മസ്ജിദ് ഇഫ്താറുകളുടെ ഓർമയിൽ പ്രവാസികൾ
text_fieldsമസ്കത്ത്:കോവിഡ് മഹാമാരിക്ക് മുമ്പുവരെ ഒമാനിലെ മസ്ജിദുകളിലും ടെന്റുകളിലുമൊക്കെയായി നടന്നിരുന്ന ഇഫ്താറുകളുടെ ഓർമകൾ അയവിറക്കുകയാണ് പ്രവാസികൾ.അക്കാലത്ത് ഒമാനിലെ ഏതാണ്ടെല്ലാ മസ്ജിദുകളിലും വിപുലമായ രീതിയിൽ ഇഫ്താറുകൾ നടന്നിരുന്നു.പല മസ്ജിദുകളിലും പഴവർഗങ്ങളും മോരും പിന്നെ ബിരിയാനികളുമൊക്കെ വിഭവങ്ങളാണ് ഉണ്ടായിരുന്നത്.നിരവധി പ്രവാസികൾ ഇത്തരം ഇഫ്താറുകളെ ആശ്രയിച്ചിരുന്നു.
പലർക്കും റമദാനിലെ പ്രധാന ആശ്വാസവും ഈ ഇഫ്താറുകളായിരുന്നു.ഇതിൽ ചില ഇടങ്ങളിലെ ഇഫ്താറുകളിൽ വിശ്വാസികൾ അല്ലാത്തവരും പങ്കെടുത്തിരുന്നു.അതോടൊപ്പം സൂഖുകളിലും മറ്റും പ്രവാസികൾ തന്നെ മുൻ കൈയെടുത്ത് നടത്തുന്ന ഇഫ്താറുകളും ഉണ്ടായിരുന്നു.വ്യാപാരികളാണ് ഇത്തരം ഇഫ്താറുകൾക്ക് നേതൃത്വം നൽകിയിരുന്നത്.മത്ര സൂഖ്, റൂവി ദോഫാർ ബിൾഡിങ് തെരുവ് എന്നിവിടങ്ങളിൽ ഇത്തരം ഇഫ്താറുകൾ നടന്നിരുന്നു.സാമൂഹിക സംഘടനകളുടെ ഇഫ്താറുകളും വ്യാപകമായിരുന്നു.ഒമാനിലെ ചില പ്രധാന കമ്പനികൾ നടത്തുന്ന ഇഫ്താറുകളുമുണ്ട്.
റമദാൻ മാസം മുഴുവൻ ഇത്തരം ഇഫ്താറുകളെ ആശ്രയിക്കുന്നവരും ഇഫ്താറിൽ കിട്ടുന്ന വിഭവങ്ങൾ മാത്രം പ്രധാന ഭക്ഷണമാക്കി നോമ്പുകാലം കഴിക്കുന്നവരും നിരവധിയാണ്.വാഹനമുള്ളവർ ദൂരെ സ്ഥലങ്ങളിലുള്ള മസ്ജിദുകളെയും അല്ലാത്തവർ നടന്നെത്താൻ കഴിയുന്ന മസ്ജിദുകളെയുമാണ് ആശ്രയിച്ചിരുന്നത്.വിവിധ മസ്ജിദുകളിൽ വിവിധഇനം ഭക്ഷ്യ വിഭവങ്ങളാണ് ഉണ്ടായിരുന്നത്.ബിരിയാണിയാണ് പ്രധാന ഇനം.ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, ഒട്ടക ബിരിയാണി എന്നിവയും ലഭിച്ചിരുന്നു.
പല ദിവസങ്ങളിലായി ബിരിയാണികൾ മാറിവരികയും ചെയ്തിരുന്നു.ചില ഇടങ്ങളിൽ ചായയും ലഭിച്ചിരുന്നു. വാഹനങ്ങളുള്ളവർ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ഇഫ്താറിന് പോയിരുന്നത്.ഏതെങ്കിലും പോയന്റുകളിൽ ഒത്ത് ചേർന്നാണ് ഇവർ ഇഫ്താർ നടത്തിയിരുന്നത്.ചില മസ്ജിദുകളിൽ സ്ത്രീകൾക്കും ഇഫ്താർ സൗകര്യമുണ്ടായിരുന്നു.അതിനാൽ കുടുംബത്തോടെ ഇഫ്താറിന് മസ്ജിദിൽ പോവുന്നവരുമുണ്ട്.മസ്ജിദുകൾ മാറി മാറി പോവുന്നവരും നിരവധിയാണ്.
നല്ല ഭക്ഷ്യ വിഭവങ്ങളും തിരക്ക് കുറവും നോക്കി പോവുന്നവരും നിരവധിയാണ്. റമദാൻ മുഴുവൻ വേറെ വേറെ മസ്ജിദുകളിലും ടെന്റുകളിലും പോവുന്നവരും ഒരേ ഇടത്ത് തന്നെ സ്ഥിരമായി പോവുന്നവരും നിരവധിയാണ്.ആദ്യമെത്തുന്നവർക്ക് സൗകര്യമുള്ള സീറ്റുകൾ ലഭിക്കുന്നതിനാൽ മലയാളികൾ പലരും ഏറെ നേരത്തേ ഇഫ്താറിനെത്തുന്നരാണ്.ഇഫ്താർ സ്ഥലങ്ങളിൽ ബാക്കിവരുന്ന ഭക്ഷ്യ വിഭവങ്ങൾ വീട്ടിലേക്ക് കൊണ്ടുപോവുന്നവരും നിരവധിയാണ്.ചുരുക്കിപ്പറഞ്ഞാൽ പലർക്കും ചെലവേറെ കുറഞ്ഞ മാസമാണ് റമദാൻ മാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

