ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; 11 വിസ സർവിസ് കേന്ദ്രങ്ങള്‍ വരുന്നു
text_fieldsമസ്കത്ത് ഇന്ത്യൻ എംബസി
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസവുമായി 11 വിസ സർവിസ് കേന്ദ്രങ്ങള്‍ വരുന്നു. മസ്കത്ത് ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. എംബസിയുടെ കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ ജൂലൈ ഒന്ന് മുതൽ പുതിയ സേവനദാതാവായ എസ്.ജി.ഐ.വി.എസ് ഗ്ലോബൽ സർവിസസിലേക്കും മാറും. സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് ഒമാനിലുടനീളം 11 പുതിയ അപേക്ഷ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്ന് എംബസി അറിയിച്ചു.
ആദ്യ ഘട്ടത്തിൽ, എല്ലാ സേവനങ്ങളും അൽ ഖുവൈറിലെ ഡിപ്ലോമാറ്റിക് ഏരിയയിലുള്ള എംബസി പരിസരത്തുനിന്ന് തന്നെയാകും ലഭിക്കുക. ആഗസ്റ്റ് 15ഓടെ 11പുതിയ കേന്ദ്രങ്ങളും പൂർണമായി പ്രവർത്തനക്ഷമമാകും. മസ്കത്ത്, സലാല, സുഹാർ, ഇബ്രി, സുർ, നിസ്വ, ദുകം, ഇബ്ര, ഖസബ്, ബുറൈമി, ബർക്ക എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
അപേക്ഷകർ അതനുസരിച്ച് ആസൂത്രണം ചെയ്യാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മസ്കത്ത് ഇന്ത്യൻ എംബസി പൊതു അറിയിപ്പിൽ വ്യക്തമാക്കി. സേവനങ്ങളുടെ ഈ മാറ്റം നടക്കുന്ന സമയത്ത് ചെറിയ തടസ്സങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ സഹകരിക്കണം. അപേക്ഷകർ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വഴി ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ ശ്രദ്ധിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

