ഇനി ആത്മവിശുദ്ധിയുടെ നാളുകൾ...
text_fieldsഖുർആൻ പാരായണത്തിലേർപ്പെട്ടിരിക്കുന്ന വിശ്വാസികൾ (ചിത്രം.കെ. ഷെഫീർ)
മസ്കത്ത്: ആത്മ വിശുദ്ധിയുടെയും പാപ വിമലീകണരത്തിന്റെയും ദിനരാത്രങ്ങളുമായി വിശുദ്ധ റമദാൻ ആഗതമായി. പുണ്യങ്ങൾക്ക് പ്രതിഫലങ്ങൾ ബഹുഗുണമായി പെരുകയും ദൈവ
പ്രീതി കൈയ്യെത്തും ദൂരത്തും അരികിലുമായതിനാലും വിശ്വാസികൾ ഏറെ കരുതലോടെയാണ് റമദാനെ വരവേൽക്കുന്നത്.മനസ്സ് സ്ഫടിക സമാനമാക്കി മോക്ഷം നേടാനും ദൈവത്തിലെത്താനും മാത്രം മഹനീയത നിറഞ്ഞതിനാലാണ് ഇത് വിശ്വാസികളുടെ വസന്തമാവുന്നത്.
ഐഹികതയുടെ ആർഭാടങ്ങളും സൗഖ്യങ്ങളുടെ ആലസ്യങ്ങളും ശരീരത്തിന്റെ ജഡികതയും ദൂരെത്തറിഞ്ഞ് ദൈവത്തിലേക്ക് ഓടിയടുക്കാനുള്ള പുണ്യനാളുകളാണ് വന്നെത്തിയിരിക്കുന്നത്. ഇതിനായി പകലന്തിയോളം അന്ന പാനീയങ്ങൾക്കൊപ്പം ശാരീരിക സൗഖ്യങ്ങളും വെടിഞ്ഞാണ് വിശ്വാസി ദൈവത്തിലേക്ക് അടുക്കുന്നത്. മറ്റേത് ആരാധനയെക്കാളും ദൈവത്തിന് ഏറെ ഇഷ്ടം വ്രതമാണ്.
വ്രതം മനുഷ്യനും ദൈവവും തമ്മിലെ നേരിട്ടുള്ള ഇടപാടാണ്. നോമ്പ് എനിക്കുള്ളതാണെന്നും ഞാനാണ് അതിന് പ്രതിഫലം നൽകുന്നതെന്നുമാണ് ദൈവം അരുൾ ചെയ്യുന്നത്. അതിനാൽ നോമ്പ് കാലത്ത് വാക്കിലും നോക്കിലും ഹൃത്തിലും വീർപ്പിലും സ്കലിതങ്ങൾ വന്ന് പോവാതെ മിഴി തുറന്നിരിക്കുകയാണ് വിശ്വാസികൾ.
പകലന്തിയോളം വയറിനെയും മനസ്സിനെയും മെരുക്കുകയാണ് വിശ്വാസികൾ. പകലിലെന്നും ആർത്തിയോടെ ഭക്ഷണ തളികയിൽ കയ്യിട്ടിരുന്നവൻ ഭക്ഷണങ്ങൾക്കും പാനീയങ്ങൾക്കും അവധി നൽകുകയാണ്. വയറ് കത്തുന്ന വിശപ്പും കുടൽ കാളുന്ന ദാഹവും വിശ്വാസി ദൈവത്തിന് വേണ്ടി മറക്കുകയാണ്. അർഥങ്ങളില്ലാത്ത വിനോദങ്ങളും സമയം കൊല്ലലും വിശ്വാസി മറന്നിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണവും മനനവുമൊക്കെയായി അവർ മസ്ജിദുകളിൽ ഇരിക്കുകയാണ്.
പാപങ്ങൾ കഴുകി വെളുപ്പിക്കാൻ ദൈവത്തിന് മുമ്പിൽ കുമ്പിട്ട് കേഴുകയാണ്. നിരവധി പുണ്യ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് റമദാൻ. വിശുദ്ധ ഗ്രന്ഥത്തിന്റെ തിരുവെളിച്ചം വിണ്ണിെലത്തിയതിന്റെ ആണ്ടാഘോഷമാണ്. വിശ്വാസികൾക്ക് ആശംസകൾ അർപ്പിക്കാൻ മലക്കായിരങ്ങളും ജിബ്രീലും വിണ്ണിൽ നിന്നിറങ്ങുന്ന ലൈലത്തുൽ ഖദ്ർ റമാദാന്റെ അവസാനത്തിലാണ്. അന്ന് ഇരുളടയുമ്പോൾ ചെയ്യുന്ന പുണ്യങ്ങൾ ഒരായുസുകാലം ചെയ്യുന്ന പുണ്യങ്ങളെക്കൾ പ്രതിഫലം ലഭിക്കുമെന്ന് വിശുദ്ധ ഗ്രനഥം വ്യക്തമാക്കുന്നു.
സഹാനുഭൂതിയുടെ സ്നേഹത്തിന്റെയും മാസമാണ് റമദാൻ. സമ്പത്തിനെ ശുദ്ധീകരിക്കാൻ ദാനധർമങ്ങൾ പതിന്മടങ്ങാക്കുകയാണ്. പട്ടിണിക്കാരനും ജീവിക്കാൻ പാടുപെടുന്നവനും താങ്ങുമായി വിശ്വാസി എത്തുന്നു.കൈയ്യും മെയ്യും മറന്ന് നിറഞ്ഞ മനസ്സുമായി തനിക്കുള്ളത് നൽകുകയാണ് വിശ്വാസി.
ആശംസകളും സമ്മാനങ്ങളുമായി ഉറ്റവരെയും ബന്ധുക്കളെയും കാണുകയും ഇഴ പിരിഞ്ഞുപോയ ബന്ധങ്ങൾ കോർത്തിണക്കുകയുമാണ് വിശ്വാസി. കുടുംബത്തിലും വലയങ്ങളിലും സ്നേഹവും അനുഭൂതിയും പകരുന്നതായിരിക്കും ഇനിയുള്ള രാപ്പകലുകൾ.
വെള്ളിയാഴ്ച രാത്രി ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള മസ്ജിദുകളിൽ നടന്ന തറാവീഹ് നമസ്കാരത്തിന് ആയിരങ്ങളാണ് പങ്കാളികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

