ചൂടിന് ആശ്വാസം; വിവിധ ഇടങ്ങളിൽ മഴ
text_fieldsമഹ്ദയിൽ നിറഞ്ഞൊഴുകുന്ന വാദി
മസ്കത്ത്: കത്തുന്ന ചൂടിന് ആശ്വാസം പകർന്ന് ഒമാനിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. കാറ്റിന്റെ അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പലയിടത്തും വാദികൾ നിറഞ്ഞൊഴുകി. വിവിധ ഭാഗങ്ങളിൽ ആലിപ്പഴവും വർഷിച്ചു.മഹ്ദ, യങ്കൽ, ഇബ്രി, റുസ്താഖിലെ വാദി അൽ സഹ്ഹാൻ, സമൈലിലെ വാദി മഹ്റം, യാങ്കുൽ, നഖലിലെ വാദി മുസ്താൽ, മുദൈബി, ബുറൈമി എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വ്യത്യസ്ത തീവ്രതയിലുളള മഴയാണ് അനുഭവപ്പെട്ടത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം മൂടികെട്ടിയ അന്തരീക്ഷമായിരുന്നു.
റുസ്താഖിൽനിന്നുള്ള മഴയുടെ ദൃശ്യം
ഉച്ചയോടെയാണ് ശക്തിയാർജിച്ചത്. അതേസമയം, തലസ്ഥാന നഗരിയിൽ മഴ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പൊള്ളുന്ന ചൂടിന് ശമനമുണ്ടായത് ആശ്വാസം നൽകുന്നതായി. രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും മൂന്ന് ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും താപനിലയിൽ ഗണ്യമായ കുറവ് വരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രവർത്തനത്തിൽ ക്രമേണ താപനിലയിൽ കുറവുണ്ടാകുമെന്നായിരുന്നു പ്രവചനം. ഇത് സുൽത്താനേറ്റിലുടനീളം പ്രതീക്ഷിക്കുന്ന തണുത്ത കാലാവസ്ഥക്കും കാരണമായേക്കുമെന്നാണ് അധികൃതർ സൂചിപ്പിച്ചത്.ചില പ്രദേശങ്ങളിൽ രാത്രി വൈകിയും പുലർച്ചെയും മഴ, മൂടൽമഞ്ഞ് താഴ്ന്ന മേഘങ്ങൾ എന്നിവ ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

