റമദാൻ: യമനികൾക്ക് കൈത്താങ്ങുമായി ഒമാൻ
text_fieldsയമനിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്ന ഒ.സി.ഒ സംഘം
മസ്കത്ത്: റമദാൻ മാസത്തിൽ യമനികൾക്ക് കൈത്താങ്ങുമായി ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ). നോമ്പ് തുറക്കുന്നതിനുൾപ്പെടെ 26,400 ഭക്ഷണപ്പൊതികൾ ആണ് നൽകിയത്. 97 ട്രക്കുകളിലായി യമനിലെ അൽ മഹ്റയിലേക്കാണ് എത്തിച്ചതെന്ന് ഒ.സി.ഒ പ്രസ്താവനയിൽ പറഞ്ഞു. യമനിലെ ജനങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിൽ ഒമാൻ രാഷ്ട്രീയമായി എപ്പോഴും മുൻപന്തിയിലാണ്.
എട്ടുവർഷത്തെ സംഘർഷം രാജ്യത്തെ നശിപ്പിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. ഇത്തരം അംഗവൈകല്യം സംഭവിച്ചവർക്ക് ജീവിതത്തിന്റെ നിറങ്ങളിലേക്ക് നടന്നടുക്കാൻ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് കൃത്രിമ കൈകാലുകൾ വെച്ച് നൽകുന്ന സലാലയിലെ അറേബ്യൻ പ്രോസ്തെറ്റിക്സ് സെന്റർ (എ.പി.സി). കൃത്രിമ കൈകാലുകൾ നൽകി ഇതിനകം 900ത്തിൽ അധികം പേരെയാണ് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.
യമനിൽനിന്നുള്ള 16ാമത് ബാച്ചിന്റെ പുനരധിവാസം ഈ വർഷം തുടക്കത്തിൽ പൂർത്തിയായി. അംഗവൈകല്യം സംഭവിച്ച 30പേരായിരുന്നു ക്യാമ്പിൽ പങ്കെടുത്തിരുന്നത്. ജർമൻ പ്രോസ്തെറ്റിക്സ് കമ്പനിയായ ഒട്ടോബോക്കിന്റെ സഹകരണത്തോടെ അംഗവൈകല്യമുള്ളവർക്ക് പുനരധിവാസ സേവനം നൽകുന്ന ചാരിറ്റബിൾ ഓർഗനൈസേഷനാണ് എ.പി.സി. പരിക്കേറ്റ യമനികൾക്ക് സുൽത്താനേറ്റിന്റെ സഹായത്തോടെ മികച്ച പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എ.പി.സി ആരംഭിച്ചത്. 2020ലെ കോവിഡ് സമയത്ത് യമനിലേക്ക് സഹായം എത്തിക്കുന്നതിനുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കേന്ദ്രമായിരുന്നു ഒമാൻ. പി.പി.ഇ കിറ്റ്, ഹാൻഡ് സാനിറ്റൈസർ, ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, എമർജൻസി മെഡിക്കൽ സപ്ലൈസ് തുടങ്ങിയ സാധനങ്ങൾ ഡബ്ല്യു.എഫ്.പി യമനിലേക്ക് എത്തിച്ചു.
ഭക്ഷണം വാങ്ങാൻ 35,000ത്തിലധികം വൗച്ചറുകൾ
മസ്കത്ത്: റമദാനോടനുബന്ധിച്ച് സാധാരണക്കാരായ ഒമാനി കുടുംബങ്ങൾക്ക് ഭക്ഷണം വാങ്ങുന്നതിനായി 35,000 വൗച്ചർ വിതരണം ചെയ്തുവെന്ന് ഒ.സി.ഒ അറിയിച്ചു. ഇഫ്താറിനുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിന് 30 റിയാൽ വിലയുള്ള വൗച്ചറാണ് നൽകിയത്.
ഒ.സി.ഒയുടെ കണക്കനുസരിച്ച് പ്രതിവർഷം ആയിരത്തിലധികം കുടുംബങ്ങൾക്ക് ഇഫ്താർ ഭക്ഷണം ലഭിക്കുന്നുണ്ട്. വ്യത്യസ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈവർഷം 34,919 ദാതാക്കളിൽനിന്ന് 7,00,000 റിയാൽ donate.om പോർട്ടലിലൂടെ കിട്ടിയെന്നും അധികൃതർ അറിയിച്ചു. ഇഫ്താർ സംഭാവന ബാങ്ക് മസ്കത്ത് (0331010930310021), ബാങ്ക് ദോഫാർ (01040609090001), എൻ.ബി.ഒ (1049337798005) എന്നീ അക്കൗണ്ടിലേക്കോ www.donate.om വെബ്സൈറ്റ് വഴിയോ നൽകാമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

