ലെവൻ, പുലിയല്ല, പുപ്പുലിയാണ്...
text_fieldsദോഫാര്‍ ഗവര്‍ണറേറ്റിലെ പര്വതനിരകളില്നിന്ന് റോക്ക് ഹൈറാക്സിനെ വേട്ടയാടുന്ന പുലിയുടെ ചിത്രം കാമറയില്‍ പതിഞ്ഞപ്പോൾ
സലാല: അറേബ്യന്‍ പുള്ളിപ്പുലിയുടെ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍വയണ്‍മെന്റിലെ അറേബ്യന്‍ ലെപ്പാര്‍ഡ് പ്രോജക്ട് സംഘം. ദോഫാര്‍ ഗവര്‍ണറേറ്റിലെ പര്വതനിരകളില്നിന്ന് റോക്ക് ഹൈറാക്സിനെ വേട്ടയാടുന്ന പുലിയുടെ ചിത്രങ്ങളാണ് കാമറയില്‍ പതിഞ്ഞത്. അപൂര്‍വവും ശ്രദ്ധേയവുമായ വന്യജീവി സംഭവമാണിതെന്ന് പരിസ്ഥിതി വിഭാഗം അറിയിച്ചു.
അറേബ്യന്‍ പുള്ളിപ്പുലിയെ സംരക്ഷിക്കാന്‍ ഒമാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഫലത്തെ ഇത് അടിവരയിടുന്നു. ഐ.യു.സി.എന്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയവയാണ് അറേബ്യന്‍ പുള്ളിപ്പുലിയെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും വന്യജീവിസംരക്ഷണത്തിന് പ്രത്യേകം നടപടികളും ഇവയെ നിരീക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ദോഫാർ ഗവർണറേറ്റിലെ പർവതനിരകളിലെ ഭക്ഷ്യശൃംഖലയുടെ സമഗ്രതയുടെയും ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയുടെയും ജീവിക്കുന്ന തെളിവാണ് ഈ ചിത്രങ്ങളെന്ന് പ്രോജക്ട് ഡയറക്ടർ ഡോ. മുഹമ്മദ് ബിൻ മുഹാദ് അൽ-മഷാനി പറഞ്ഞു. സുൽത്താനേറ്റിന്റെ പരിസ്ഥിതി തന്ത്രത്തിന്റെയും ദേശീയ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനുള്ള ദേശീയപദ്ധതിയുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്ന ഒരു നേട്ടമാണിതെന്ന് അദ്ദേഹം പറഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

