ഖറൻഖശു രാവ് ഇന്ന്; ആഘോഷത്തിനൊരുങ്ങി കുട്ടിക്കൂട്ടം
text_fieldsഖറന്‍ഖശു ആഘോഷത്തിനൊരുങ്ങി നിൽക്കുന്ന കുട്ടികൾ (ഫയൽ)
മത്ര: റമദാനിലെ പരമ്പരാഗത ആഘോഷമായ ഖറന്‍ഖശു വെള്ളിയാഴ്ച രാത്രി നടക്കും. റമദാന് പതിനഞ്ചാം രാവില്‍ കൊണ്ടാടാറുള്ള പാരമ്പര്യ ആഘോഷമാണിത്. റമദാന് പാതി പിന്നിടുന്ന വേളയിലാണ് ബാല്യ കൗമാരക്കാരുടെ ഇടയില്‍ ഈ ആഘോഷരാവ് നടക്കുക.
ഗള്‍ഫ്, അറബ് രാജ്യങ്ങളിലാണ് പ്രധാനമായും ഇത്തരം ആഘോഷങ്ങള്‍ കണ്ടുവരുന്നത്. അറബ് സംസ്കാരത്തിന്റെ ഭാഗമായി പഴയ കാലം തൊട്ടേയുള്ള ആഘോഷരീതി കൈമോശം വരാതെ നിലനിര്‍ത്തിപ്പോരുകയാണ് പുതുകാലത്തും. റമദാന്റെ ഒരുക്കങ്ങള്‍ക്ക് ഒപ്പം തന്നെ ഖറന്ഖശുവിനുള്ള തയാറെടുപ്പുകളും സ്വദേശി വീടുകളില്‍ നടത്തും.
വീട്ടുമുറ്റങ്ങള്‍ വര്‍ണവിളക്കുകളാല്‍ അലങ്കരിച്ചും ഖറന്ഖശുവിന്റെ വിളംബരവുമായി മുട്ടിപ്പാടി വരുന്ന കുട്ടിക്കൂട്ടങ്ങള്‍ക്ക് നല്‍കാനുള്ള സമ്മാനപ്പൊതികള്‍ വാങ്ങിവെച്ചുമാണ് വീടകങ്ങള്‍ ഒരുങ്ങാറുള്ളത്. ഖറന്ഖശുവിനായി പ്രത്യേക മാര്‍ക്കറ്റുകളുമുണ്ട്. അവിടങ്ങളില്‍ സമാന്യം തരക്കേടില്ലാത്ത കച്ചവടം റമദാന് ഒന്നു മുതല്‍ക്ക് തന്നെ നടന്നുവരുന്നുണ്ട്.
കുട്ടികള്‍ സംഘമായി വീട്ടുമുറ്റങ്ങളില്‍ അറബ് കവിത ശകലങ്ങളും പാട്ടുകളുമായി രംഗപ്രവേശം നടത്തുമ്പോള്‍ വീട്ടുകാര്‍ സമ്മാനങ്ങള്‍ നല്കി സ്വീകരിക്കുന്നതാണ് പ്രധാന ചടങ്ങ്. രസകരമായ അർഥങ്ങള്‍ അടങ്ങിയ പാട്ടുകളാണ് കുട്ടി സംഘങ്ങള്‍ പാടാറുള്ളത്. കൊട്ടിപ്പാടാന്‍ പ്രത്യേക വാദ്യോപകരണങ്ങളൊന്നും ഖറന്‍ഖശു ടീമിന് ആവശ്യമില്ല. കൈയില്‍ കിട്ടുന്ന കൊട്ടാന്‍ പറ്റുന്ന എന്തുമെടുത്ത് സംഘം കൊട്ടിക്കയറും.
തകരപ്പാട്ട, അറബന, ദഫ്, കാലിയായി കിടക്കുന്ന വലിയ ടിന്നുകള്‍ തുടങ്ങിയവയൊക്കെ വാദ്യോപകരണങ്ങളായി മാറ്റുകയാണ് ചെയ്യുന്നത്.
സമ്മാനപ്പൊതിയില്‍ മധുരപലഹാരങ്ങളും ചിപ്സ്, സ്നാക്സ് തുടങ്ങി പൈസ വരെ കാണും. അതൊക്കെ സ്വീകരിക്കാന്‍ കൈയില്‍ കവറുകളും സംഘംകരുതും.
