റമദാൻ: അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കി; വില ഉയരില്ല
text_fieldsപ്രതീകാത്മക ചിത്രം. കടപ്പാട്: മെറ്റ എ.ഐ
മസ്കത്ത്: റമദാൻ പടിവാതിൽക്കൽ എത്തിനിൽക്കെ ഉൽപനങ്ങളുടെ വിലക്കയറ്റം തടയാനും വിപണിയിൽ അവശ്യ വസ്തുക്കളടെ ലഭ്യത ഉറപ്പാക്കാനും നടപടിയുമായും അധികൃതർ. കഴിഞ്ഞ ദിവസങ്ങളിലായി മാർക്കറ്റുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് ഇരട്ടിയാകും. ഇത് നിറവേറ്റുന്നതിനായി മാസം മുഴുവൻ ഭക്ഷ്യവസ്തുക്കൾ ലഭ്യവും താങ്ങാനാവുന്നതുമാണെന്ന് ഉറപ്പാക്കാൻ വിവിധ പങ്കാളികൾ സജീവമായി പ്രവർത്തിക്കുന്നണ്ടെന്ന് അധികൃതർ അറിയിച്ചു.
പഴം, പച്ചക്കറികൾ പോലുള്ള അവശ്യവസ്തുക്കളുടെ ആവശ്യകതയിൽ കുത്തനെ വർധനവാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ഉൽപന്നങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കാനും തയാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്ന് സെൻട്രൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റിലെ (സിലാൽ) ഓപ്പറേഷൻസ് ഡയറക്ടർ ഉസ്മാൻ ബിൻ അലി അൽ ഹതലി പറഞ്ഞു.
ഫെബ്രുവരി 10 മുതൽ 17 വരെ, മൊത്തം 236 ട്രക്കുകൾ 5,970 ടൺ ഇറക്കുമതി ചെയ്ത പഴങ്ങളും പച്ചക്കറികളും എത്തിച്ചു. അതേസമയം 3,160 ടൺ പ്രാദേശിക കാർഷിക ഉൽപന്നങ്ങളും എത്തിയെന്നും അദ്ദേഹം പറഞ്ഞു. മാർക്കറ്റിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി സമയക്രമീകരിച്ചിട്ടുമുണ്ട്. മൊത്തവ്യാപാര സാധനങ്ങളുമായി ട്രക്കുകൾ പുലർച്ച നാല് മുതൽ ഉച്ചക്ക് രണ്ടുവരെ മാർക്കറ്റിൽ പ്രേവശേിക്കുന്നതാണ്. പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ രണ്ട് ഷിഫ്റ്റുകളായി സ്വീകരിക്കും. പുലർച്ചെ നാല് മുതൽ ഉച്ചക്ക് ഒരുമണിവരെയും വൈകുന്നേരം അഞ്ച് മുതൽ രാത്രി 11 വരെയുമാണ് ഇതിന്റെ സമയം.
വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ ഇങ്ങനെയാണ് വാഹനങ്ങളുടെ ക്രമീകരണങ്ങൾ ഉറപ്പാക്കിയിരിക്കുന്നത്. ഈ ലോജിസ്റ്റിക് ശ്രമങ്ങൾക്ക് പുറമേ, ആരോഗ്യത്തിനും സുരക്ഷക്കും മാർക്കറ്റ് മുന്തിയ പരിഗണന നൽകുന്നുണ്ട്. സിലാലിന്റെ ടീം ശുചിത്വ മാനദണ്ഡങ്ങൾ നിരന്തരം നിരീക്ഷിക്കുകയും റോയൽ ഒമാൻ പൊലീസ്, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് സ്ഥിരതയുള്ള വിപണി നിലനിർത്താൻ സഹായിക്കുന്നു.
180ലധികം ഉൽപന്ന സാമ്പിളുകൾ ഇതിനകം സുരക്ഷക്കായി പരീക്ഷിച്ചു. ഇത് ഉപഭോക്താക്കൾക്ക് ഉൽപന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നു.റമദാനിൽ വിപണി സ്ഥിരത നിലനിർത്തുന്നതിനായി, ദോഫാർ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഡയറക്ടറേറ്റ് ജനറൽ ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
സാധനങ്ങളുടെ വില നിരീക്ഷിക്കൽ, കാലഹരണപ്പെട്ട സാധനങ്ങൾ നിയന്ത്രിക്കൽ, തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനൽ ഓഫറുകൾ തടയുന്നതിന് മാർക്കറ്റ് സർവേകൾ നടത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആരോഗ്യ അധികാരികളും ജാഗ്രത പുലർത്തുന്നുണ്ട്. ദോഫാർ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വകുപ്പ് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ പരിശോധനാ കാമ്പയിനുകൾ ആരംഭിച്ചു. മാംസ വിൽപന, ബേക്കറികൾ, റസ്റ്റാറന്റുകൾ തുടങ്ങിയ മേഖലകളിലാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. ഭക്ഷ്യ സ്ഥാപനങ്ങൾ ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും എല്ലാ ഉപഭോക്താക്കൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാംസത്തിന്റെയും മത്സ്യത്തിന്റെയും സ്ഥിരമായ വിതരണം കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയവും ഉറപ്പാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ, പശുക്കൾ, ചെമ്മരിയാടുകൾ, ആടുകൾ എന്നിവയുൾപ്പെടെ 169,200 കന്നുകാലികളെ സുൽത്താനേറ്റ് ഇറക്കുമതി ചെയ്തു. പ്രതികൂല കാലാവസ്ഥ ഉണ്ടായാലും വിപണിയിൽ മത്സ്യം തുടർന്നും ലഭ്യമാകും. ചെറുതും വലുതുമായ ഷോപ്പിങ് സെന്ററുകളിൽ വില കൃത്രിമത്വം തടയുന്നതിനും ഭക്ഷണ വിലകൾ നിരീക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ഊർജിതമാക്കിയിട്ടുണ്ട്.
റമദാൻ പ്രമോഷനുകളുമായി ബന്ധപ്പെട്ട വഞ്ചനാപരമായ പരസ്യങ്ങൾ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. തെറ്റായ പരസ്യങ്ങളാൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അതോറിറ്റി ബോധവത്ക്കരണ കാമ്പയ്നുകൾ നടത്തുന്നുണ്ട്. കൂടാതെ, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ പിന്തുണക്കുന്നതിനായി, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സി.പി.എ ‘റമദാൻ ബാസ്ക്കറ്റ്’ സംരംഭം ആരംഭിച്ചു. ഈ പുണ്യമാസത്തിൽ കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാൻ സഹായിക്കുന്ന തരത്തിൽ ഭക്ഷണ കൊട്ടകൾ നൽകുന്നു.
വിലക്കയറ്റം തടയുന്നതിനും എല്ലാവർക്കും ന്യായമായ വില ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഉഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

