വിപണിയെ നിയന്ത്രിക്കൽ; പരിശോധന ശക്തമാക്കി തൊഴിൽ മന്ത്രാലയം
text_fieldsതൊഴിൽ മന്ത്രാലയം അധികൃതർ പരിശോധന നടത്തുന്നു
മസ്കത്ത്: വിപണിയെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ ഗവർണറേറ്റുകളുടനീളം പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമവും അനുബന്ധ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ഉൽപാദനക്ഷമവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള തുടർച്ചയായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പരിശോധനകൾ.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് മാത്രമല്ല, നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകളിലും തൊഴിലാളികളിലും അവബോധം വളർത്തുന്നതിനും കൂടിയാണ് ഈ കാമ്പയിനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
ഇതിലൂടെ, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ന്യായമായ മത്സരം ശക്തിപ്പെടുത്താനും സ്വദേശികൾക്ക് സുസ്ഥിരമായ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കാനും മന്ത്രാലയം ശ്രമിക്കുന്നു.
പരിശോധനകൾ പല തരത്തിലാണ് നടത്തുന്നതെന്ന് മസ്കത്തിലെ ലേബർ കൺട്രോൾ ഓഫിസിലെ ഇൻസ്പെക്ഷൻ കാമ്പെയ്ൻസ് വിഭാഗം മേധാവി അമാനുല്ല ബിൻ ബലാൻ അൽ ബലൂഷി പറഞ്ഞു. ആക്ഷൻ പ്ലാനുകളുടെ അടിസ്ഥാനത്തിൽ ഷെഡ്യൂൾ ചെയ്ത സന്ദർശനങ്ങൾ, പൊതുജന പരാതികളെത്തുടർന്ന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ, അല്ലെങ്കിൽ നിയമവിരുദ്ധ തൊഴിലാളികളെ നിയമിക്കുന്നത് പോലുള്ള ക്രമക്കേടുകൾ കണ്ടെത്തുന്നതിനുള്ള അപ്രതീക്ഷിത പരിശോധനകൾ എന്നിവയാണ് നടന്നുവരുന്നത്. തൊഴിൽ വിപണിയിൽ നല്ലരീതിയിൽ നിലനിർത്തുന്നതിനും സമ്പദ്വ്യവസ്ഥയെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്ന രീതികൾ തടയുന്നതിനും ഇത്തരം കാമ്പയിനുകൾ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധനയുടെ ശക്തമാക്കുന്നതിനായി ഫീൽഡ് കാമ്പയിനുകൾക്കായി മന്ത്രാലയം അടുത്തിടെ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപ്പറേഷന്റെ (എസ്.എസ്.സി) ഇൻസ്പെക്ഷൻ യൂനിറ്റിനെ നിയോഗിച്ചിരുന്നു. മസ്കത്ത്, ദോഫാർ, വടക്കൻ ബാത്തിന തുടങ്ങിയ ഗവർണറേറ്റുകളിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന ഒമാനി ഇതര തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഈ യൂനിറ്റ് സഹായകമായിട്ടുണ്ട്.
മറ്റു ഗവർണറേറ്റുകളലേക്കും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്റെ (എസ്.എസ്.സി) ഇൻസ്പെക്ഷൻ യൂനിറ്റന്റെ പരിശോധനകൾ വ്യാപിപ്പിക്കും. ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ, റീട്ടെയിൽ മാർക്കറ്റുകൾ, ലോജിസ്റ്റിക്സ്, ഗതാഗതം, ടൂറിസം സ്ഥാപനങ്ങൾ, വെയർഹൗസുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാവസായിക വർക്ക്ഷോപ്പുകൾ, പൊതു സേവനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലായാണ് പരിശോധനകൾ നടക്കുന്നത്.
ഈ വൈവിധ്യമാർന്ന മേഖലകളിൽ പരിശോധന വ്യാപിപ്പിക്കുന്നതിലൂടെ, എല്ലാ സ്ഥാപനങ്ങളും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും ഒമാനി തൊഴിലാളികൾക്ക് ന്യായമായ തൊഴിലവസരങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രാലയം ഉറപ്പാക്കുന്നു. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും, അനധികൃത തൊഴിലാളികളെ കുറക്കുന്നതിനും, ഒമാനികൾക്ക് സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പരിശോധനാ കാമ്പയിനുകൾ ഗണ്യമായി സംഭാവന ചെയ്യുന്നുണ്ടെന്ന് അൽ ബലൂഷി കൂട്ടിചേർത്തു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല, സുതാര്യതയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒമാനി വിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ഇത് ചെയ്യുമെവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം തുടക്കം മുതൽ, യോഗ്യതയുള്ള അധികാരികളുമായി സഹകരിച്ച് 6,698 പരിശോധനാ കാമ്പയിനുകൾ നടത്തി.
കൂടാതെ, മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പരാതി സംവിധാനത്തിലൂടെയും തജാവാബ് പ്ലാറ്റ്ഫോമിലൂടെയും 697 റിപ്പോർട്ടുകൾ ലഭിച്ചു. ഈ കാലയളവിൽ, 7,874 ഒമാനി ഇതര തൊഴിലാളികൾ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തി. ഇത് തുടർച്ചയായ നിരീക്ഷണത്തിന്റെയും നടപ്പാക്കലിന്റെയും ആവശ്യകതയെ അടിവരയിടുന്നതണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

