പ്രാദേശിക സംഘർഷം; തുർക്കിയ പ്രസിഡന്റും ജർമ്മൻ ചാൻസലറും സുൽത്താനുമായി സംസാരിച്ചു
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ്, റജബ് ത്വയ്യിബ് ഉർദുഗാൻ, ഫ്രെഡറിക് മെർസിൽ
മസ്കത്ത്: ഇസ്രായേൽ-ഇറാൻ പ്രതിസന്ധിക്കിടയിലുള്ള പ്രാദേശിക സംഘർഷങ്ങളെക്കുറിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും സംസാരിച്ചു. ഇരുനേതാക്കളും ഫോണിലൂടെയാണ് ഇസ്രായേലിനും ഇറാനും ഇടയിൽ വർധിച്ചുവരുന്ന സാഹചര്യത്തെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചത്.തുടർച്ചയായ ആക്രമണത്തിൽനിന്നുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കൾ ചർച്ച ചെയ്തു. മേഖലയിലുടനീളം വർധിച്ചുവരുന്ന പ്രത്യാഘാതങ്ങളിലും അയൽരാജ്യങ്ങളുടെ സുരക്ഷക്കും താൽപര്യങ്ങൾക്കും അത് ഉയർത്തുന്ന ഭീഷണിയിലും അവർ ആശങ്ക പ്രകടിപ്പിച്ചു.
പ്രാദേശിക സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ സ്ഥിതിഗതികളും നിലവിൽ നിലനിൽക്കുന്ന സംഘർഷങ്ങളും ഇരുവിഭാഗവും ചർച്ച ചെയ്തു. ശാന്തത ഏകീകരിക്കുന്നതിനും, സംഘർഷം രൂക്ഷമാകുന്നത് തടയുന്നതിനും, പ്രാദേശികവും ആഗോളവുമായ സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഇരുവിഭാഗവും ഊന്നിപ്പറഞ്ഞു. സമാധാന പ്രക്രിയകളെ പിന്തുണക്കുന്നതിലും സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിലും ഒമാൻ പിന്തുടരുന്ന സമതുലിതമായ സമീപനത്തിനും വിവേകപൂർണ്ണമായ നയത്തിനും ജർമ്മൻ ചാൻസലർ വിലമതിപ്പ് പ്രകടിപ്പിച്ചു. സഹകരണ തത്ത്വങ്ങൾ ഏകീകരിക്കുന്നതിനും, രാഷ്ട്രങ്ങളുടെ പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, ലോകജനതക്ക് മാന്യമായ ജീവിതത്തിനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര സുരക്ഷയെ പിന്തുണക്കുന്നതിനായി ജർമൻ സർക്കാർ നടത്തിയ ശ്രമങ്ങളെയും പരസ്പര ബഹുമാനത്തിലും പൊതു താൽപര്യങ്ങളിലും അധിഷ്ഠിതമായ ധാരണയും സഹകരണവും വർധിപ്പിക്കുന്നതിനുള്ള അതിന്റെ താൽപര്യത്തെയും സുൽത്താൻ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

