സുഹാറിൽ അപൂർവ ശിലാചിത്രങ്ങളും കൊത്തുപണികളും കണ്ടെത്തി
text_fieldsസുഹാർ: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിലെ വാദി അൽ ലജാമിനുള്ളിൽ സ്ഥിതി ചെയ്യുന്ന തബ്ഖ് പ്രദേശത്ത് പൈതൃക, ടൂറിസം മന്ത്രാലയം വ്യത്യസ്തമായ ശിലാചിത്രങ്ങളും കൊത്തുപണികളും കണ്ടെത്തി. പശുക്കൾ, കാളകൾ, ഒട്ടകങ്ങൾ, കുതിരകൾ, പർവത ആടുകൾ, കാട്ടുപോത്തുകൾ എന്നിവയുൾപ്പെടെ വിവിധതരം മൃഗങ്ങളാണ് ചിത്രങ്ങളിലുള്ളത്. പുരാതന ഒമാനി ജീവിതത്തിന്റെ പാരിസ്ഥിതികവും പ്രതീകാത്മകവുമായ വൈവിധ്യം വ്യക്തമായി കാണിക്കുന്ന മനുഷ്യരൂപങ്ങളും ഇവയിലുണ്ട്.
പ്രാഥമിക കണക്കുകൾ പ്രകാരം ശിലാചിത്രങ്ങൾക്ക് ഗണ്യമായ പഴക്കം കണക്കാക്കുന്നു. അറേബ്യൻ പുള്ളിപ്പുലിയുടേതെന്ന് കരുതുന്ന ചിത്രങ്ങളുടെ സാന്നിധ്യമാണ് ശ്രദ്ധേയമായ ഒരു കണ്ടെത്തൽ.മെലിഞ്ഞ ശരീരവും നീണ്ട വാലും ഇവയെ വ്യത്യസ്തമാക്കുന്നു. ഒമാൻ പർവതങ്ങളിൽ ഒരിക്കൽ വസിച്ചിരുന്ന വേട്ടക്കാരെ ഈ പ്രദേശത്തെ പുരാതന നിവാസികൾക്ക് പരിചയമുണ്ടായിരുന്നെന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഈ പ്രദേശത്തെ ശിലാചിത്രങ്ങളിൽ ഇത്തരത്തിലുള്ള ചിത്രരചന വളരെ അപൂർവമാണ്. കൂടാതെ, ഇസ്ലാമിക കാലഘട്ടത്തിലെ അറബി ലിഖിതങ്ങളും ഒട്ടക ചിത്രങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ ആവിർഭാവത്തിനുശേഷവും ഈ പാറകൾ ദൃശ്യരേഖകൾക്കും സാംസ്കാരിക ആവിഷ്കാരത്തിനും ഉപയോഗിച്ചിരുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ കണ്ടെത്തൽ ശാസ്ത്രീയവും സാംസ്കാരികവുമായ സുപ്രധാന കൂട്ടിച്ചേർക്കലാണെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

