സൂറിലെ പഴയ നോമ്പുകാലം
text_fieldsനീണ്ട നാൽപത്തിരണ്ടു വർഷത്തെ പ്രവാസ ജീവിതത്തിലെ നോമ്പ് കാലത്തെ പറ്റി ചോദിച്ചപ്പോൾ, കണ്ണൂർ ചാലാട് സ്വദേശിയായ കൊട്ടാരത്തിൽ നിരത്തിന്റെവിടെ സാലിഹ്, എന്ന പരിചയക്കാരുടെ സാലിക്ക, ഓർമകളിലേക്കു ഒന്ന് തിരിഞ്ഞു നോക്കാനെന്ന വണ്ണം കുറച്ചു നേരം മൗനിയായി, പിന്നെ പതുക്കെ സംസാരിച്ചു തുടങ്ങി. സമ്മിശ്രമായ വികാരങ്ങളുടെ ഓർമകളുണ്ടെന്നും എവിടെ തുടങ്ങണമെന്നും എങ്ങിനെ തുടങ്ങണമെന്നും മനസിലാകുന്നില്ലായെന്നു പറഞ്ഞു കൊണ്ട് , പൊതുവെ സംസാര പ്രിയനായ സാലിക്കാ പഴയ ഓർമകളിലേക്ക്.....
നീണ്ട പ്രവാസത്തിനിടെ എത്രയൊക്കെ ഋതുഭേദങ്ങൾക്കു സാക്ഷിയായിട്ടുണ്ട്. അതിൽ ഓർമകളിൽ വിശിഷ്യാ നിറഞ്ഞു നിൽക്കുന്നത് അതി കഠിനമായ ചൂട് കാലത്തെ നോമ്പ് കാലത്തിന്റെതാണ്. ഇന്നത്തെ യാതൊരു സൗകര്യങ്ങളുമില്ലാത്ത പ്രവാസത്തിന്റെ ആദ്യ കാലത്ത്, ഇലക്ട്രിസിറ്റി സൗകര്യങ്ങളുടെ പരിമിതീയും ഇടക്കിടെ ഉണ്ടാകാറുള്ള ലോഡ് ഷെഡിങ്ങും അന്ന് പതിവായിരുന്നു.
അന്ന് ഒട്ടുമിക്ക റൂമുകളിലും എ.സി സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. പള്ളികളിലെ എ.സി കളായിരുന്നു ശരണം, ഇന്നത്തെ പോലെ പ്രാർഥന കഴിഞ്ഞയുടനെ പള്ളികൾ പൂട്ടുന്ന പതിവ് ഉണ്ടായിരുന്നില്ല. സ്വദേശികളുൾപ്പെടെ അധിക പേരും പ്രാർഥന കഴിഞ്ഞയുടനെ അവിടെ കുറച്ചു നേരം കിടക്കും. അതായിരിന്നു ഏക ആശാസം. ലോഡ് ഷെഡിങ്ങിന്റെ സമയക്രമം അനുസരിച്ചു പള്ളികൾ മാറി മാറി പരീക്ഷിക്കുകയായിരിന്നു പതിവ്. ചൂടിന്റെ കാഠിന്യം കൂടുമ്പോൾ തലയുൾപ്പെടെ ഇടക്കിടെ കഴുകികൊണ്ടിരിക്കും. വലിയ വണ്ടികൾ ഓടിക്കുന്ന ആൾക്കാർ, വണ്ടിയോടിക്കുമ്പോൾ ബ്ലാങ്കറ്റ് നനച്ചു പുതക്കുക എന്നതായിരുന്നു പ്രതിരോധം.
