പുനരുപയോഗ ഊർജം; സഹകരണത്തിന് ഒമാനും ഹംഗറിയും
text_fieldsഒമാൻ-ഹംഗറി പ്രതിനിധികൾ കരാറിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: ഒമാനി-ഹംഗേറിയൻ സംയുക്ത സമിതിയുടെ ആദ്യ സെഷന്റെ യോഗങ്ങൾ ഹംഗേറിയൻ തലസ്ഥാനമായ ബുഡപെസ്റ്റിൽ നടന്നു. ഇരു രാജ്യങ്ങൾക്കിടയിലുള്ള നിരവധി സർക്കാർ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന വർക്കിങ് ഗ്രൂപ്പുകൾ സാമ്പത്തികം, വ്യാപാരം, പുനരുപയോഗ ഊർജം, ഹൈഡ്രജൻ മേഖലകളുമായി ബന്ധപ്പെട്ട് സഹകരണത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. കാർഷിക മേഖലയും ജല പരിപാലനവും, ശാസ്ത്രം, സാങ്കേതികവിദ്യ, ഉന്നത സാങ്കേതിക വിദ്യകളുടെ വികസനവും കൈമാറ്റവും എന്നിവയും ചർച്ച ചെയ്തു. ഒമാൻ പക്ഷത്തെ കമ്മിറ്റിയിൽ നയതന്ത്രകാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി അധ്യക്ഷനായി. ഹംഗേറിയൻ പക്ഷത്തെ പ്രതിരോധ ഉപമന്ത്രി ഡോ. താമസ് വർഗയാണ് നയിച്ചത്. ഇരുപക്ഷവും സംയുക്ത നിക്ഷേപത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്യുകയും അത്തരം കാര്യങ്ങൾ സൂക്ഷ്മമായി പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.
യോഗങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്യൻ വിഭാഗം മേധാവി അംബാസഡർ മുൻതർ ബിൻ മഹ്ഫൂസ് അൽ മന്തേരി, ഹംഗറിയിലെ ഒമാന്റെ നോൺ റസിഡന്റ് അംബാസഡർ യൂസഫ് ബിൻ അഹമ്മദ് അൽ ജാബ്രി, നിരവധി മന്ത്രാലയങ്ങളുടെയും സർക്കാറുകളുടെയും പ്രതിനിധികൾ, ഒമാനിലെ ഹംഗറിയുടെ അംബാസഡർ ബെർണബാഷ് ഫോഡോർ, ഹംഗറിയിലെ സർക്കാർ സ്ഥാപനങ്ങളിലെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
സന്ദർശനത്തോടനുബന്ധിച്ച് ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി ഹംഗറിയുടെ വിദേശകാര്യ-വ്യാപാര ഡെപ്യൂട്ടി മന്ത്രി ലെവെന്റി മായറുമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

