപയോഗിക്കുന്നതിൽനിന്ന് തടയാൻ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

