ആത്മസമർപ്പണത്തിന്റെ ദിനരാത്രങ്ങൾ
text_fieldsറൂവി സുൽത്താൻ ഖാബൂസ് മസ്ജിദിൽ തറാവീഹ് നമസ്കാരത്തിലേർപ്പെട്ടിരിക്കുന്ന വിശ്വാസികൾ - വി.കെ. ഷെഫീർ
മസ്കത്ത്: വിശ്വാസികൾക്കിനി ആത്മവിശുദ്ധിയുടെയും പാപവിമലീകരണത്തിന്റെയും നാളുകൾ. പകലന്തിയോളമുള്ള വ്രതശുദ്ധീകരണത്തിലൂടെയും രാവേറെ നീളുന്ന പ്രാർഥനയിലൂടെയും ആത്മാവിൽ പറ്റിപ്പിടിച്ച ക്ലാവുകൾ കഴുകി വെളുപ്പിക്കാൻ കരുത്തു പകരുന്ന ദിനരാത്രങ്ങൾ. നന്മയും സഹാനുഭൂതിയും നിറഞ്ഞ വിശുദ്ധ ദിനരാത്രങ്ങളെ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുകയാണ് വിശ്വാസികൾ.
ദൈവത്തിനുവേണ്ടി പകൽ മുഴുവൻ പട്ടിണി സഹിച്ച് മനസ്സും ശരീരവും പാകപ്പെടുത്താനും ദാനധർമത്തിലൂടെയും പരസഹായത്തിലൂടെയും സഹാനുഭൂതിയൂട ജീവിതമാതൃകകൾ പടുക്കാനും കഴിയുന്ന പുണ്യകാലം. ജിബ്രീൽ മാലാഖയും മലക്കായിരങ്ങളും മണ്ണിലിറങ്ങുകയും വിശ്വാസികൾക്ക് സമാധാനം നേരുകയും ചെയ്യുന്ന ലൈലത്തുൽ ഖദ്റും പുണ്യമുഹൂർത്തങ്ങളും അനുഗൃഹീതമാക്കിയ പുണ്യരാവുകൾ. അങ്ങനെ അളവറ്റ അനുഗ്രഹവുമായി പുണ്യങ്ങളുടെ പൂക്കാലം വരവായി. റമദാനിലെ പുണ്യങ്ങൾക്ക് ഏറെ മടങ്ങ് പ്രതിഫലമാണ് നാഥന്റെ വാഗ്ദാനം. ദാനങ്ങൾക്ക് കുന്നോളം അനുഗ്രഹങ്ങളാണ് ദൈവം തിരിച്ചുനൽകുന്നത്. ഓരോ നന്മയുടെ വിത്തുകളും ഒരായിരം കതിരുകളായി വിളയുമെന്നാണ് തിരുവചനം. നന്മയും തിന്മയും ഏറ്റുമുട്ടി നന്മ മനുഷ്യചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയം നേടിയ ബദറിന്റെ ഓർമദിനം അതിലൊന്നാണ്.
കോവിഡ് നിഴലിൽനിന്ന് മുക്തമായി തനിമയോടെ വ്രതം അനുഷ്ഠിക്കാൻ കഴിയുമെന്ന നിർവൃതിയിലാണ് ഈ വർഷം വിശ്വാസികൾ. വിവിധ ഇടങ്ങളിൽ ഇഫ്താർ ടെന്റുകളും ഒരുങ്ങിയിട്ടുണ്ട്. എന്നാൽ, കോവിഡിനു മുമ്പുള്ളതുപോലെ അത്ര വ്യാപകമല്ലാത്തത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് പ്രയാസമുണ്ടാക്കും. ആദ്യകാലങ്ങളിൽ കുടുംബങ്ങളടക്കം ഇത്തരം ടെന്റുകളെത്തി നോമ്പുതുറയിൽ പങ്കാളികളായിരുന്നു. നഗരത്തിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിലും നല്ല തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. റമദാനിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കത്തിനായി സ്വദേശികളും വിദേശികളും കുടുംബവുമൊത്തായിരുന്നു ഇത്തരം സ്ഥാപനങ്ങളിൽ എത്തിയിരുന്നത്. റമദാനിനോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചത് സാധാരണക്കാർക്ക് ആശ്വാസമായിട്ടുണ്ട്.ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് മുനിസിപ്പാലിറ്റികളുടെയും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെയും നേതൃത്വത്തിൽ പരിശോധനയും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

