കാർബൺ ബഹിർഗമനം കുറക്കൽ; 2030ഓടെ 7000 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കും
text_fieldsനഗരത്തിലെ ചാർജിങ് പോയന്റുകളിലൊന്ന്
മസ്കത്ത്: കാർബൺ ബഹിർഗമനം കുറക്കുന്നതിന് ഗതാഗത, വാർത്താവിനിമയ, വിവര-സാങ്കേതിക മന്ത്രാലയം പ്രത്യേക പരിപാടി ആരംഭിച്ചു. ബഹിർഗമനത്തിന്റെ 20 ശതമാനത്തിനും കാരണമാകുന്ന ഗതാഗത മേഖലയിലും വാർത്താവിനിമയ, വിവര സാങ്കേതിക മേഖലകളിലും കാർബൺ പുറന്തള്ളൽ കുറക്കുന്നതിനാണ് പദ്ധതി തുടക്കമിട്ടിരിക്കുന്നത്. സീറോ കാർബൺ ന്യൂട്രാലിറ്റിക്കുള്ള പദ്ധതിയെ മന്ത്രാലയം മൂന്നു ഘട്ടങ്ങളായാണ് നടപ്പാക്കുക. പുറംതള്ളൽ 2030ഓടെ മൂന്നു ശതമാനം കുറക്കുന്നതാണ് ആദ്യ ഘട്ടം.
രണ്ടാംഘട്ടത്തിൽ 2040ഓടെ ബഹിർഗമനം 34 ശതമാനം കുറക്കും. 2050ഓടെ പുറംതള്ളൽ 100 ശതമാനം കുറക്കുന്നതാണ് മൂന്നാം ഘട്ടം. ആദ്യ ഘട്ടത്തിൽ 7000 ഇലക്ട്രിക് കാറുകൾ അല്ലെങ്കിൽ പുതിയ ലൈറ്റ് വാഹനങ്ങളുടെ 35 ശതമാനം എത്തിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. പൊതുഗതാഗതത്തിൽ ജൈവ ഇന്ധനങ്ങളുടെ ഉപയോഗത്തിനു പുറമേ, പ്രാദേശികമായി 100 ശതമാനം വികസിപ്പിച്ച ഇരട്ട ജ്വലന സാങ്കേതികവിദ്യ ഉപയോഗിച്ച് ഹെവി ഉപകരണങ്ങളിൽനിന്നുള്ള ഉദ്വമനം 40 ശതമാനം കുറക്കുകയും ചെയ്യും.
തുറമുഖങ്ങളിലെ ചില ഉപകരണങ്ങളെ വൈദ്യുതോർജം ഉപയോഗിക്കുന്ന പരിസ്ഥിതിസൗഹൃദ ഉപകരണങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ, 2040ഓടെ 22,000 പുതിയ ഇലക്ട്രിക് കാറുകൾ എത്തിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഹരിത ഇന്ധനം ബസ് സ്റ്റേഷനുകൾ, കൂടാതെ വിവിധ മേഖലകളിലെ കെട്ടിടങ്ങളുടെ മലിനീകരണം കുറക്കുന്നതിന് സഹായിക്കുന്ന സോളാർ പാനലുകൾ സ്ഥാപിക്കും.
മൂന്നാം ഘട്ടത്തിൽ, മലിനീകരണം 100 ശതമാനം കുറക്കുന്നതിന് സംഭാവന ചെയ്യുന്നതിനായി ട്രക്കുകൾക്കും ഹെവി ഉപകരണങ്ങൾക്കുമായി ഹൈഡ്രജൻ അല്ലെങ്കിൽ വൈദ്യുതി സാങ്കേതികവിദ്യകൾ പൂർണമായും ഉപയോഗിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. വൈദ്യുതി കാറുകൾക്കായി സുൽത്താനേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മന്ത്രാലയം സ്വകാര്യ മേഖലയിലെ പങ്കാളികളുമായി പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

