Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരജിസ്റ്റര്‍...

രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നേട്ടങ്ങളേറെ

text_fields
bookmark_border
മസ്കത്ത്: നിരവധി ക്ഷേമപദ്ധതികളാണ് പ്രവാസികള്‍ക്കായി നോര്‍ക്ക രൂപം നല്‍കിയിട്ടുള്ളത്. ജോലി നഷ്ടപ്പെട്ട് തിരിച്ചുചെല്ലുന്ന പ്രവാസികള്‍ക്ക് സ്വന്തമായും സംഘമായും വലുതും ചെറുതുമായ സംരംഭങ്ങള്‍ തുടങ്ങാനുള്ള സൗകര്യങ്ങള്‍ നോര്‍ക്കയുടെ കീഴിലുണ്ട്. നോര്‍ക്കയില്‍ അംഗമായ ഓരോ വ്യക്തിക്കും രണ്ടുലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 
പ്രവാസം മതിയാക്കി മടങ്ങിച്ചെല്ലുന്ന പ്രവാസിക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 20 ലക്ഷം രൂപ വരെ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ പ്രവാസി വകുപ്പ് നല്‍കുന്നുണ്ട്. ഇതില്‍ മൂന്നുലക്ഷം രൂപ വരെ സബ്സിഡിയായി നല്‍കുന്നു. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്ത് മടങ്ങിയത്തെിവരായിരിക്കും ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കള്‍. കോഴി വളര്‍ത്തല്‍, മത്സ്യകൃഷി, പശുവളര്‍ത്തല്‍, ഫാം ടൂറിസം, ആടുവളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍, കച്ചവടം, റിപ്പയര്‍ ഷോപ്, റസ്റ്റാറന്‍റുകള്‍, ടാക്സി വാഹനങ്ങള്‍, പൊടിമില്ലുകള്‍, ബേക്കറി ഉല്‍പന്നങ്ങള്‍, ഫര്‍ണിച്ചര്‍-തടി വ്യവസായം, കടലാസ് പുന$ചംക്രമണം തുടങ്ങിയ നിരവധി പദ്ധതികള്‍ക്ക് ആനുകൂല്യം ലഭിക്കും. പരമാവധി 20 ലക്ഷം രൂപ മൂലധന ചെലവുവരുന്ന പദ്ധതിയില്‍ വായ്പ തുകയുടെ 15 ശതമാനം സബ്സിഡിയോടൊപ്പം ഗഡുക്കള്‍ മുടക്കം കൂടാതെ അടക്കുന്നവര്‍ക്ക് ആദ്യ നാലുവര്‍ഷം മൂന്നു ശതമാനം പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ച് നല്‍കും. ബാങ്കിന്‍െറ നിബന്ധനകള്‍ക്കും ജാമ്യവ്യവസ്ഥകള്‍ക്ക് അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍െറ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചുമായിരിക്കും വായ്പ അനുവദിക്കുന്നത്. കൂടാതെ, രണ്ടുവര്‍ഷം വരെ പ്രവാസികളായവര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ ചികിത്സാ ചെലവിനും സഹായം ലഭിക്കും. ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ സഹായത്തിന് അര്‍ഹരല്ല. ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ഗുരുതര രോഗമുള്ള പ്രവാസിക്ക് ചികിത്സ സഹായമായി 50,000 രൂപ വരെയും അല്ലാതുള്ള രോഗങ്ങള്‍ക്ക് 20,000 രൂപ വരെയും വീല്‍ചെയറിന് 15,000 രൂപയും വിവാഹ സഹായമായി 15,000 രൂപ വരെയും നല്‍കിവരുന്നുണ്ട്. കൂടാതെ, വിദേശത്തുവെച്ച് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും ചികിത്സക്കായി വന്ന ചെലവിന്‍െറ കാശും നോര്‍ക്ക നല്‍കുന്നതാണ്. 
