ഹൗസ്‌മെയ്ഡ് വിസയുണ്ട്, ജോലി റെഡി… ആദ്യം പണം അയക്കൂ! കപട വാഗ്ദാനങ്ങളുടെ പിന്നിലെ നിയമക്കുരുക്ക് തിരിച്ചറിയാം
text_fieldsവിദേശ ജോലി തേടുന്നവരെ ആകർഷിക്കുന്ന ഇത്തരം വാഗ്ദാനങ്ങൾ പിന്നീട് സാമ്പത്തിക നഷ്ടത്തിനും നിയമ പ്രശ്നങ്ങൾക്കും കാരണമാകാം. പണം നൽകി ഒമാനിലെത്തിയ ശേഷം ജോലി ലഭിക്കാതിരിക്കുക, മറ്റൊരു ജോലി ചെയ്യേണ്ടിവരിക, പാസ്‌പോർട്ട് പിടിച്ചുവെക്കുക, പുറത്തു പോകുന്നതിനും ആശയവിനിമയത്തിനും നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങൾ ഗുരുതരമാണ്.
സന്ദർശക വിസ ജോലി ചെയ്യാനുള്ള അനുമതിയല്ല
‘ആദ്യം സന്ദർശക വിസയിൽ വരൂ, ഇവിടെ എത്തിയാൽ ജോലി ശരിയാക്കാം’ എന്ന വാഗ്ദാനം മാത്രം വിശ്വസിച്ച് യാത്ര ചെയ്യാതെ വിസയുടെ വിഭാഗം, തൊഴിൽ അനുമതി, തൊഴിലുടമ ആര്, ജോലിയുടെ സ്വഭാവം, ശമ്പളം, തൊഴിൽ കരാറുണ്ടോ, നിയമന ഏജൻസിക്ക് അംഗീകാരമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണം.
പണം നൽകുന്നതിന് മുമ്പ് ശ്രദ്ധിക്കുക
പണം ആദ്യം, രേഖകൾ പിന്നീട് എന്ന രീതിയിൽ ഇടപെടരുത്. വിദേശ ജോലി വാഗ്ദാനത്തിന്റെ പേരിൽ വലിയ തുക കടം വാങ്ങി നൽകുന്നതും അപകടകരമാണ്.
വീട്ടുതടങ്കലോ ഭീഷണിയോ ഉണ്ടായാൽ
വീട്ടിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കാതിരിക്കുക, ആശയ വിനിമയം തടയുക, ഭീഷണിപ്പെടുത്തുക, പാസ്‌പോർട്ട് പിടിച്ചുവയ്ക്കുക തുടങ്ങിയ സാഹചര്യങ്ങളെ സാധാരണ തൊഴിലുടമ – തൊഴിലാളി തർക്കമായി മാത്രം കാണാൻ കഴിയില്ല. സംഭവത്തിന്റെ സ്വഭാവമനുസരിച്ച് ഒമാനിലെ ബാധകമായ നിയമനടപടികൾ പ്രസക്തമാകാം.
തെളിവുകൾ സൂക്ഷിക്കുക
വാട്ട്സ്ആപ്പ് സന്ദേശങ്ങൾ, ശബ്ദ സന്ദേശങ്ങൾ, ബാങ്ക് ഇടപാട് വിവരങ്ങൾ, രസീതുകൾ, വിസയും പാസ്‌പോർട്ടും, തൊഴിൽ കരാർ, ഏജൻസിയുടെയും തൊഴിലുടമയുടെയും വിവരങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുക.
പ്രശ്നമുണ്ടായാൽ, ഇന്ത്യൻ എംബസി, ബന്ധപ്പെട്ട ഒമാനി അധികാരികൾ, ആവശ്യമായ മറ്റ് ഔദ്യോഗിക സംവിധാനങ്ങൾ എന്നിവയെ സമീപിക്കാം. പണം നൽകുന്നതിന് മുമ്പ് ഈ അഞ്ചു കാര്യങ്ങൾ ഉറപ്പാക്കുക
1. വിസയുടെ വിഭാഗം എന്താണ്?
2. ജോലി ചെയ്യാനുള്ള നിയമാനുമതിയുണ്ടോ?
3. തൊഴിലുടമയും ജോലിയും എന്താണ്?
4. തൊഴിൽ കരാറും ശമ്പള വിവരങ്ങളും ഉണ്ടോ?
5. നിയമന ഏജൻസി അംഗീകൃതമാണോ, പണം നൽകുന്നതിന് ഔദ്യോഗിക രേഖയുണ്ടോ?
ചുരുക്കത്തിൽ, സന്ദർശക വിസ ജോലി ചെയ്യാനുള്ള അനുമതിയല്ല. വാട്ട്സ്ആപ്പ് സന്ദേശം തൊഴിൽ കരാറിന് പകരമല്ല. പരിചയക്കാരനാണ് എന്നത് നിയമപരമായ അംഗീകാരമല്ല. പണം നൽകിയതു കൊണ്ട് ജോലി ഉറപ്പാകില്ല. പ്രശ്നമുണ്ടായതിന് ശേഷം പരിഹാരം തേടുന്നതിനെക്കാൾ പണം നൽകുന്നതിന് മുമ്പ് രേഖകൾ പരിശോധിക്കുന്നതാണ് സുരക്ഷിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

