ഇസ്കിയിലെ പുരാതന മുഖസ്സ മസ്ജിദ് പുനർനിർമാണം പൂർത്തിയായി
text_fieldsഇസ്കി വിലായത്തിലെ ചരിത്രപ്രസിദ്ധമായ മുഖസ്സ മസ്ജിദിന്റെ ഉൾവശം
മസ്കത്ത്: അൽ ദാഖിലിയ പ്രവിശ്യയിലെ ഇസ്കി വിലായത്തിലെ ചരിത്രപ്രസിദ്ധമായ മുഖസ്സ മസ്ജിദിന്റെ പുനരുദ്ധാരണം പൂർത്തിയായതായി പൈതൃക-ടൂറിസം മന്ത്രാലയം അറിയിച്ചു. ഒമാനിലെ പൈതൃക കെട്ടിടങ്ങളും മതപരമായ ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് 400 വർഷത്തിലേറെ പഴക്കമുള്ള മുഖസ്സ മസ്ജിദ് പുനർനിർമിച്ചത്. ഇസ്കിയിലെ ഏറ്റവും പഴയ മസ്ജിദുകളിലൊന്നാണിത്. കെട്ടിടത്തിലെ ഒമാനി ശൈലിയിലുള്ള വാസ്തുവിദ്യയും അലങ്കാരകലയും സവിശേഷതയുള്ളതാണ്.
ചരിത്രപ്രസിദ്ധമായ മുഖസ്സ മസ്ജിദിന്റെ പുറം കാഴ്ച
കിഴക്കും തെക്കുമായി വ്യാപിച്ചുകിടക്കുന്ന മുറ്റവും പ്രാർഥനാമുറിയും ഒരു ചെറു മിഹ്റാബും ഉൾക്കൊള്ളുന്നതാണ് മസ്ജിദ് കെട്ടിടം. മുഖ്യ പ്രവേശനകവാടങ്ങളടെ ലിന്റൽ പാളികൾ പഴയ മരത്തിൽ തീർത്തതാണ്. അവയുടെ പൈതൃകമൂല്യം നിലനിർത്താനായി ഇവ അതേപോലെ പുനരുദ്ധാരണത്തിലും സംരക്ഷിച്ചിട്ടുണ്ട്.
പ്രാർഥനാമുറിയിൽ രണ്ട് വൃത്താകൃതിയിലുള്ള തൂണുകളാണുള്ളത്. വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള 18 സെറാമിക് ടൈലുകളാൽ അലങ്കരിച്ചതാണ് മിഹ്റാബ് ഭാഗം. പക്ഷികളും നക്ഷത്രങ്ങളും അടങ്ങിയ അലങ്കാര രൂപങ്ങൾ ഈ ഭാഗത്ത് അതുപോലെ നിലനിർത്തിയിട്ടുണ്ട്.
പുനരുദ്ധാരണത്തിൽ തകർന്ന ഭാഗങ്ങൾ അതേ കല്ലുകൾ ഉപയോഗിച്ച് പുനർനിർമിക്കുകയും ഈർപ്പത്തെ പ്രതിരോധിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. മതിലുകൾ, വളവുകൾ, തൂണുകൾ എന്നിവയിലെ വിള്ളലുകൾ അടക്കുകയും അകത്തെയും പുറത്തെയും മതിലുകൾ പഴയ ശൈലി നിലനിർത്തുന്ന വസ്തുക്കൾ ഉപയോഗിച്ച് പുനർരൂപകൽപന നടത്തുകയും ചെയ്തു.
മസ്ജിദിന്റെ യഥാർഥ ഘടനയും പൈതൃക ഗുണങ്ങളും നിലനിർത്തിക്കൊണ്ട് പുനർനിർമാണം പൂർത്തിയാക്കുകയായിരുന്നു അധികൃതരുടെ ലക്ഷ്യം. ഇതിലൂടെ മസ്ജിദിന്റെ ചരിത്രപരവും കലാപരവുമായ മൂല്യങ്ങൾ പുനരുജ്ജീവിപ്പിക്കാനും ഒമാനി വാസ്തുവിദ്യയുടെ പ്രത്യേകതകൾ സന്ദർശകർക്ക് പരിചയപ്പെടാനും ലക്ഷ്യമിട്ടായിരുന്നു നവീകരണ പ്രവർത്തനം.
ഒമാനിലെ മതപൈതൃക സ്മാരകങ്ങൾ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയും ഒമാനി വാസ്തുവിദ്യയുടെ നിലനിൽപ്പും ഉറപ്പാക്കാനുള്ള ദീർഘകാല ദർശനത്തിന്റെ ഭാഗമാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് പൈതൃക-ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

