സീബ് കോട്ടയുടെ പുനർനിർമാണത്തിന് തുടക്കം
text_fieldsസീബ് കോട്ടയുട രൂപരേഖ
മസ്കത്ത്: ചരിത്രപ്രസിദ്ധമായ സീബ് കോട്ടയുടെ പുനർനിർമാണ പദ്ധതിക്ക് പൈതൃക-ടൂറിസം മന്ത്രാലയം തുടക്കം കുറിച്ചു. പുനർനിർമാണ പദ്ധതി പൂർത്തിയാക്കുന്നതോടെ സീബ് കാസിൽ അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കും. കഴിഞ്ഞ വർഷം അവസാനത്തോടെ സീബ് കാസിൽ പുനർനിർമിക്കുന്നതിന് ടെൻഡർ നൽകിയിട്ടുണ്ടെന്ന് പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിലെ പുനരുദ്ധാരണ, പരിപാലന ഡയറക്ടർ എൻജിനീയർ അംജദ് ബിൻ അഹമ്മദ് അൽ മുഖല്ലദി പറഞ്ഞു.
ചരിത്രപരമായ ലാൻഡ്മാർക്കുകൾക്കായുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനികളിലൊന്നാണ് ഈ പദ്ധതി ഏൽപ്പിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി ആരംഭിക്കുന്നതിനു മുമ്പ്, പൈതൃക ടൂറിസം മന്ത്രാലയം കോട്ടയുടെ അടിത്തറയിൽ ഉത്ഖനന പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
സീബ് കാസിൽ ചരിത്രപരമായ കോട്ടകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. നിരവധി ചരിത്രപരമായ സംഭവങ്ങളുമായി ഇതിനു ബന്ധമുണ്ട്. ഇതിന്റെ പുനർനിർമാണം പൂർത്തിയാക്കുന്നതോടെ ഭാവിതലമുറക്ക് കാസിലിന്റെ ഭൂതകാലത്തിലെ വിശേഷങ്ങൾകൂടെ പകർന്നു നൽകാൻ സഹായകമാകും.
സീബ് മാർക്കറ്റിന് അടുത്തായാണ് സീബ് കാസിൽ സ്ഥിതി ചെയ്യുന്നത്. മസ്കത്ത് ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സീബ് വിലായത്തിലെ നിരവധി കോട്ടകൾ, ഗോപുരങ്ങൾ, പുരാവസ്തു ലാൻഡ്മാർക്കുകൾ എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

