റമദാൻ ഓഫറുകൾ; ജാഗ്രത പാലിക്കണം -സി.പി.എ
text_fieldsവടക്കൻ ശർഖിയയിലെ വാണിജ്യ സ്ഥാപനത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതർ പരിശോധിക്കുന്നു
മസ്കത്ത്: റമദാനോടനുബന്ധിച്ച് വാണിജ്യസ്ഥാപനങ്ങളിലും മറ്റും ഒരുക്കിയ തെറ്റായ പ്രമോഷനൽ ഓഫറുകളിൽ ഉപഭോക്താക്കൾ വീഴരുതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). റമദാൻ സീസൺ മുന്നിൽ കണ്ട് വിവിധ പ്രമോഷനൽ ഓഫറുകളാണ് നിരവധി വാണിജ്യ സ്ഥാപനങ്ങൾ ഒരുക്കിയത്. ഈദുൽ ഫിത്ർ ആകുമ്പോഴേക്കും ഇതിന്റെ തോത് വർധിക്കും. യഥാർഥ കിഴിവുകളും പ്രമോഷനുകളും വാഗ്ദാനം ചെയ്യുന്ന കട ഉടമകളെയും ചില്ലറ വിൽപനക്കാരെയും മനസ്സിലാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സാധനങ്ങൾ പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള ചില കടക്കാരുടെ നീക്കത്തിനെതിരെയും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടക്കുകയാണ്. ഇത്തരത്തിലുള്ള തെറ്റായ പ്രവൃത്തി കണ്ടാൽ വിവരം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിലെ മാധ്യമ വിദഗ്ധൻ ഖാലിദ് ബിൻ അലി അൽ റഷ്ദി പറഞ്ഞു. ഷബീബ റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫറുകളാൽ പ്രലോഭിപ്പിക്കപ്പെടുന്നതിന് മുമ്പ് ഉൽപന്നങ്ങളുടെ സാധുതയും പരിശോധിക്കണം. ഉപഭോക്താക്കൾ ക്രമരഹിതമായ ഷോപ്പിങ് ഒഴിവാക്കണം. ഉൽപന്നങ്ങളുടെ നിർമാണ തീയതി വളരെ പഴയതല്ലെന്ന് ഉറപ്പാക്കണം. ചില സമയങ്ങളിൽ, വളരെക്കാലം മുമ്പ് ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾ റമദാനിൽ പ്രമോഷനൽ ഓഫറുകളായി വിൽപനക്ക് വെക്കാറുണ്ട്.
റമദാനിലും ഈദുൽ ഫിത്റിനും ചെലവുകൾ സന്തുലിതമാക്കുന്നതിനായി ഉൽപന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് ആവശ്യമുള്ള വസ്തുക്കളുടെ ലിസ്റ്റ് തയാറാക്കി വില താരതമ്യം ചെയ്ത് ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം. ഉപഭോക്താവിന് പരിചയമുള്ള മാർക്കറ്റുകളും മാളുകളും സന്ദർശിക്കുക. വിപണി സ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്താക്കൾക്ക് ആവശ്യമായ അളവിൽ സാധനം നൽകുന്നതിനുമായി വിപണി നിരീക്ഷിക്കുന്നത് തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റമദാനിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സി.പി.എ) ഉന്നതതല യോഗം ദിവസങ്ങൾക്ക് മുമ്പ് ചേർന്നിരുന്നു. സി.പി.എ ചെയർമാൻ സലിം ബിൻ അലി അൽ ഹക്മാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവർണറേറ്റുകളിലെ വകുപ്പുകളുടെ ഡയറക്ടർമാർ വിഡിയോ കോൺഫറൻസിങ് വഴി പങ്കെടുത്തു.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാർക്കറ്റ് നിരീക്ഷണം ശക്തിപ്പെടുത്തുന്ന കാര്യം യോഗം ചർച്ച ചെയ്തു.
വിലസ്ഥിരതയും അവശ്യവസ്തുക്കളുടെയും ഭക്ഷ്യവസ്തുക്കളുടെയും ലഭ്യതയും ഉറപ്പാക്കാൻ ഗവർണറേറ്റുകളിൽ സജ്ജീകരിച്ച സംവിധാനങ്ങളും യോഗം വിശകലനം ചെയ്തു. കടകൾ, പഴം, പച്ചക്കറി മാർക്കറ്റുകൾ, കാർ ഏജൻസികൾ, മറ്റ് ബിസിനസുകൾ എന്നിവ നിരീക്ഷിക്കാൻ സി.പി.എ ടീമുകൾ രൂപവത്കരിച്ചിട്ടുണ്ടെന്ന് ഹക്മാനി പറഞ്ഞു.
റമദാനിലെ ദുരുപയോഗങ്ങളും ലംഘനങ്ങളും നിരീക്ഷിക്കുന്നതിനും പ്രമോഷനുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുമായി ടീമുകൾ രാപ്പകലില്ലാതെ പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വടക്കൻ ശർഖിയയിൽ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് വാണിജ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

