മസ്കത്തിൽ ആശ്വാസമഴയെത്തി
text_fields1. ഇബ്രിയിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടിയപ്പോൾ 2. ഇബ്രിയിൽ മഴ പെയ്തപ്പോൾ 3. സീബ് വിലായത്തിലെ മഴയുടെ ദൃശ്യം
മസ്കത്ത്: ഒമാന്റെ പല ഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ മഴ തുടരവെ, ഒടുവിൽ മസ്കത്ത് ഗവർണറേറ്റിലും ആശ്വാസമഴയെത്തി. വെള്ളിയാഴ്ച സീബ്, അൽ മുബൈല, ആമിറാത്തിന്റെ വടക്കുപടിഞ്ഞാറൻമേഖല എന്നിവിടങ്ങളിലടക്കം മഴ അനുഭവപ്പെട്ടു. മസ്കത്തിൽ വെള്ളിയാഴ്ച പകൽ തണുത്ത കാറ്റ് ലഭിച്ചതോടെ സുഖകരമായ കാലാവസ്ഥയായിരുന്നു. ബുറൈമി, അൽ ഉഖ്ദ ഇബ്രി-ദങ്ക് റോഡ്, അൽ ഹുഖൈൻ, ദാഹിറയിലെ വാദി അബ്രി തുടങ്ങിയ മസ്കത്തിന് പുറത്തുള്ള മറ്റു പ്രദേശങ്ങളിലും വെള്ളിയാഴ്ച മഴ അനുഭവപ്പെട്ടു.
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മസ്കത്തിൽ മഴയെത്തിയിരുന്നില്ല. മുസന്ദം ഗവർണറേറ്റിൽ കനത്ത മഴ തുടരുകയാണ്. വാദികൾ മിക്കതും കവിഞ്ഞൊഴുകുന്ന സാഹചര്യമുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
അതേസമയം ഖസബിൽ ഏതാനും ദിവസമായി കനത്ത മഴ തുടരുകയാണ്. സമീപകാലത്ത് ഒമാനിൽ ഏറ്റവും കൂടുതൽ മഴ വർഷിച്ചത് മുസന്ദമിലെ ജബൽ ഹാരിമിലാണ്. 150 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ച നാലുമുതൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുവരെയാണ് ഇത്രയും മഴ ലഭിച്ചത്. മുസന്ദമിലെ ഇതര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിച്ചു. ബക്കയിൽ 68.6 മില്ലീ ലിറ്ററും മഹ്ദയിൽ 10.4 മില്ലീ മീറ്ററും ബശെറമിയിൽ 8.8 മില്ലീമീറ്ററും മഴ ലഭിച്ചു. വടക്കൻ ഒമാനിലെ ചില പ്രദേശങ്ങളെ ബാധിച്ച ശക്തമായ കാലാവസ്ഥ സാഹചര്യങ്ങളുടെ തീവ്രതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു.
കനത്ത മഴയെ തുടർന്ന് മലനിരകളിലും വാദികൾക്കടുത്തും ഒഴുക്ക് ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുള്ളതിനാൽ, ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ താമസക്കാരോട് അഭ്യർഥിച്ചു. ഒമാനിൽ ശനിയാഴ്ചവരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഒരാഴ്ച മുമ്പേ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ ഒമാനിലെ ബർക്കയിലും അൽ റുഷ്താഖിലും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.
റുഷ്താഖിലെ ജമായിലും അൽ ഹസ്മിലും ശ്വാസകോശരോഗികൾ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമപ്പെടുത്തി.
ജബൽ ശംസ് മേഖലയിൽ വെള്ളിയാഴ്ച കനത്ത മൂടൽമഞ്ഞ് അനുവപ്പെട്ടു.
വാദി അൽ ഖസമിൽ പൂർണമായും കോട മൂടി. ജബൽ ശംസിലേക്കുള്ള റോഡിൽ ദൃശ്യപരത കുറഞ്ഞതോടെ വാഹനഗതാഗതം മന്ദഗതിയിലായി. അവധിദിവസമായിരുന്നതിനാൽ നിരവധിപേർ വെള്ളിയാഴ്ച ജബൽ ശംസിലെ കാലാവസ്ഥയും കാഴ്ചകളും ആസ്വദിക്കാനെത്തിയിരുന്നു. കനത്ത മൂടൽമഞ്ഞിൽ ജബൽ ശംസ് മനോഹരകാഴ്ചയൊരുക്കിയത് സന്ദർശകർക്ക് അപ്രതീക്ഷിത വിരുന്നായി.
ഒഴുക്കുള്ള വാദിയിൽ അപകടത്തിൽപെട്ട വാഹനത്തെ രക്ഷപ്പെടുത്തി
ഖസബ് വിലായത്തിൽ കുത്തിയൊഴുകുന്ന വാദിയിൽ അപകടത്തിൽപെട്ട വാഹനത്തെ രക്ഷപ്പെടുത്തുന്നു
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ കുത്തിയൊഴുകുന്ന വാദിയിൽ അപകടത്തിൽപെട്ട വാഹനത്തെ രക്ഷപ്പെടുത്തി. സംഭവശേഷം ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ വാഹനമോടിച്ചതിനാണ് നടപടി. ഉയർന്ന ജലനിരപ്പ് നിലനിന്നിട്ടും വെള്ളപ്പൊക്കമുണ്ടായ വാദി കടക്കാൻ ശ്രമിച്ച ഇയാളുടെ വാഹനം ശക്തമായ ഒഴുക്കിൽപെടുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘങ്ങൾ നടത്തിയ അടിയന്തര ഇടപെടലിലാണ് ഡ്രൈവറെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
സുൽത്താനേറ്റിന്റെ വടക്കൻ ഗവർണറേറ്റുകളെ ബാധിച്ച തുടർച്ചയായ കനത്ത മഴക്കിടെയാണ് സംഭവം. നിരവധി വാദികളിൽ ശക്തമായ ഒഴുക്ക് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതതടസ്സങ്ങളും അപകടകരമായ റോഡ് സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ട്. കനത്ത മഴയെതുടർന്ന് വാദികളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ള യാത്രകൾ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും ബന്ധപ്പെട്ട അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

