ടെലികോം ഉപഭോക്താക്കൾക്ക് ആശ്വാസം
text_fieldsമസ്‌കറ്റ്: ഒമാനിലെ ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ) നിർണായകമായ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ടെലികോം കമ്പനികൾ തങ്ങളുടെ സേവന പ്ലാനുകളിലോ കരാർ വ്യവസ്ഥകളിലോ മാറ്റം വരുത്തുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് ഒരുവിധ പിഴയും നൽകാതെ തന്നെ ആ സേവനം അവസാനിപ്പിക്കാനുള്ള അവകാശം പുതിയ നിയമം ഉറപ്പാക്കുന്നു.
ടെലികോം സേവന ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംബന്ധിച്ച ചട്ടത്തിലെ ആർട്ടിക്കിൾ ഒമ്പത് പ്രകാരമാണ് ഈ പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. ഇതനുസരിച്ച്, കുറഞ്ഞ കരാർ കാലാവധിയുള്ള പ്ലാനുകളിൽ സേവനദാതാവ് ഭേദഗതികൾ വരുത്തിയാൽ ഉപഭോക്താവിന് സേവനം തുടരുയോ പിഴയില്ലാതെ റദ്ദാക്കുകയോ ചെയ്യാവുന്ന രണ്ട് ഓപ്ഷനുകൾ നൽകാൻ കമ്പനി ബാധ്യസ്ഥരാണ്. ഇതുപ്രകാരം, നിലവിലുള്ള കരാറിലെ പഴയ വ്യവസ്ഥകളിൽ തന്നെ കാലാവധി കഴിയുന്നത് വരെ സേവനം തുടരാൻ ഉപഭോക്താവിന് അനുവാദമുണ്ട്.
അല്ലെങ്കിൽ, പുതിയ വ്യവസ്ഥകൾ സ്വീകാര്യമല്ലാത്തപക്ഷം, ‘ഏർലി ടെർമിനേഷൻ ഫീ’ അഥവാ കരാർ നേരത്തെ അവസാനിപ്പിക്കുന്നത് മൂലമുള്ള യാതൊരുവിധ പിഴയും നൽകാതെ കണക്ഷൻ റദ്ദാക്കാം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും മറഞ്ഞിരിക്കുന്നതുമായ ചാർജുകൾ ഒഴിവാക്കാൻ മറ്റ് ചില നിർദ്ദേശങ്ങളും ശടലികോം റെഗുലേറ്ററി അതോറിറ്റി നൽകിയിട്ടുണ്ട്: പാക്കേജ് നിരക്കുകൾ വെബ്‌സൈറ്റുകളിലും ആപ്പുകളിലും പോയിന്റ് ഓഫ് സെയിലുകളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നതാണ് നിദേശങ്ങളിലൊന്ന്. സബ്‌സ്‌ക്രിപ്‌ഷനുകൾ, പുതുക്കലുകൾ, അപ്‌ഗ്രേഡുകൾ എന്നിവക്ക് ഉപഭോക്താവിന്റെ വ്യക്തമായ അനുമതി വാങ്ങിയിരിക്കണം.
പ്രൊമോഷണൽ ഓഫറുകൾ വഴി ഉപഭോക്താക്കളെ 12 മാസത്തിൽ കൂടുതൽ നീളുന്ന കരാറുകളിൽ കുടുക്കാൻ പാടില്ലെന്നും അതോറിറ്റി നിദേശം നൽകിയിട്ടുണ്ട്. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി ടെലികോം മേഖലയിൽ ഡിജിറ്റൽ നീതി ഉറപ്പാക്കാനും സേവന ഗുണനിലവാരം മെച്ചപ്പെടുത്താനും വിപണിയിൽ ആരോഗ്യകരമായ മത്സരം നിലനിർത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി വ്യകതമാക്കി. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ കർശനമായ നിരീക്ഷണവും ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