ഒമാനി കുട്ടികളുടെ വഴിയെ ഫാമിലിയായി കഴിയുന്ന വിദേശി കുട്ടികളും കൂടും. അവര്‍ക്കും കൈനിറയെ സമ്മാനങ്ങള്‍ ഈയവസരങ്ങളില്‍ ലഭിക്കുകയും ചെയ്യും.
സ്ത്രീകളും പെണ്‍കുട്ടികളും ഖറന്‍ഖശു ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങളാണ് അന്നേ ദിവസം ഉപയോഗിക്കുക. വിപണിയില്‍ ഖറന്‍ഖശു വസ്ത്രങ്ങൾ ലഭ്യമാണ്. ഏതാണ്ടെല്ലാ അറബ് രാജ്യങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ പണ്ടുകാലം തൊട്ടേ ഈ ആചാരങ്ങള്‍ ഉള്ളതായി പഴമക്കാര്‍ പറയുന്നു. പ്രധാനമായും ഈ ആഘോഷദിനം കുട്ടികള്‍ക്കുള്ളതാണ്. മതനിയമങ്ങള്‍ പരതിയാല്‍ ഇതുപോലുള്ള ആചാരങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും പൈതൃകങ്ങളില്‍ ഉള്‍ചേര്‍ന്ന മിത്തുകളാണ് ഖറന്‍ഖശു പോലുള്ള ആഘോഷങ്ങളുടെ പിറകില്‍. അതുകൊണ്ടു തന്നെ മലയാളികള്‍ക്ക് പുതുമ തോന്നുന്നൊരു ആഘോഷം കൂടിയാണിത്.
കാരണം കേരളീയര്‍ക്ക് റമദാന് ദിനങ്ങള്‍ ആത്മീയമായ ഉണര്‍വിനുള്ള ദിനരാത്രങ്ങള്‍ മാത്രമാണല്ലോ. എന്നാല്‍ ഒമാനില്‍ ഖറന്‍ഖശു എന്ന പേരില്‍ കൊണ്ടാടപ്പെടുന്ന ആഘോഷരാവ് ഏറെ പ്രധാന്യത്തോടെ തലമുറ ആഘോഷിച്ചുവരുന്നു. മുതിര്‍ന്നവരും കുട്ടികള്‍ക്കൊപ്പം പ്രോത്സാഹനമായി കൂടുന്നു എന്നതും സവിശേഷമായ കാര്യമാണ്.
ഖറന്‍ഖശു ഒരുക്കങ്ങളുടെ ഭാഗമായി വിപണികളില്‍ ഇടംപിടിച്ചിട്ടുള്ള മധുരപലഹാരങ്ങളും മിഠായികളും സമ്മാനപ്പൊതികളും, ഖറന്‍ഖശു ചിഹ്നനങ്ങള്‍ ആലേഖനം ചെയ്ത കവറുകളില്‍ തയാറാക്കിയാണ് കുട്ടികള്‍ക്ക് സമ്മാനിക്കുക. പുതിയ ട്രെൻഡ് എന്നോണം കുട്ടികളും മുതിര്‍ന്ന സ്ത്രീകളും ഖറന്‍ഖശു വേഷങ്ങള്‍ അണിഞ്ഞ് ഒരുങ്ങുന്നതും ഇപ്പോള്‍ ദൃശ്യമാണ്.
അതിനായുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ വരെ വിപണി കൈയടക്കിയിരിക്കുന്നു. ഖറന്‍ഖശു സംഘം വന്ന് പാട്ടുപാടി സമ്മാനങ്ങള്‍ സ്വീകരിച്ച് പോകുന്നതോടെ റമാദാന് പാതി പിന്നിട്ടു എന്ന സന്ദേശവും പരക്കും. തുടര്‍ന്നങ്ങോട്ട് പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ക്കായുള്ള പരക്കം പാച്ചിലിലാകും ഗൃഹനാഥന്മാര്.
ഒമാനിലെ വിവിധ വിലായത്തുകളില്‍ ഔദ്യോഗികമായി തന്നെ കുട്ടികള്‍ക്കായി ഖറന്‍ഖശു ആഘോഷ പരിപാടികൾ നടക്കാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.