തൊഴിൽ വിപണിയിലെ പരിഷ്കരണം; 60 ദശലക്ഷം റിയാലിന്റെ പാക്കേജിന് മന്ത്രിസഭയുടെ അനുമതി
text_fieldsമസ്കത്ത്: രാജ്യത്തെ തൊഴിൽവിപണിക്ക് ഉണർവ് പകർന്ന് 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്പത്തിക ഒത്തുതീർപ്പുകളുടെയും പാക്കേജിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിന് ഗുണകരമായ രീതിയിൽ വ്യക്തികളുടെയും ബിസിനസ് ഉടമകളുടെയും അവകാശങ്ങൾ സുരക്ഷിതമാക്കുന്നതിനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഏഴ് വർഷം മുമ്പ് ലേബർ കാർഡുകൾ കാലഹരണപ്പെട്ട വ്യക്തികളുടെ എല്ലാ പിഴകളും കുടിശ്ശികകളും തൊഴിൽ മന്ത്രാലയം റദ്ദാക്കി.
കൂടാതെ, 2017 ലും അതിനുമുമ്പും രജിസ്റ്റർ ചെയ്ത കുടിശ്ശികകൾ അടക്കുന്നതിൽനിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിൽ തൊഴിലാളികളുടെ നാടുകടത്തൽ ടിക്കറ്റുകളുടെ വിലയും ഉൾപ്പെടും.10 വർഷമായി പ്രവർത്തനരഹിതമായിരുന്നതായി ലേബർ കാർഡുകൾ റദ്ദാക്കിയതായി മന്ത്രാലയം അറിയിച്ചു. അതിനിടയിൽ കാർഡ് ഉടമകൾ അനുബന്ധ സേവനങ്ങൾക്ക് അപേക്ഷിക്കാത്തതിനാലാണ് റദ്ദാക്കിയിരിക്കുന്നത്. തൊഴിലാളി ഇവിടെനിന്നും പോകൽ, സേവന കൈമാറ്റം, ഒളിച്ചോടിയ തൊഴിലാളിയായി രജിസ്റ്റർ ചെയ്യൽ എന്നിവകൊണ്ടായിരുന്നു പുതുക്കാത്തതെങ്കിൽ കാർഡുകൾ വീണ്ടും ആകറ്റിവേറ്റ് ചെയ്യാവുന്നതാണ്.ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങൾ മറ്റ് കക്ഷികൾക്ക് കൈമാറുകയോ ചെയ്താൽ, അവർക്കെതിരായ സാമ്പത്തിക ബാധ്യതകൾ എഴുതിത്തള്ളുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.
കൂടാതെ, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വ്യവസ്ഥകൾ ലഘൂകരിക്കുന്നതിനും ലേബർ കാർഡുകളുമായി ബന്ധപ്പെട്ട പിഴകളിൽനിന്ന് അവരെ ഒഴിവാക്കുന്നതിനും സഹായിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്ക് ഗ്രേസ് പിരീഡും പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്ന് മുതൽ ആറ് മാസം വരെയാണ് ഗ്രേസ് പിരീഡ്. ലൈസൻസ് (ലേബർ കാർഡ്) പുതുക്കുകയും അടുത്ത കാലയളവിലേക്ക് (രണ്ട് വർഷം) പുതുക്കൽ തുക നൽകുക, ജോലി ഉപേക്ഷിച്ചതിന്റെ റിപ്പോർട്ട് റദ്ദാക്കുക, തൊഴിലാളിയുടെ സേവനങ്ങൾ കൈമാറ്റം ചെയ്യുക, തൊഴിലാളി രാജ്യത്ത് നിന്ന് അവസാനമായി പുറത്തുകടക്കുമ്പോൾ തൊഴിലുടമ വിമാന ടിക്കറ്റ് നൽകുക എന്നിവ ചെയ്താൽ മാത്രമേ ഇത് സാധ്യമാകൂ. ഫെബ്രുവരി ഒന്ന് മുതൽ ജൂലൈ 31വരെ വെബ്സൈറ്റ് വഴിയും വിവിധ സേവന വിതരണ ഔട്ട്ലെറ്റുകൾ വഴിയും ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