സ്പോണ്‍സറോ മറ്റാരെങ്കിലും സൗജന്യമായോ ഇത്തരം ചെലവ് വഹിച്ചതായി ബോധ്യപ്പെട്ടാല്‍ ആനുകൂല്യം ലഭിക്കില്ല. നോര്‍ക്കയുടെ കീഴില്‍ പ്രവാസി നിയമ സഹായസെല്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് അതത് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംബസികളുടെ സഹകരണത്തോടെ നിയമസഹായം നല്‍കുന്നതാണ് ഈ പദ്ധതി. റിക്കവറി, പിഴ, ബ്ളഡ്മണി തുടങ്ങിയവക്ക് സഹായം ലഭ്യമാകില്ല. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്കും ജയില്‍വാസം അനുഭവിക്കുന്ന വ്യക്തികളുടെ അടുത്ത ബന്ധുക്കള്‍ക്കും ഗുണഭോക്താവിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
രജിസ്ട്രേഷന്‍ എങ്ങനെ
മസ്കത്ത്: ആറുമാസം പ്രവാസം പൂര്‍ത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭര്‍ത്താവിന്‍െറ വിസയിലുള്ള വീട്ടമ്മമാര്‍ക്കും 300 രൂപ രജിസ്ട്രേഷന്‍ ഫീസടച്ച് നോര്‍ക്കയുടെ ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ മൂന്നു വര്‍ഷത്തെ കാലാവധിയുള്ള തിരിച്ചറിയല്‍ രേഖ ലഭ്യമാകും. 
തിരിച്ചറിയല്‍ രേഖ പോസ്റ്റ് ഓഫിസ് വഴി അപേക്ഷകരുടെ വീടുകളില്‍ നേരിട്ടാണ് നോര്‍ക്ക എത്തിക്കുക. വിസ പേജ് ഉള്‍പ്പെടെ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് കോപ്പി, സ്വയം സാക്ഷ്യപ്പെടുത്തിയ സിവില്‍ ഐ.ഡി കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയാണ് രജിസ്ട്രേഷന് ആവശ്യമായത്. 
300 രൂപ ഐ.ഡി ഫീസ്, ഡി.ഡി, തപാല്‍ ചാര്‍ജ് ഉള്‍പ്പെടെ  രണ്ടു റിയാലാണ് രജിസ്ട്രേഷന്‍  ഫീസായി സംഘടനകള്‍ വാങ്ങുന്നത്. 
രജിസ്ട്രേഷനുള്ളവര്‍ വിരളം
മസ്കത്ത്: മലയാളി പ്രവാസികളുടെ ക്ഷേമത്തിനായി 1996ല്‍ കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നോണ്‍ റെസിഡന്‍റ് കേരളൈറ്റ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റിനെ (നോര്‍ക്ക) കുറിച്ചും അത് നല്‍കുന്ന സേവനങ്ങളെ കുറിച്ചും പ്രവാസികളില്‍ അധികപേരും ബോധവാന്മാരല്ല. ജി.സി.സി രാജ്യങ്ങളിലെ മലയാളികളുടെ എണ്ണം ഏകദേശം 22 ലക്ഷമാണ്. 
എന്നാല്‍, മൊത്തം പ്രവാസി മലയാളികളില്‍ ഒന്നര ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇതുവരെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വ്യക്തികളെ പോലെ പ്രവാസി സംഘടനകള്‍ക്കും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത പ്രവാസി സംഘടനകള്‍ക്ക് നോര്‍ക്കയുടെ വിവിധ ക്ഷേമപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാനും പ്രവാസികളുടെ ഏജന്‍റായി സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെടാനും സാധിക്കും. എന്നാല്‍, ഒമാനില്‍നിന്ന് ഒരു സംഘടനയും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. യു.എ.ഇയില്‍നിന്ന് 22, സൗദി അറേബ്യയില്‍നിന്ന് 12, ബഹ്റൈന്‍, കുവൈത്ത്, യു.എസ്.എ, ജര്‍മനി, ബ്രൂണെ, യമന്‍ രാജ്യങ്ങളില്‍നിന്ന് ഒന്നുവീതം സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒമാനെ പോലെ ഖത്തറില്‍നിന്നും ഒരു സംഘടനക്കും രജിസ്ട്രേഷനില്ല.
Show Full Article
TAGS:x
News Summary - Register
Next Story