Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറമദാൻ നോമ്പിന്റെ...

റമദാൻ നോമ്പിന്റെ നേർക്കാഴ്ച

text_fields
bookmark_border
റമദാൻ നോമ്പിന്റെ നേർക്കാഴ്ച
cancel
camera_alt

സന്തോഷ് ഗംഗാധരൻ, സുഹാർ 

ഓരോ മാസവും കിട്ടുന്ന ഒഴിവ് ദിവസങ്ങളെ ഉറ്റുനോക്കിയിരിക്കുന്ന സമയമാണ് സ്കൂളിൽ പഠിക്കുന്ന കാലം. ഭാരതത്തിന്റെ മതനിരപേക്ഷത ഏറ്റവും അധികം കടാക്ഷിച്ചിരുന്നത് സ്കൂൾ കുട്ടികളെയാണ്. എന്തെന്നാൽ എല്ലാ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും അവധി. സന്തോഷമേകുന്ന ദിനങ്ങൾ.അന്നെല്ലാം റമദാൻ, ബക്രീദ് പെരുന്നാളുകൾ എല്ലാവരെയും പോലെ അവധി ആഘോഷിക്കാനുള്ള സമയമായിരുന്നു. അതിൽ കൂടുതൽ അതിനെ പറ്റി അറിവില്ലായിരുന്നു. അറിയാൻ ശ്രമിച്ചിരുന്നുമില്ല.

പിന്നീട് ഒമാനിൽ ജോലി കിട്ടി വന്നതിന് ശേഷമാണ് റമദാന്റെ വിശേഷങ്ങൾ അറിയാൻ തുടങ്ങിയത്. കൂടെ ജോലി ചെയ്യുന്നവരിൽ നിന്നും നല്ലവരായ ഒമാനി സുഹൃത്തുക്കളിൽ നിന്നും പലതും പഠിച്ചു. റമദാൻ എന്നത് ഹിജ്റ വർഷത്തിലെ ഒരു പരിശുദ്ധമാസമാണെന്നും ആ മാസം ഉടനീളം അനുഷ്ഠിക്കുന്ന വ്രതത്തിന്റെ അന്ത്യത്തിൽ ആഘോഷിക്കുന്ന പെരുന്നാളിനെയാണ് സ്കൂളിൽ പഠിക്കുമ്പോൾ ‘റംസാൻ’ എന്ന പേരിൽ ഒരു ദിവസത്തെ ഒഴിവിന്റെ ആഘോഷമാക്കി മാറ്റിയിരുന്നതെന്നും മനസ്സിലാക്കുന്നത് ഇവിടെ വന്നതിന് ശേഷമാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവുകയില്ല.

നോമ്പ് നോൽക്കുന്നവരുടെ മുന്നിൽ വച്ച് ആഹാരം കഴിക്കരുതെന്ന ഒരു സാമാന്യബോധം എല്ലാവരിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഓഫിസിൽ സാധാരണ എന്നും കൊണ്ടുവന്നിരുന്ന ഉച്ചഭക്ഷണം വേണ്ടെന്ന് വെക്കുകയാണ് ചെയ്തത്. ഞങ്ങളുടെ ഓഫിസ് ബോയ് മാമൂൺ എന്ന് പേരുള്ള ഒരു ബംഗ്ലാദേശി ചെറുപ്പക്കാരനായിരുന്നു. നോമ്പ് സമയം ആയതിനാൽ ഉച്ചക്ക് രണ്ടു വരെയായിരുന്നു നോമ്പ് നോൽക്കുന്നവരുടെ ജോലി സമയം. ഓഫിസ് ബോയിക്കും അത് കഴിഞ്ഞാൽ റൂമിൽ പോകാം. ബാക്കിയുള്ളവർക്ക് വൈകുന്നേരം വരെ ജോലി ചെയ്യണമായിരുന്നു. അവരെല്ലാം വീട്ടിൽ നിന്നോ ക്യാമ്പിൽ നിന്നോ കൊണ്ടുവരുന്ന ആഹാരം കാന്റീനിൽ പോയിരുന്ന് കഴിക്കുമായിരുന്നു. അവിടം വരെ പോകാനുള്ള മടി കാരണം ഞാൻ ഉച്ചഭക്ഷണം വേണ്ടെന്ന് വെച്ചിരിക്കുകയായിരുന്നു.

