മിണ്ടിയും പറഞ്ഞും ആശയങ്ങൾ പങ്കുവെച്ചും അൽബാജിൽ വായനദിനം ആചരിച്ചു
text_fieldsമസ്കത്ത്: മസ്കത്തിലെ അക്ഷര സ്നേഹികളായ പ്രവാസി മലയാളികളുടെ ഒത്തുകൂടൽ വേദിയായി അൽബാജ് ബുക്സിൽ വായനാ ദിനം സംഘടിപ്പിച്ചു. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് സാംസ്കാരിക വിപ്ലവത്തിന് തിരികൊളുത്തിയ പി.എൻ. പണിക്കരുടെ ഓർമദിനമായ ജൂൺ 19ന് വൈകീട്ടായിരുന്നു പരിപാടി. റൂവി സി.ബി.ഡിയിലുള്ള അൽബാജ് ബുക്‌സിന്റെ ഷോറൂമിൽ ‘തനിമ മസ്‌കത്തു’മായി സംയുക്തമായി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ എഴുപതോളം പേർ പങ്കെടുത്തു.
ലോക കേരളസഭാംഗം വിൽസൺ ജോർജ്, മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ കബീർ യൂസഫ്, എഴുത്തുകാരൻ ഹാറൂൺ റഷീദ്, അൽബാജ് ബുക്ക്സ് ‘വായനക്കൂട്ടം’ പ്രതിനിധി റഫീഖ് മാഞ്ഞാലി തുടങ്ങിയവർ പങ്കെടുത്ത പാനൽ ചർച്ച വായനയുടെ വ്യത്യസ്ത വിതാനങ്ങളെ സമഗ്രമായി വിലയിരുത്തി.
യുവ എഴുത്തുകാരി ഹന അനീസ, ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, എഴുത്തുകാരി അമ്മു വള്ളിക്കാട്ട്, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറ, നന്മ കാസർകോട് പ്രതിനിധി പ്രവീൺ, വായനക്കൂട്ടം പ്രതിനിധികളായ ഇന്ദു, സെയ്ദ്, ഹുസൈൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ആരുഷ്, ആലാപ്, ശ്രീഹരി എന്നീ കുട്ടികളുടെ കാവ്യാലാപനം ചടങ്ങിന് മാറ്റു കൂട്ടി.
അൽ ബാജ് ബുക്ക്‌സ് എം.ഡി ഷൗക്കത്തലി പി.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ തനിമ മസ്‌കത്ത് പ്രതിനിധി അഷ്റഫ് നന്ദി പറഞ്ഞു. എഴുത്തുകാരൻ രാജീവ് മഹാദേവൻ പാനൽ ചർച്ചയുടെ മോഡറേറ്ററായി. വായനദിനം പ്രമാണിച്ച് അൽബാജ് സംഘടിപ്പിച്ച അറുപതിലധികം കുട്ടികൾ പങ്കെടുത്ത കളറിംഗ് മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