നോമ്പ് തുറക്കാനും പള്ളികളിലെ നോമ്പ് തുറയും ചേക്കുട്ടി മെസ്സുമാണ് പ്രധാന ആശ്രയം. പള്ളികളുടെ പരിസര വീടുകളിൽ നിന്നുള്ള വ്യത്യസ്ത വിഭവങ്ങളാൽ സമൃദ്ധമായിരുന്നു വിഭവങ്ങൾ. സ്വദേശികളുടെ സ്നേഹം നിറഞ്ഞ അതിഥി സൽക്കാരങ്ങൾ കൊടും ചൂട് നിറഞ്ഞ നോമ്പ് ക്ഷീണത്തിലെ മധുരം നിറഞ്ഞ ഓർമകളാണ്. അന്നൊക്കെ നാട്ടിൽ ഉമ്മയുണ്ടാക്കുന്ന കണ്ണൂർ വിഭവങ്ങളെ മിസ്സാക്കാക്കുന്നതിൽ നിശബ്ദമായി തേങ്ങി പോകാറുണ്ടായിരുന്നു
പിന്നീട് മേഖലകളിലെ വലിയ പള്ളികളിൽ വൈവിധ്യങ്ങളായ വിഭവങ്ങളുമായി വിപുലമായ നോമ്പ് തുറ സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കിലും കോവിഡിനു ശേഷം അതിനു തുടർച്ചയുണ്ടായില്ല
മേഖലയിൽ പ്രവാസികൾക്കായി സമൂഹ നോമ്പ് തുറക്ക് തുടക്കം കുറിച്ചത് കേരളാ ഇസ്‍ലാമിക് അസോസിയേഷൻ നേതൃത്വത്തിലാണ്. അന്തരിച്ച അൽ ഹരീബ് ബിൽഡിങ് മെറ്റീരിയൽസ് സാരഥികളായ ഷാജഹാൻ എം.എ.കെയുടെയും അബ്ദുൽ അസീസ് പൂമക്കോത്തിന്റെയും നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ തലത്തിലുള്ള ആൾക്കാരെ പങ്കെടുപ്പിച്ച അൽ ഹരീബ് തോട്ടത്തിൽ ആയിരത്തിൽ പരം ആൾക്കാരെ പങ്കെടുപ്പിച്ചുള്ള മെഗാ നോമ്പ് തുറകളും മറക്കാനാകാത്ത ഓർമകളാണ്.
പ്രവാസ ജീവിത യാത്രയിൽ, അതിജീവിതത്തിനായി ഒട്ടനവധി വേഷങ്ങൾ അണിയേണ്ടി വന്നിരുന്നുവെങ്കിലും ഏറ്റവും കൂടുതൽ കാലം ഫുഡ് സ്റ്റാഫുമായി ബന്ധപ്പെട്ട മേഖലയായിരുന്നു മുഖ്യം. ഇന്നത്തെ പോലെയുള്ള സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റുകൾ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്തു ചെറുകിട കടകളായിരിന്നു ആശ്രയം, ഷബാനിയാക്കു മുൻപേ തന്നെ നോമ്പൊരുക്കങ്ങൾ നടത്തുമായിരുന്നു. വീട്ടു സാധനങ്ങളും ഭക്ഷ്യ വിഭവങ്ങളും നേരത്തെ തന്നെ ഒരുക്കി വെക്കുന്നതിനാൽ നല്ല കച്ചവടം നടക്കുമായിരുന്നു. ഇന്ന് സൂപ്പർ മാർക്കറ്റുകളിൽ സുലഭമായ നേന്ത്രപ്പഴവും ചെറിയയുള്ളിയൊക്കെ ഓണത്തിനോ നോമ്പിനോ മാത്രം ലഭ്യമാകുന്ന അപൂർവ സാധങ്ങളായിരുന്നു.
പോയ കാലത്തെ പറ്റി ഇവിടെ വിസ്തരിക്കുന്നത്, ഇന്നിന്റെ സൗകര്യങ്ങളിൽ പോലും അസ്വസ്ഥപ്പെടുന്ന ന്യൂ ജനുകൾക്കു പിന്നിട്ട കാലത്തെ പറ്റി ഒന്ന് ഓർമിപ്പിക്കാൻ വേണ്ടിയാന്നെന്നാണ് സാലിക്കയുടെ പക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