അന്നൊരു ദിവസം ഉച്ചക്ക് പോകുന്നതിന് മുമ്പ് മാമൂൺ എന്റെ മുറിയിൽ വന്നു. എന്നോടൊന്നും പറയാതെ അയാൾ മീറ്റിങ് ടേബിളിന്റെ മുകളിൽ പ്ലേറ്റും ഗ്ലാസ്സുമെല്ലാം നിരത്തി. കൈയിലിരുന്ന പൊതിയഴിച്ച് അവിടെ വച്ചു. എന്നിട്ട് എന്നോട് അവിടെ വന്നിരിക്കാൻ പറഞ്ഞു. എന്താ കാര്യമെന്നറിയാൻ കസേരയിൽ നിന്നെഴുന്നേറ്റ് നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. തുറന്നുവച്ച പൊതിയിൽ ബിരിയാണി. ഞാൻ വെജിറ്റേറിയൻ ആണെന്ന് അറിവുള്ളതിനാൽ വെജിറ്റേറിയൻ ബിരിയാണി തന്നെ വാങ്ങി വന്നിരിക്കുന്നു.

എന്താണ് വിശേഷമെന്ന് ചോദിച്ചപ്പോൾ മാമൂൺ പറയുകയാണ്, “ഞാൻ നോമ്പ് നോൽക്കുന്ന കാരണം സർ ഉച്ചയൂണ് ഉപേക്ഷിച്ചിരിക്കുയാണെന്ന് എനിക്കിന്നാണ് മനസ്സിലായത്. എനിക്ക് വേണ്ടി സർ ഊണ് കഴിക്കാതിരിക്കേണ്ട കാര്യമില്ല. എന്റെ മുന്നിലിരുന്ന് തന്നെ സർ ആഹാരം കഴിക്കണം. എനിക്കത് കൊണ്ട് ഒരു പ്രയാസവുമില്ല. നോമ്പ് നോൽക്കുന്ന ആൾ ഒരു പ്രലോഭനങ്ങൾക്കും വശംവദരരാകരുതെന്നാണ് ഞാൻ പഠിച്ചിരിക്കുന്നത്. ഇന്ന് മുതൽ സർ പതിവുപോലെ വീട്ടിൽ നിന്നും ആഹാരം കൊണ്ടുവരണം. ഞാൻ തന്നെ എന്നും ഉച്ചക്ക് ആഹാരം എടുത്ത് തരുകയും ചെയ്യും. റമദാൻ നാളുകളിൽ സർ വേണ്ടെന്ന് വച്ച ചായയും ഞാൻ ഉണ്ടാക്കി തരുന്നുണ്ട്.”

സത്യത്തിൽ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. തസ്തിക ഓഫിസ് ബോയിയുടെ ആയിരുന്നെങ്കിലും മാമൂണിന്റെ അറിവ് നമ്മളിൽ നിന്നെല്ലാം ഉയർന്നതലത്തിലാണെന്ന് അപ്പോൾ എനിക്ക് മനസ്സിലായി. ഞാൻ മാമൂണിനെ ഒന്ന് കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞിട്ട് ആഹാരം കഴിക്കാനിരുന്നു.ഞാൻ ആഹാരം കഴിച്ച് തീരുവോളം അയാൾ അവിടെ നിന്ന് എന്നോട് റമദാൻ മാസത്തെ നോമ്പിന്റെ വിവിധ ഗുണങ്ങളെ പറ്റി വാ തോരാതെ സംസാരിക്കുകയായിരുന്നു.

ഇതെല്ലാം അറിയാമായിരുന്നിട്ടും അറിയാതിരുന്ന എന്റെ ഉപബോധമണ്ഡലത്തിൽ മാമൂണിന്റെ വാക്കുകൾ അസ്ത്രം പോലെ തുളച്ചുകയറുകയായിരുന്നു. ചെറുപ്പമാണെങ്കിലും ഏറെ വകതിരിവുള്ള പയ്യൻ. ചെറുപ്രായത്തിൽ തന്നെ പലതും കേട്ടും കണ്ടും കൊണ്ടും അറിഞ്ഞുവച്ചിരിക്കുന്നു. ഞാനയാളെ മനസ്സാ അഭിനന്ദിച്ചു. പരിശുദ്ധ റമദാൻ നോമ്പിന്റെ നേർക്കാഴ്ചയായിരുന്നു എന്റെ കൺമുന്നിൽ തെളിഞ്ഞിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsramadanOman News
News Summary - ramadan
Next Story